മധുര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി. മുണ്ടും ഷർട്ടും ധരിച്ചാണ് മോദി ക്ഷേത്ര ദർശനം നടത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം. മധുര രാജ്യാന്തര വിമാനത്താവളത്തിൽ രാത്രി 8.30ഓടുകൂടിയാണ് മുണ്ടും ഷർട്ടും ധരിച്ച് പ്രധാനമന്ത്രി എത്തിയത്. കിഴക്കേ ചിത്തിര തെരുവിലെ അമ്മൻ സന്നിധി പ്രവേശന കവാടം വഴി എത്തിയ പ്രധാനമന്ത്രിയെ ക്ഷേത്ര ഭാരവാഹികളും പൂജാരിമാരും ചേർന്ന് പൂർണ കുംഭം നൽകി സ്വീകരിച്ചു.
തുടർന്ന് പ്രധാനമന്ത്രി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. ക്ഷേത്ര ചുമതലയുള്ള കാരുമുത്ത് ടി കണ്ണനും ക്ഷേത്രം ജോയിന്റെ കമ്മീഷണർ ചെല്ലദുരൈയും പ്രധാനമന്ത്രിയെ അനുഗമിച്ചു. ക്ഷേത്രത്തിന് അകത്തെ സിദ്ധി വിനായക പ്രതിഷ്ഠക്ക് മുന്നിലും മറ്റും പ്രധാനമന്ത്രി പ്രാർത്ഥന നടത്തി. അതിനുശേഷം മീനാക്ഷി അമ്മന് മുന്നിലും സുന്ദരേശ്വരർ സന്നിധിയിലും എത്തി പ്രധാനമന്ത്രി പ്രാർത്ഥിച്ചു. 45 മിനിറ്റോളം പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ചെലവഴിച്ചു. ക്ഷേത്ര കുളത്തിലും പ്രധാനമന്ത്രി എത്തി.
ക്ഷേത്രത്തിലെ ചരിത്ര പ്രധാന്യത്തെ കുറിച്ചു ശിൽപചാതുര്യത്തെ കുറിച്ചും പ്രധാനമന്ത്രി വിശദമായി ചോദിച്ച് മനസ്സിലാക്കി. പിന്നാലെ പ്രസാദമായ വിഭൂതിയും കുങ്കുമവും അദ്ദേഹം സ്വീകരിച്ചു. മധുരയുടെയും തമിഴ്നാടിന്റെയും പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി ക്ഷേത്രത്തിലെ സന്ദർശക ബുക്കിൽ കുറിക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി ബുക്കിൽ കുറിച്ചു.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി മധുര മീനാക്ഷി ക്ഷേത്രത്തിലെത്തിയത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി മധുരയിലെത്തിയ മിനാക്ഷി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചിരുന്നു. ജവഹര്‍ലാൽ നെഹ്റുവിനും ഇന്ദിരാ ഗാന്ധിക്കും ശേഷം മധുര മീനാക്ഷി ക്ഷേത്രത്തിലെത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.