പഴയ ചിറയിൻകീഴായിരിക്കുമ്പോൾ വമ്പൻമാരുടെ വീഴ്ചകൾക്ക് സാക്ഷ്യം വഹിച്ച മണ്ഡലം.1967ൽ കോൺഗ്രസിലെ ആർ ശങ്കറിനെ വീഴ്ത്തിയത് സിപിഎമ്മിലെ കെ അനിരുദ്ധൻ. 1989ല്‍ മണ്ഡലത്തിൽ കന്നിയങ്കത്തിനെത്തിയ സിപിഎമ്മിന്റെ പ്രമുഖ നേതാവായ സുശീല ഗോപാലന്‍ കോണ്‍ഗ്രസിലെ തലേക്കുന്നില്‍ ബഷീറിനോട് പരാജയപ്പെട്ടു. ഇടതുകോട്ടയായിരുന്ന മണ്ഡലം പിടിക്കാനെത്തിയ വയലാര്‍രവി 1971ലും 1977ലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാൽ കോൺഗ്രസ്(ഐ)യിലെ എ എ റഹിമിന് മുന്നിൽ 1980ല്‍ പരാജയപ്പെട്ടു.
വർക്കല, ആറ്റിങ്ങൽ, ചിറയിന്‍കീഴ്, കിളിമാനൂർ, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേർന്നതായിരുന്നു ചിറയിൻകീഴ് ലോക്സഭാ മണ്ഡലം. എന്നാൽ 2008ലെ മണ്ഡല പുനർനിർണയത്തിൽ കിളിമാനൂർ, ആര്യനാട് മണ്ഡലങ്ങൾ ഇല്ലാതായി. കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തോടു ചേർന്നു. പുതുതായി രൂപപ്പെട്ട അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങൾ ആറ്റിങ്ങലിനൊപ്പമായി. നിലവിൽ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം. അരുവിക്കര മണ്ഡലം ഒഴികെ എല്ലായിടത്തും ഇടത് എംഎൽഎമാരാണ്.
2009ല്‍ ആറ്റിങ്ങൽ മണ്ഡലമായശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എ സമ്പത്ത് 18,341 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജി. ബാലചന്ദ്രനെ പരാജയപ്പെടുത്തി. 2014ല്‍ സമ്പത്ത് കോണ്‍ഗ്രസിലെ ബിന്ദുകൃഷ്ണയെ 69,378 വോട്ടുകള്‍ക്ക് തോല്‍പിച്ചു. 1957ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിലെ എം കെ കുമാരൻ നേടിയ 92,601 വോട്ടാണു ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റെക്കോർഡ്. 1991ൽ സുശീല ഗോപാലൻ നേടിയ 1106 വോട്ടാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.
എല്‍ഡിഎഫിന് മണ്ഡലത്തിലുള്ള ശക്തമായ സംഘടനാ ശക്തി സമ്പത്തിന് ഏറ്റവും അനുകൂല ഘടകമാണ്. എംപിയെന്ന നിലയില്‍ സമ്പത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നേട്ടമാകുമെന്ന് പാര്‍ട്ടി കരുതുന്നു. സമ്പത്തിന് മണ്ഡലത്തില്‍ വിപുലമായ വ്യക്തിബന്ധങ്ങളുമുണ്ട്. മുന്‍ എംപിയും സിപിഎം നേതാവുമായ കെ അനിരുദ്ധന്റെ മകനെന്ന സ്വീകാര്യതയും സമ്പത്തിനുണ്ട്. സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചോര്‍ന്ന കോണ്‍ഗ്രസ് വോട്ടുകള്‍ ഇത്തവണ ഉറപ്പാക്കാനാകുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ഈഴവ സമുദായത്തിനു സ്വാധീനമുള്ള മണ്ഡലത്തില്‍ സാമുദായിക ഘടകങ്ങളും അനുകൂലമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. വികസന പ്രശ്നങ്ങളും ആറ്റിങ്ങല്‍ ബൈപാസ് നിർമാണം വൈകുന്നതുമെല്ലാം പ്രചാരണ വിഷയങ്ങളാണ്. അവസാന നിമിഷമാണ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെങ്കിലും ശക്തമായ പ്രചാരണവുമായി മുന്നോട്ടുപോവുകയാണ് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.