ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഓരോ പുതിയ കഥകളാണ് പുറത്തു വരുന്നത്. താരത്തിന്‍റെ മരണം ആത്മഹത്യയല്ലെന്ന് തന്നെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കളും ആരാധകരും. അന്വേഷണം പുരോഗമിക്കുന്നതിനിടെ സുശാന്തിന്‍റെ സഹോദരിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചെത്തിയിരിക്കുകയാണ് കേസിൽ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്ന റിയാ ചക്രബർത്തി.
സുശാന്തിന്‍റെ കുടുംബവുമായുള്ള പ്രശ്നങ്ങൾ ഇപ്പോഴൊന്നും തുടങ്ങിയതല്ലെന്നും വളരെ കാലം മുമ്പ് തന്നെ അവരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് റിയ അറിയിച്ചിരിക്കുന്നത്. താൻ സുശാന്തുമൊത്ത് ഒരുമിച്ച് താമസിക്കുന്ന സമയത്താണ് കുടുംബവുമായി പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പറയുന്ന റിയ, സുശാന്തിന്‍റെ മൂത്ത സഹോദരിക്കെതിരെ ലൈംഗിക ആരോപണവും ഉന്നയിക്കുന്നുണ്ട്
ഏപ്രിൽ 2019 നാണ് സംഭവം നടന്നതെന്നാണ് ഇവർ പറയുന്നത്. അന്ന് സുശാന്തിന്‍റെ സഹോദരിയും ഭര്‍ത്താവും ഇവർക്കൊപ്പം താമസത്തിനുണ്ടായിരുന്നു. ഒരു ദിവസം മദ്യലഹരിയിൽ സുശാന്തിന്‍റെ സഹോദരി തന്നോട് മോശമായി പെരുമാറി എന്നാണ് റിയ ആരോപിക്കുന്നത്. തന്‍റെ കിടക്കയില്‍ വന്നു കിടന്ന ഇവർ ലൈംഗിക താത്പ്പര്യത്തോടെ കയറിപ്പിടിച്ചു എന്നാണ് ആരോപണം.
ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായ ഇത്തരം ഒരു പെരുമാറ്റത്തിന്‍റെ ഞെട്ടലിൽ ഉടൻ തന്നെ അവരോട് മുറിയിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു. അവർ പോവുകയും ചെയ്തു. പിന്നീട് ഇക്കാര്യം സുശാന്തിനോട് പറഞ്ഞു. ഇത് സഹോദരനും സഹോദരിയും തമ്മിൽ വഴക്കിനിടയാക്കിയെന്നും അവർ വീടുവിട്ടു പോയെന്നുമാണ് റിയ പറയുന്നത്. ഇതോടെയാണ് കുടുംബവുമായി പ്രശ്നങ്ങൾ ആരംഭിക്കുന്നത്.