Measles: നിങ്ങളുടെ കുഞ്ഞിന് വിട്ടുമാറാത്ത പനിയും ജലദോഷവും ഉണ്ടോ? അഞ്ചാം പനി നിസാരക്കാരനല്ല
- Published by:Sarika N
- news18-malayalam
Last Updated:
അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്‍നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം
വായുവിലൂടെ പകരുന്ന പകർച്ചവ്യാധിയാണ് റൂബിയോള എന്ന് അറിയപ്പെടുന്ന അഞ്ചാം പനി (Measles). പാരാമിക്സോ വൈറസ് വിഭാഗത്തില്‍പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണിത്. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത്. 104 ഡിഗ്രി വരെ ഉയരാവുന്ന പനിയാണ് ആദ്യത്തെ ലക്ഷണം. കൂടാതെ ചുമ, മൂക്കൊലിപ്പ്, ചുവപ്പ് അല്ലെങ്കിൽ വെള്ളം വരുന്ന കണ്ണുകൾ എന്നിവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ചിലത്. നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകില്‍നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്നശേഷം ദേഹമാസകലം ചുവന്ന പൊടിപ്പുകള്‍ കാണും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം.
advertisement
അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്‍നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. മുഖാമുഖം നമ്പര്‍ക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായ 90 ശതമാനം ആള്‍ക്കാര്‍ക്കും രോഗം വരാം. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ട് അനുസരിച്ച് 5 വയസ്സിന് താഴെയുള്ള കുട്ടികൾ, 20 വയസ്സിന് മുകളിലുള്ള മുതിർന്നവർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾ എന്നിവർക്കാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതൽ. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് 2018 ൽ 140,000 ൽ അധികം ആളുകൾ അഞ്ചാം പനി ബാധിച്ച് മരിച്ചു. ഇതിൽ കുടുതലും 5 വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നു.
advertisement
അതേസമയം, അഞ്ചാം പനിയ്ക്ക് പാർശ്വഫലങ്ങളും കൂടുതലാണ്. അന്ധത, എൻസെഫലൈറ്റിസ് (തലച്ചോറ് വലുതാകാൻ കാരണമാകുന്ന ഒരു അണുബാധ), കടുത്ത വയറിളക്കവും നിർജ്ജലീകരണവും, ചെവിയിലെ അണുബാധകൾ, അല്ലെങ്കിൽ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയാണ് ഏറ്റവും അപകടകരമായ പാർശ്വഫലങ്ങൾ. പോഷകാഹാരക്കുറവുള്ള കുട്ടികളെയോ, വിറ്റാമിൻ എ കുറവുള്ള കുട്ടികളെയോ, എച്ച്ഐവി/എയ്ഡ്‌സും മറ്റ് പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന രോഗങ്ങളും ഉള്ളവരെയോ ഈ അണുബാധ ഗുരുതരമായി ബാധിക്കും.
advertisement
മൂന്ന് ഘട്ടങ്ങളിലൂടെയാണ് അഞ്ചാം പനി ശരീരത്തെ വ്യാപിക്കുന്നത്. ഇതിൽ ആദ്യത്തെ ഘട്ടം അണുബാധയും ഇൻകുബേഷനുമാണ്. അതായത് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. അണുബാധയ്ക്ക് ശേഷം 10-14 ദിവസത്തിനുള്ളിൽ വൈറസ് ശരീരത്തിൽ പടരുന്നു. വ്യക്തമല്ലാത്ത ലക്ഷണങ്ങളാണ് രണ്ടാം ഘട്ടം. മിതമായ പനി, തുടർച്ചയായ ചുമ, മൂക്കൊലിപ്പ്, കണ്ണുകളിൽ വീക്കം, തൊണ്ടവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, ഇത് ഏകദേശം 2-3 ദിവസം നീണ്ടുനിൽക്കും. അക്യൂട്ട് അസുഖവും ചുണങ്ങും ആണ് രോഗത്തിന്റെ മൂന്നാം ഘട്ടം. അഞ്ചാംപനി മൂലമുണ്ടാകുന്ന ചുണങ്ങുകൾ ചെറുതായി ഉയർന്ന് കാണപ്പെടുന്ന ചെറിയ ചുവന്ന പാടുകളാണ്. ചർമ്മത്തിൽ കുരുക്കൾ കാരണം ചുവന്ന പാടുകൾ കാണപ്പെടുന്നു. ഇവ ആദ്യം മുഖത്തും തുടർന്ന് കൈകൾ, നെഞ്ച്, പുറം തുടകൾ, കാലുകൾ, പാദങ്ങൾ എന്നിവയിലേക്ക് വ്യാപിക്കുന്നു.
advertisement
പ്രതിരോധ കുത്തിവെയ്പ്പുകളാണ് അഞ്ചാം പനി തടയാന്‍ ഏറ്റവും മികച്ച മാര്‍ഗം. കുഞ്ഞ് ജനിച്ച് 9ാം മാസമാണ് ആദ്യ ഡോസ് എംആറും വൈറ്റമിന്‍ എ ഗുളികളുമാണ് നല്‍കുന്നത്. രണ്ടാമത്തെ ഡോസ് ഒന്നര വയസ് മുതല്‍ രണ്ട് വയസ് വരെയുള്ള പ്രായത്തിലാണ് നല്‍കുന്നത്. രോഗമുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൂടാതെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അഞ്ചാംപനി ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ അണുബാധ പരിശോധിക്കാൻ ഡോക്ടറെ സമീപിക്കുക.