പന്നിയിറച്ചി നന്നായി വേവിക്കാതെ കഴിച്ചയാളുടെ തലച്ചോറില്‍ നാടവിര
- Published by:Vishnupriya S
- news18-malayalam
Last Updated:
കടുത്ത തലവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 52 കാരന്റെ തലച്ചോറില്‍ നിന്ന് നാടവിരകളും മുട്ടകളും കണ്ടെത്തിയത്
കടുത്ത തലവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 52 കാരനായ അമേരിക്കന്‍ സ്വദേശിയുടെ തലച്ചോറില്‍ നിന്ന് നാടവിരകളെയും മുട്ടകളും കണ്ടെത്തി. ശരിയായി വേവിക്കാത്തത പന്നിയിറച്ചി കഴിച്ചതാണ് അപൂര്‍വമായ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമേരിക്കന്‍ ജേണല്‍ ഓഫ് കേസ് റിപ്പോര്‍ട്‌സിലാണ്ഈ അവസ്ഥയെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. ദൈനംദിന ഭക്ഷണക്രമത്തില്‍ ഒളിഞ്ഞിരിക്കുന്ന അപ്രതീക്ഷിത അപകടങ്ങളെക്കുറിച്ച് ഇത് അടിവരയിടുന്നു. ഫ്‌ളോറിഡ സ്വദേശിയായ രോഗി നാല് മാസത്തോളമാണ് കടുത്ത തലവേദനയുമായി ബുദ്ധിമുട്ട് അനുഭവിച്ചത്.
എന്നാല്‍, കഠിനമായ തലവേദനയുടെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് ആദ്യം കഴിഞ്ഞിരുന്നില്ല. സാധാരാണയുണ്ടാകാറുള്ള മൈഗ്രേന്‍ ആണെന്ന് അവര്‍ കരുതി. എന്നാല്‍, പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് തലച്ചോറിനുള്ളിലെ നാടവിരകളുടെ സാന്നിധ്യം കണ്ടെത്തിയത്. രോഗിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മയമുള്ള പന്നിയിറച്ചി കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഇദ്ദേഹമെന്നും അതാണ് ഇത്തരമൊരു അവസ്ഥയിലേക്ക് ഇയാളെ കൊണ്ടെത്തിച്ചതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. പന്നിയിറച്ചിയോടുള്ള താത്പര്യം മാത്രമല്ല അദ്ദേഹത്തെ അപകടത്തിലാക്കിയതെന്നും അവര്‍ പറഞ്ഞു.
advertisement
ശരിയായ രീതിയില്‍ പാകം ചെയ്ത് പന്നിയിറച്ചി കഴിക്കാത്തത് മൂലം അവയിലെ നാടവിരകള്‍ക്ക് അനുയോജ്യമായ പ്രജനന കേന്ദ്രമാണ് രോഗിയുടെ ശരീരത്തിൽ സൃഷ്ടിക്കപ്പെട്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. രോഗിയുടെ തലച്ചോറിന്റെ രണ്ടു ഭാഗത്തും മുഴകള്‍ രൂപപ്പെട്ടു. നാടവിരകളുടെ മുട്ടകളാണ് ഇതിന് കാരണം. വിര നിര്‍മാര്‍ജന മരുന്നായ ആല്‍ബെന്‍ഡാസോള്‍ ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങി രണ്ടാഴ്ചയ്ക്ക് ശേഷം രോഗി ആരോഗ്യം വീണ്ടെടുത്തു. ന്യൂറോസിസ്റ്റിസെര്‍കോസിസ് എന്ന അപൂര്‍വമായ രോഗമാണ് ഇയാള്‍ക്കെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി.
നാടവിരയുടെ മുട്ടകള്‍ തലച്ചോറിലും മറ്റ് ശരീരഭാഗങ്ങളിലും ബാധിക്കുകയും ഗുരുതരമായ നാഡിരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. സാധാരണ ഇത്തരത്തിലുള്ള അഞ്ചില്‍ നാല് കേസുകളിലും അപസ്മാരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.ഇത്തരം കേസുകള്‍ യുഎസില്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറ്. അതിനാല്‍ ഇതിനോടകം തന്നെ സംഭവം ആരോഗ്യമേഖലയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ന്യൂറോസിസ്റ്റിസെര്‍ക്കോസിസിനെ ചികിത്സയിലൂടെ പ്രതിരോധിക്കാമെങ്കിലും ആശങ്കയുണ്ടാക്കുന്നതാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) പറയുന്നു. ആളുകള്‍ ശുചിത്വം പാലിക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയാല്‍, പ്രത്യേകിച്ച് ടോയ്‌ലറ്റ് ഉപയോഗത്തിന് ശേഷം, വീടുകളില്‍ വിരകള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 12, 2024 5:08 PM IST