Keerthy Suresh | 37 വർഷത്തിൽ മാറാത്ത പാരമ്പര്യം; കീർത്തി സുരേഷിന്റെ വിവാഹവും ആഭരണങ്ങളും പേറുന്ന മൂല്യങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
മേനകയുടെയും സുരേഷ് കുമാറിന്റെയും, ഇളയമകൾ കീർത്തിയുടെയും ആന്റണി തട്ടിലിന്റെയും വിവാഹങ്ങൾ തമ്മിൽ അന്തരമുണ്ട്, സമാനതകളും
മലയാള ചലച്ചിത്ര നടി പത്മാവതി അയ്യങ്കാർ എന്ന് പറഞ്ഞാൽ, ആർക്കും മനസ്സിലായെന്നു വരില്ല. 1981ൽ ഒപ്പോളായതു മുതൽ പ്രേക്ഷകർ പരിചയിച്ചത് പത്മാവതിയെ അല്ല, മേനകയെ ആയിരുന്നു. നാഗർകോവിലിൽ അയ്യങ്കാർ കുടുംബത്തിൽ ജനിച്ചു വളർന്ന മേനക മലയാള സിനിമയിൽ എത്തിയപ്പോൾ പേര് മാറ്റുകയായിരുന്നു. 1987ൽ മേനകയുടെയും (Menaka Sureshkumar) നിർമാതാവായ ഭർത്താവ് സുരേഷ് കുമാറിന്റെയും, (Suresh Kumar) കഴിഞ്ഞ ദിവസം നടന്ന മകൾ കീർത്തി സുരേഷിന്റെയും (Keerthy Suresh) വിവാഹങ്ങൾ തമ്മിൽ ഗുരുവായൂർ മുതൽ ഗോവ വരെയുള്ള ദൂരം മാത്രമല്ല, 37 വർഷങ്ങളുടെ അന്തരം കൂടിയുണ്ട്. എന്നിരുന്നാലും പാരമ്പര്യത്തെ മുറുകെപ്പിടിക്കാൻ ഇരുകൂട്ടരും മറന്നില്ല എന്ന സമാനതയുണ്ട് ഈ വിവാഹത്തിൽ
advertisement
ഗുരുവായൂരിൽ ഹൈന്ദവ ആചാരപ്രകാരം തന്നെയാണ് മേനകയും സുരേഷ് കുമാറും വിവാഹിതരായതെങ്കിൽ, മകൾ കീർത്തിയുടെ കാര്യത്തിൽ വരൻ ആന്റണി തട്ടിൽ (Antony Thattil) മറ്റൊരു മതവിശ്വാസത്തിൽ നിന്നുള്ള ആൾ കൂടിയായിരുന്നു എന്ന വ്യത്യാസമുണ്ട്. എന്നിരുന്നാലും അയ്യങ്കാർ രീതിയിൽ തന്നെ മകളുടെ വിവാഹം നടത്താൻ മേനകയും സുരേഷ് കുമാറും തയാറായി. ഇരുമതങ്ങളെയും ബഹുമാനിക്കുന്ന ആളാണ് മരുമകൻ ആന്റണി എന്നിരിക്കെ, ഇരുകൂട്ടരും ചേർന്ന് സന്തോഷത്തോടും ഒത്തൊരുമയോടും കൂടി വിവാഹം നടത്തി. എങ്കിലും പാരമ്പര്യത്തെ മുറുകെപിടിച്ച മറ്റു ചിലതും കൂടിയുണ്ട് ഈ വിവാഹത്തിൽ (തുടർന്ന് വായിക്കുക)
advertisement
സ്ഥിരം വിവാഹസാരികൾക്ക് ആറടിയാണ് നീളമെങ്കിൽ, കീർത്തി സുരേഷ് ധരിച്ച സാരിക്ക് ഒമ്പതടി നീളമുണ്ട്. പരമ്പരാഗത മഡിസർ സാരിയാണ് ഇത്. ആന്റണി വേഷ്‌ടി ധരിച്ചിരുന്നു. തമിഴ് ബ്രാഹ്മണ സ്ത്രീകൾ വിവാഹശേഷം ധരിക്കുന്ന സാരിയാണിത്. തെന്നിന്ത്യയിൽ ഇത്തരത്തിൽ സാരി ധരിക്കുന്നത് പാരമ്പര്യ തനിമയുടെ ഭാഗമാണ്. അതാണ് കീർത്തിയുടെ വിവാഹത്തിലും തെളിഞ്ഞു കണ്ടത്. മകളെ അച്ഛന്റെ മടിയിൽ ഇരുത്തി നടത്തുന്ന കന്യാ ദാനവും ഇത്തരം വിവാഹങ്ങളുടെ മുഖമുദ്രയാണ്
advertisement
കീർത്തി അണിഞ്ഞിരുന്ന ആഭരണങ്ങൾ സാധാരണഗതിയിൽ വധു അണിയുന്ന വിവാഹാഭരണങ്ങൾ അല്ലായിരുന്നു. ഇത് ഭരതനാട്യം നർത്തകിമാർ അണിയുന്ന ആഭരണങ്ങളാണ് എന്ന് റിപോർട്ടുണ്ട്. കയ്യുടെ മുകളിൽ ധരിക്കുന്ന വങ്കിയാണ് ഇതിൽ ഒന്ന്. വധുവിന് രാജകീയ പ്രഭ നൽകുന്ന ആഭരണമാണിത്. നീളം കൂടിയതും കുറഞ്ഞതുമായ ആഭരണങ്ങളാണ് അഡ്ഡികൈ, ഹാരം എന്നിവ. നെറുകയിൽ അണിയുന്ന നെറ്റിച്ചുട്ടി മുഖത്തിന്റെ മാറ്റുകൂട്ടുന്നു
advertisement
അരയിൽ അണിയുന്ന ഒഡ്യാണം പൊതുവെ ഹൈന്ദവ വിവാഹങ്ങളിൽ സ്ഥിരം കാണാറുള്ള ആഭരണമാണ്. സാരിയെ അതിന്റെ സ്ഥാനത്തുറപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഒഡ്യാണം. റാകൊടി, സൂര്യ, ചന്ദ്ര പിറൈ എന്നിവ തലമുടിയിൽ ധരിക്കുന്ന ആഭരണങ്ങളാണ്. ഇത് ഈശ്വരാനുഗ്രഹത്തിനായി നിലകൊള്ളുന്നു എന്നാണ് സങ്കൽപം. വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതും, താലികെട്ടിനും അതിനു ശേഷവുമുള്ള വേഷവിധാനങ്ങളിൽ കീർത്തി ഒന്നിലേറെ ലുക്കുകൾ പരീക്ഷിച്ചു എന്ന് മനസിലാക്കാം
advertisement
കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹം #fortheloveofnyke എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഹാഷ്‌ടാഗോടു കൂടി പ്രചരിച്ചത്. ആന്റണിയുടെ പേരിന്റെ അവസാനത്തെ രണ്ടക്ഷരവും, കീർത്തിയുടെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരങ്ങളും ചേർത്തുവച്ചാണ് NYKE തീർത്തിട്ടുള്ളത്. ഈ പേരിനോട് സമാനതയുള്ള ഒരു ബ്രാൻഡ് ഉണ്ടെന്നത് മാത്രമല്ല, കീർത്തിയുടെ പ്രിയപ്പെട്ട വളർത്തുനായയുടെ പേരും ഇങ്ങനെ തന്നെയെന്ന പ്രത്യേകതയുണ്ട്. പ്രത്യേകം കുപ്പായം ധരിച്ച ഈ നായക്കുട്ടിയും വിവാഹത്തിന്റെ ഭാഗമായിരുന്നു. കീർത്തിയും ആന്റണിയും ചേർന്ന് നായക്കുട്ടിയെ ഓമനിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു