ന്യൂയോർക്ക്: യുഎസ് ടിക് ടോക്ക് താരം കാര സാന്റോറെല്ലി വാഹനാപകടത്തിൽ മരിച്ചു. മാർച്ച് പതിനേഴിനാണ് അപകടം നടന്നത്. ഫ്‌ളോറിഡയിൽ വച്ച് നടന്ന വാഹനാപകടത്തിലാണ് കാര മരിച്ചത്. ഫ്‌ളോറിഡയിലെ എസ്‌കാംപിയ കൗണ്ടിയിൽ നിന്ന്കാറിൽ യാത്ര ചെയ്യുകയായിരുന്നു കാര. നിസാൻ എസ് യു വിയാണ് കാര ഓടിച്ചിരുന്നത്. കാരയുടെ കാറിലേക്ക് എതിർദിശയിൽ നിന്ന് വന്ന കാർ വന്നിടിച്ചാണ് അപകടമുണ്ടായത്. വാഹനങ്ങളുടെ ഇടിയിൽ ഒരു കാറിന് തീപിടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്നവർ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് റിപ്പോർട്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വാഹനാപകടത്തിൽ പെടുന്നവരെ വിമർശിച്ച് കാര വീഡിയോ ഷെയർ ചെയ്തത്. അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവരാണ് അപകടത്തിൽ പെടുന്നത് എന്നായിരുന്നു കാര വീഡിയോയിലൂടെ പറഞ്ഞത്. സുരക്ഷിതമായ ഡ്രൈവിംഗിന് ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ചാണ് താൻ ഡ്രൈവ് ചെയ്യുന്നതെന്നും കാര വീഡിയോയിലൂടെ പറഞ്ഞിരുന്നു.
എല്ലാവരും തന്നെ ഒരു മോശം ഡ്രൈവറായിട്ടാണ് കാണുന്നത്. എന്നാൽ താൻ ഇതുവരെ ഒരു വാഹനത്തെ പോലും ഇടിച്ച് അപകടമുണ്ടാക്കിയിട്ടില്ലെന്നും കാര വീഡിയോയിൽ പറഞ്ഞിരുന്നു. കാറിലിരുന്ന് എടുത്ത ഈ വീഡിയോ നിരവധി പേരാണ് കണ്ടത്.
അതേസമയം കാരയുടെ മരണത്തിൽ ആകെ തകർന്നിരിക്കുകയാണ് സുഹൃത്തുക്കളും കുടുംബവും. എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കാന്‍ കാര ആഗ്രഹിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. കാരയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മരണത്തിൽ തങ്ങൾ തകർന്നുപോയി എന്നാണ് കാരയുടെ ആന്റി ഗിന സൗത്ഹാർഡ് അറിയിച്ചത്. കാരയെ താൻ ഏറെ സ്‌നേഹിക്കുന്നുവെന്നാണ് കാരയുടെ അമ്മ ഫേസ്ബുക്കിൽ കുറിച്ചത്.
Also Read-റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴിയാത്രക്കാരിയെ ഇടിച്ചശേഷം കാര്‍ മരത്തിലിടിച്ചു; രണ്ട് മരണം
കാര ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിന്റെ ഉടമയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. കാരയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും വളരെ ശക്തമായ വ്യക്തിത്വത്തിന് ഉടമായായിരുന്നു കാര എന്നുമാണ് റെസ്റ്റോറന്റ് ഉടമയായ ജിമ്മി ഗ്രിൽ പറഞ്ഞത്. ഏത് സാഹചര്യത്തിലും എല്ലാവരെയും ചിരിപ്പിക്കാൻ കഴിയാൻ അറിയുന്ന വ്യക്തിയായിരുന്നു കാരയെന്നും അദ്ദേഹം ഓർത്തെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Tik Tok