പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്‌സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു. ചുറ്റിലും മതിൽ കെട്ടിയിട്ടുള്ള തുറസായ മൈതാനമായിരുന്നു ജാലിയൻ വാലാബാഗ്. സംഭവ സ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറും സംഘവും ആൾക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
നിരായുധരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ബ്രിട്ടീഷ് വെടിവെപ്പിൽ മരിച്ചു വീണു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം 379 പേർ കൂട്ടക്കൊലയിൽ മരണമടയുകയും 1100 പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാദം 1500-ലധികം ആളുകൾക്ക് പരിക്ക് പറ്റിയെന്നും ആയിരത്തോളം പേർ കൊല്ലപ്പെട്ടു എന്നുമാണ്.
വിചാരണ കൂടാതെ തടവിലിടാൻ അനുമതി നൽകിയ കരി നിയമമായ റൗളറ്റ് ആക്റ്റ് പിന്നീട് 1922-ലാണ് ബ്രിട്ടീഷ് ഭരണകൂടം പിൻവലിച്ചത്. ജാലിയൻവാലാബാഗിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2019-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് പാർലമെന്റിൽ ഈ കൂട്ടക്കൊലയുടെ പേരിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ഖേദപ്രകടനം.