ഗൾഫ് രാജ്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണം; യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം
- Published by:Sarika N
- news18-malayalam
Last Updated:
15 അംഗ സമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഇറാൻ്റെ സഖ്യകക്ഷികളായ ചൈനയും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി. ഇറാൻ്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള സമാധാനത്തിന് ഗുരുതരമായ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. 15 അംഗ സമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഇറാൻ്റെ സഖ്യകക്ഷികളായ ചൈനയും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിനെയോ തടയുന്നതിനെയോ ലക്ഷ്യം വെച്ചുള്ള ഇറാൻ്റെ നീക്കങ്ങളെയും യുഎൻ കർശനമായി അപലപിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഊർജ്ജ സുരക്ഷയ്ക്കും തന്ത്രപ്രധാനമായ ഈ മേഖലയിലെ സ്ഥിരത തകർക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ബഹ്‌റൈൻ അംബാസഡർ ജനാൽ അൽറോവായ് വ്യക്തമാക്കി.
advertisement
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട അമേരിക്ക-ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് പ്രമേയത്തിൽ പരാമർശമില്ലാത്തതിനെ റഷ്യയും ചൈനയും വിമർശിച്ചു. അന്താരാഷ്ട്ര കാര്യങ്ങളിൽ അറിവില്ലാത്ത ഒരാൾ ഈ പ്രമേയം വായിച്ചാൽ, ഇറാൻ യാതൊരു പ്രകോപനവുമില്ലാതെ അറബ് രാജ്യങ്ങളെ ആക്രമിക്കുകയാണെന്നേ കരുതുകയുള്ളൂ എന്ന് റഷ്യൻ അംബാസഡർ വസിലി നെബെൻസിയ പറഞ്ഞു.
ഫെബ്രുവരി 28-ലെ അമേരിക്ക-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച യുദ്ധം ഗൾഫ് മേഖലയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമേരിക്കൻ സൈനിക താവളങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും എനർജി പ്ലാന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്.
advertisement
ലോകത്തിലെ എണ്ണ-വാതക കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് ഏറ്റെടുത്തതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ഖത്തറും സൗദി അറേബ്യയും തങ്ങളുടെ ഉൽപ്പാദനം നിർത്തിവെക്കാൻ നിർബന്ധിതരായി. ഈ പ്രതിസന്ധി മറികടക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര എണ്ണശേഖരം വിപണിയിലിറക്കാൻ അന്താരാഷ്ട്ര ഊർജ്ജ ഏജൻസി തീരുമാനിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 12, 2026 7:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഗൾഫ് രാജ്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണം; യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം










