ഒരു കൊള്ളപ്പലിശക്കാരന്റെ കഥ എന്ന് പറഞ്ഞാൽ തന്നെ പ്രതീക്ഷിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാവും. എന്നാൽ നയാപൈസ കൈകൊണ്ട് തൊടുന്ന ഒരു രംഗം പോലും ഇല്ലാതെ, ആ പലിശക്കാരനെ നായകനാക്കി ഒരു സിനിമ ചെയ്യുക. പോട്ടെ, വ്യക്തമായി ഒരു പേര് നായകന് നൽകാതെ കഥയുടെ ഇടയിൽ എവിടെയോ അതൊളിപ്പിക്കുക. നായകനിൽ ഇതും ഇതിൽ കൂടുതലും പരീക്ഷണങ്ങൾ നടത്തിയാണ് 2020ലെ ആദ്യ മമ്മൂട്ടി ചിത്രം ഷൈലോക്ക് തിയേറ്ററുകളിലെത്തിയത്. കുബേര എന്ന പേരിലാണ് ചിത്രം തമിഴിൽ അവതരിപ്പിക്കുന്നത്
ബോസ് എന്ന് കടം വാങ്ങിയവർ അഭിസംബോധന ചെയ്യുന്ന, ഷൈലോക്ക് എന്ന് പോലീസുകാർ വിളിക്കുന്ന, വാലെന്ന് ജ്യേഷ്‌ഠതുല്യനായ വ്യക്തി ഓമനപ്പേരിട്ട ഇദ്ദേഹത്തിന് തന്റേതായ രീതികളും വളരെ അടുത്ത് നിൽക്കുന്ന ചുരുക്കം രണ്ട് സഹയാത്രികരുമാണ് കൂട്ട്. സിനിമാ നിർമ്മാതാക്കൾക്ക് പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ പണം ആവശ്യമെങ്കിൽ മുട്ടാനുള്ള പ്രധാന വാതിൽ ബോസ് മാത്രം. പക്ഷെ ഇയാൾക്ക് ലക്ഷ്യങ്ങളും, ലക്‌ഷ്യം ഉണ്ടാവാൻ ഒരു ഭൂതകാലമുണ്ട്. ഇവ രണ്ടായി ഭാഗിച്ചും, അവസാനം കൂട്ടിയിണക്കിയുമാണ് അവതരണം
രാജമാണിക്യത്തിൽ കോമഡി കൈകാര്യം ചെയ്ത് പ്രശംസ പിടിച്ചു പറ്റിയ മമ്മൂട്ടിയെ പിന്നീടുള്ള സിനിമകളിൽ നഷ്‌ടമായെന്ന് പരാതിപ്പെട്ട ആരാധകർക്ക് അൽപ്പം ആശ്വാസത്തിനുള്ള വക ഈ ചിത്രത്തിലുണ്ട്. മറ്റൊരു രാജമാണിക്യമായില്ലെങ്കിൽ പോലും കാണികളിൽ പൊട്ടിച്ചിരി വിടർത്തി ഒട്ടേറെ തമാശകളുമായി ബോസ് നിറഞ്ഞാടുന്നുണ്ട്. ബോസിന്റെ മാസ്സ് ഇൻട്രൊഡക്ഷനിൽ പറയുന്നത് പോലെ മൊത്തത്തിൽ ഒരു തൃശൂർ പൂരത്തിന്റെ കുടമാറ്റവും വെടിക്കെട്ടും ഒന്നിച്ചെത്തിയ പ്രതീതി നൽകി ആക്ഷനും കോമഡിയും തകർത്ത് പെയ്ത് കടന്നു പോകുന്നു
കോമഡി, ത്രില്ലർ, പ്രതികാരം എന്നിങ്ങനെ മൂന്നു വഴികളിലൂടെ സഞ്ചരിക്കുന്ന തരത്തിലാണ് സ്ക്രിപ്റ്റിന്റെ രചന. ഒരു ചിത്രത്തിൽ എല്ലാ തരം പ്രേക്ഷകരെയും മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് ഈ രചന. അടിപിടി മുതൽ ഐറ്റം ഡാൻസ് വരെ നിറയുന്ന ആദ്യപകുതി രണ്ടാം പകുതിയിലേക്ക് വഴി തുറക്കുമ്പോൾ ഒരു കുടുംബകഥയിലേക്കാണ് പ്രേക്ഷകർ എത്തിപ്പെടുക. ബോസിന്റെ ഭൂതകാലം പറയുക വഴി അങ്ങനെയൊരു ലക്‌ഷ്യം കൂടി 'ഷൈലോക്ക്' ഉദ്ദേശിക്കുന്നുണ്ട്
മൂന്നാം വട്ടവും അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടുകെട്ട് സ്‌ക്രീനിൽ നിറയുമ്പോൾ പ്രതീക്ഷകൾ തുലോം കുറയുന്നില്ല. ഓപ്പണിങ് രംഗത്തിന്റെ അവസാനമെന്നോണം ചിട്ടപ്പെടുത്തിയ ക്ലൈമാക്സ് പെട്ടെന്നൊരു അവസാനിക്കലിൽ തീർക്കാതെ അൽപ്പം കൂടി പൊലിമ കൂട്ടിയെങ്കിൽ എന്ന് പ്രേക്ഷകർ ആഗ്രഹിക്കാതിരിക്കില്ല. പക്ഷെ മലയാളി പ്രേക്ഷകർ തിയേറ്ററിൽ എത്തുമ്പോൾ എങ്ങനെ വരവേൽക്കണം എന്ന കൃത്യമായ ധാരണയോടെ, ഒരു പൂരം കഴിഞ്ഞ പ്രതീതി സമ്മാനിച്ച് തന്നെയാണ് ഈ പതിറ്റാണ്ടിന്റെ ആദ്യ ചിത്രവുമായി മമ്മൂട്ടി എത്തിയതെന്ന് നിസംശ്ശയം പറയാം