പുതിയ പാസ്പോർട്ടുകളിലെ താമര ചിഹ്നം: സുരക്ഷാ നടപടികളുടെ ഭാഗമെന്ന് വിദേശകാര്യ മന്ത്രാലയം
- Published by:Rajesh V
- news18-malayalam
Last Updated:
പുതിയ പോസ്പോർട്ടുകളിൽ പാസ്പോർട്ട് ഓഫീസർമാർ ഒപ്പിടുന്നതിന് താഴെയായി ദീർഘ ചതുരാകൃതിക്ക് ഇരു വശത്തുമായാണ് താമര ചിഹ്നം ചേർത്തിരിക്കുന്നത്.
(റിപ്പോർട്ട്- കെ പി അഭിലാഷ്)
പുതിയ പാസ്പോർട്ടുകളിൽ താമര ചിഹ്നം ഉപയോഗിച്ചിരിക്കുന്നത് സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം. പുതിയ പോസ്പോർട്ടുകളിൽ പാസ്പോർട്ട് ഓഫീസർമാർ ഒപ്പിടുന്നതിന് താഴെയായി ദീർഘ ചതുരാകൃതിക്ക് ഇരു വശത്തുമായാണ് താമര ചിഹ്നം ചേർത്തിരിക്കുന്നത്. വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാനും സുരക്ഷ നടപടികളുടെ ഭാഗമായുമാണ് ചിഹ്നം ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. താമര ദേശീയചിഹ്നമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
advertisement
എന്നാൽ താമര ചിഹ്നം സംബന്ധിച്ച് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി ലഭിച്ചിട്ടില്ലെന്ന് എം കെ രാഘവൻ എംപി ഡൽഹിയിൽ പറഞ്ഞു. കാവി വൽക്കരണത്തിന്റെ ഭാഗമാണിതെന്നും അംഗീകരിക്കാനാകില്ലെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു. രാജ്യത്തെ പുതിയ പാസ്പോർട്ടുകളിൽ കൂട്ടിചേർത്ത താമരചിഹ്നം ഒഴിവാക്കണമെന്നും പ്രിന്റ് ചെയ്ത് നൽകിയ പാസ്പോർട്ടുകൾ തിരിച്ചെടുക്കണമെന്നും എം.കെ രാഘവൻ എം.പി ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടിരുന്നു. പുതുതായ് ചേർത്ത ചിഹ്നം മൂലം എന്ത് സുരക്ഷയാണ പാസ്പോർട്ടിന് അധികമായി കൂടിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും എംകെ രാഘവൻ ആവശ്യപ്പെട്ടു.
advertisement
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം പാസ്‌പോർട്ടിൽ ഉൾപെടുത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.ഈ ചെയ്തിയിലൂടെ രാഷ്ട്രപതി പദവി ബി.ജെ.പി പ്രസിഡന്റ് സ്വമേധയാ ഏറ്റെടുത്തതിന് തുല്യമാണെന്നും രാഘവൻ കുറ്റപ്പെടുത്തി. തെക്കേ ഇന്ത്യയിൽ ബംഗളൂരു, കൊച്ചി എന്നീ പാസ്പോർട്ട് ഓഫീസുകളിൽ ആണ് പുതിയ രീതിയിൽ പ്രിന്റ് ചെയ്ത ബുക്ക് ലെറ്റ് എത്തിച്ചിരിക്കുന്നത്. ഇത് അടിയന്തരമായി പിൻവലിച്ച് പഴപടി പുനഃസ്ഥാപിക്കണമെന്നാണ് എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ടത്. ഡിഎംകെ, ആർ.എസ്.പി അംഗങ്ങളും രാഘവന്റെ ആവശ്യത്തെ സഭയിൽ പിന്തുണച്ചിരുന്നു










