നേപ്പാള്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധിച്ചത് എന്തുകൊണ്ട്? കടുത്ത പ്രതിഷേധവുമായി ജെന്‍സികള്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ളവയ്‌ക്കെല്ലാം സര്‍ക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ച നിരോധനമേര്‍പ്പെടുത്തിയിരുന്നു
കഴിഞ്ഞയാഴ്ച നേപ്പാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരേ പുതുതലമുറയില്‍പ്പെട്ട പതിനായിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തിങ്കളാഴ്ച തെരുവിലിറങ്ങിയത് . ഇത് ഒരു ജെന്‍സി വിപ്ലവുമായി കണക്കാക്കപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ളവയ്‌ക്കെല്ലാം സര്‍ക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ച നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇവ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് സര്‍ക്കാര്‍ ഇവയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്.
പിന്നാലെ ജെന്‍സി തലമുറയിൽപ്പെട്ടവർ കൂട്ടത്തോടെ തെരുവിലിറങ്ങി. ആയിരക്കണക്കിന് യുവ പ്രതിഷേധക്കാര്‍ കാഠ്മണ്ഡുവിലെ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഈ അടുത്തകാലത്ത് യുവാക്കള്‍ നയിക്കുന്ന നേപ്പാളിലെ ഏറ്റവും വലിയ പ്രതിഷേധമായി ഇത് മാറി. പ്രതിഷേധക്കാര്‍ പാര്‍ലമെന്റുകളിലേക്ക് ഇരച്ചുകയറുകയും പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു.
തിങ്കാള്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്ത് മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ അടിയന്തിര സുരക്ഷായോഗം വിളിച്ചു ചേര്‍ത്തു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്ക് പുറത്ത് സൈന്യത്തെ വിന്യസിച്ചു.
advertisement
സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കാന്‍ കഴിയിലുന്നില്ലെന്ന് ഭൂരിഭാഗം ഉപയോക്താക്കളും റിപ്പോര്‍ട്ട് ചെയ്തു. എന്തോ കുഴപ്പം സംഭവിച്ചുവെന്നും ബ്രൗസറുകള്‍ വഴി ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ലെന്ന് കാണിക്കുന്നതായും അവര്‍ പറഞ്ഞു. ഇത് ജെന്‍സികള്‍ കടുത്ത നിരാശയ്ക്ക് കാരണമായി.
ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്‌കോര്‍ഡ്, പിന്‍ട്രെസ്റ്റ്, സിഗ്നല്‍, ത്രെഡ്‌സ്, വീചാറ്റ്, ക്വോറ, ടംബ്ലര്‍, ക്ലബ്ഹൗസ്, റംബിള്‍, മി വീഡിയോ, മി വൈക്ക്, ലൈന്‍, ഐഎംഒ, ജാലോ, സോള്‍, ഹംറോ പാട്രോ എന്നിവയുള്‍പ്പെട്ട പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ആശയവിനിയമ പ്ലാറ്റ്‌ഫോമുകളും രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ ബ്ലോക്ക് ചെയ്യപ്പെടും.
advertisement
പ്രതിഷേധത്തിന് ആളുകളെക്കൂട്ടാന്‍ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ബദല്‍ പ്ലാറ്റ്‌ഫോമുകളാണ് ജെന്‍സികള്‍ പ്രയോജനപ്പെടുത്തിയത്. മൈതിഘര്‍ മണ്ഡലയില്‍ നിന്ന് പാര്‍മെന്റ് മന്ദിരത്തിലേക്ക് നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് യുവാക്കളാണ് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി അണി നിരന്നത്.
നേപ്പാള്‍ സോഷ്യല്‍ മീഡിയ നിരോധിച്ചത് എന്തുകൊണ്ട്?
രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളും എത്രയും പെട്ടെന്ന് തന്നെ നിരോധിക്കപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 28 മുതല്‍ ഏഴ് ദിവസത്തെ സമയപരിധിയാണ് കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച രാത്രി ഈ സമയപരിധി അവസാനിച്ചു. മെറ്റാ(ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്), ആല്‍ഫബെറ്റ്(യുട്യൂബ്)എക്‌സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇന്‍ എന്നിവ ഉള്‍പ്പെടെയുള്ള ആഗോള പ്ലാറ്റ്‌ഫോമുകളൊന്നും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ല.
advertisement
ടിക് ടോക്ക്, വൈബര്‍, വിത്ക്, നിംബൂസ്, പോപോ ലൈവ് എന്നിവ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ടെലിഗ്രാം, ഗ്ലോബല്‍ ഡയറി എന്നിവ പ്രക്രിയ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാത്തവ പ്രവര്‍ത്തനരഹിതമാക്കാന്‍ മന്ത്രാലയം നേപ്പാള്‍ ടെലികമ്യൂണിക്കേഷന്‍സ് അതോറിറ്റിയോട് നിര്‍ദേശിച്ചു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ അതേദിവസം തന്നെ പുനഃസ്ഥാപിക്കുമെന്ന് വക്താവ് ഗജേന്ദ്ര കുമാര്‍ ഠാക്കൂര്‍ പറഞ്ഞു.
വിദേശത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് നേപ്പാള്‍ സ്വദേശികളുടെ ആശയവിനിമയത്തെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. എഴുപത് ലക്ഷത്തിലധികം യുവാക്കള്‍ ഉന്നതപഠനമോ ജോലിയോയായി ബന്ധപ്പെട്ട് നേപ്പാളിന് പുറത്ത് താമസിക്കുന്നുണ്ട്. ഇത് നാട്ടിലെ കുടുംബാംഗളുമായും സുഹൃത്തുക്കലുമായും ഉള്ള അവരുടെ ആശയവിനിമയത്തെ നേരിട്ട് ബാധിക്കും, ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തനകായ പ്രഹ്ലാദ് റിജാല്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
advertisement
യുവാക്കളുടെ പ്രതിഷേധം എന്തിന്?
നേപ്പാളിലെ യുവാക്കളുടെ പ്രതിഷേധത്തിന് കാരണം സോഷ്യല്‍ മീഡിയ നിരോധനം മാത്രമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള കടുത്ത നിരാശയും പ്രതിഷേധത്തിന് പിന്നിലുണ്ട്. അഴിമതിയും സേച്ഛാധിപത്യവും നേതൃത്വത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും എന്നിവയെല്ലാം ഇതിന് കാരണമായിട്ടുണ്ട്. 'സോഷ്യല്‍ മീഡിയയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം അവസാനിപ്പിക്കു, സോഷ്യല്‍ മീഡിയ അല്ല മറിച്ച് അഴിമതി അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി നേപ്പാള്‍ ദേശീയ പതാകയും വീശി ജനക്കൂട്ടം തെരുവിലിറങ്ങുകയായിരുന്നു.
നേപ്പാളില്‍ സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് 24കാരനായ വിദ്യാര്‍ത്ഥി യുജന്‍ രാജ്ഭണ്ഡാരി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
advertisement
സര്‍ക്കാരിന്റെ സേച്ഛാധിപത്യ മനോഭാവത്തിനെതിരെയാണ് പ്രതിഷേധിക്കുന്തെന്ന് 20 വയസ്സുള്ള മറ്റൊരു വിദ്യാര്‍ഥിയായ ഇക്ഷാമ തുംറോക്ക് പറഞ്ഞു.
''ഒരു മാറ്റം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ ഇത് സഹിച്ചു. പക്ഷേ, ഇത് നമ്മുടെ തലമുറയില്‍ അവസാനിപ്പക്കണം,'' അവര്‍ പറഞ്ഞു.
അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനൊപ്പം ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ടുമാണ് നിരവധിപേര്‍ സമരം ചെയ്യുന്നത്. ''വിദേശരാജ്യങ്ങളില്‍ അഴിമതിക്കെതിരേ പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെയും അത് സംഭവിക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു,'' പ്രതിഷേധക്കാരിയായ ഭൂമിക ഭാരതി പറഞ്ഞു. സംഘടിതമായ പ്രവര്‍ത്തനങ്ങളുടെ ശക്തിയെ നേപ്പാള്‍ സര്‍ക്കാര്‍ ഭയക്കുന്നതായും പുതുതലമുറ ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നുമുള്ള നേപ്പാളിലെ യുവ തലമുറയ്ക്കിടയില്‍ വളരുന്ന വിശ്വാസത്തിന് അടിവരയിടുന്നതാണ് അവരുടെ ഈ വാക്കുകള്‍.
advertisement
ജെന്‍സി വിപ്ലവം എന്നറിയപ്പെടുന്ന യുവാക്കളുടെ പ്രതിഷേധം അഴിമതിയിലും വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിലുമുള്ള ആഴമേറിയ നിരാശയില്‍ വേരൂന്നിയതാണെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഒരു നിര്‍ണായകമായ ഘടകമായി മാറുകയായിരുന്നു.
പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പറയുന്നത് എന്ത്?
രജിസ്റ്റര്‍ ചെയ്യാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ചതിനെ ന്യായീകരിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രംഗത്തെത്തി. നിരവധി സംഘടനകളില്‍ നിന്ന് എതിര്‍പ്പ് വര്‍ധിച്ചുവരുന്നുണ്ടെങ്കിലും രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമവും ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി എല്ലായ്മപ്പോഴും അധാര്‍മികതയ്ക്കും ധാര്‍ഷ്ട്യത്തിനെതിരെയും നിലകൊള്ളുമെന്നും രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയും ഒരിക്കലും അംഗീകരിക്കില്ലെന്നും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
''രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം ഒരുകൂട്ടം വ്യക്തികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ വലുതാണ്. നിയമത്തെ ധിക്കരിക്കുന്നതും ഭരണഘടനയെ അവഗണിക്കുന്നതും ദേശീയ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അനാദരിക്കുന്നതും എങ്ങനെ സ്വീകരിക്കാന്‍ കഴിയും,'' അദ്ദേഹം ചോദിച്ചു.
നേപ്പാളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത് ഇതാദ്യമല്ല. സാമൂഹിക ഐക്യം, സൗഹാര്‍ദം, അസഭ്യമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കല്‍ എന്നിവ ആരോപിച്ച് 2023ല്‍ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പ്രാദേശിക നിയമങ്ങള്‍ പാലിക്കുമെന്ന് ടിക് ടോക്ക് അധികൃതര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നിരോധനം നീക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 08, 2025 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നേപ്പാള്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധിച്ചത് എന്തുകൊണ്ട്? കടുത്ത പ്രതിഷേധവുമായി ജെന്‍സികള്‍