മുസ്‌ലിംലീഗിന്റെ പൊന്നാപുരം കോട്ടയെന്നാണ് വിളിപ്പേര്. എന്നാൽ 2009ലെ മണ്ഡല പുനർനിർണയത്തോടെ സ്ഥിതി മാറി. 2009ൽ 82,684 വോട്ടായിരുന്ന യുഡിഎഫ് ഭൂരിപക്ഷം 2014ൽ 25,410 ആയി കുറഞ്ഞു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ യുഡിഎഫ് ഭൂരിപക്ഷം 1404 വോട്ടായി. പുനർനിർണയത്തോടെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ, കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.
എന്നും ഒപ്പം നിന്ന മണ്ഡലമെന്നതാണ് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നത്. ഇ ടി മുഹമ്മദ് ബഷീറിന്റെ വ്യക്തിത്വവും പത്തുവർഷത്തെ വികസന നേട്ടങ്ങളും അദ്ദേഹം പാർലമെന്റിൽ നടത്തിയ സജീവ ഇടപെടലുകളും നേട്ടമാകുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെയും സാമ്പത്തിക സംവരണത്തെയും എതിർത്തത് ന്യൂനപക്ഷത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ഇ ടിയെ കൂടുതൽ സ്വീകാര്യനാക്കിയെന്ന് യുഡിഎഫ് കരുതുന്നു
ഓരോ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം കൂടിവരുന്നതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കി നിയമസഭയിലെത്തിയ പി വി അൻവറിന് ലോക്‌സഭയിലുമെത്താനാകുമെന്ന് മുന്നണി കണക്കുകൂട്ടുന്നു. 2009, 2014 തെരഞ്ഞെടുപ്പുകളിൽ പയറ്റിനോക്കിയ തന്ത്രം തന്നെയാണ് ഇക്കുറി സിപിഎം ആവർത്തിക്കുന്നത്. 2014ൽ വയനാട്ടിൽനിന്ന് ലോക്‌സഭയിലേക്കും 2011ൽ ഏറനാട്ടിൽനിന്ന് നിയമസഭയിലേക്കും ഒറ്റയ്ക്ക് മത്സരിച്ച് നേടിയ വോട്ടുകൾ അൻവറിന്റെ രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യതയായി ഇടതുമുന്നണി വിലയിരുത്തുന്നു.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയിൽ 2016ലെ സ്ഥാനാർഥിയായിരുന്നു വി ടി രമ. മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ്, പട്ടാമ്പി സംസ്കൃതകോളേജ് വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിലും പ്രവർത്തിച്ചു. വനിതാസ്ഥാനാർഥിയെന്നതും കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങളും ശബരിമല വിഷയത്തിലെ ഇടപെടലുകളും ഗുണകരമാകുമെന്ന് ബിജെപി കരുതുന്നു. എന്നാൽ ശക്തമായ സംഘടനാ സംവിധാനത്തിന്റെ അഭാവമാണ് വെല്ലുവിളിയാകുന്നത്.
SDPI സ്ഥാനാർഥിയി കെ സി നസീറും PDP സ്ഥാനാർഥിയായി പൂന്തുറ സിറാജും ജനവിധി തേടുന്നുണ്ട്. കഴിഞ്ഞതവണ മത്സരരംഗത്തുണ്ടായിരുന്ന വെൽഫെയർ പാർട്ടി ഇത്തവണ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ പലയിടത്തും ലീഗും കോൺഗ്രസും തമ്മിൽ പടലപ്പിണക്കങ്ങളുണ്ട്. എന്നാൽ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.