കോഴിക്കോട്: സുലൈമാനിയും ഐസ് ഒരതിയും ഉപ്പിലിട്ടതുമൊക്കെ വാങ്ങി കിസ്സ പറഞ്ഞിരിക്കാന്‍ ഇനി ഇങ്ങട്ട് ധൈര്യമായി പോന്നോളീ. ബീച്ചിലെ പുത്തന്‍ കാഴ്ച്ചകള്‍ കണ്ട് ഹൃദയം നിറഞ്ഞ് മടങ്ങാം. ഗസലിന്റെ താളമയഞ്ഞ തെരുവുകളിലെ സാംസ്‌കാരിക കാഴ്ച്ചകളുടെ വിരുന്ന്തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രം ആലേഖനം ചെയ്ത ചുമരുകളാണ് കാഴ്ച്ചകളുടെ മറ്റൊരു വൈവിധ്യം.
ചെസ്സ് ബോര്‍ഡും പാമ്പും കോണിയും കളിക്കുന്ന ബോര്‍ഡുകളുമെല്ലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകമേകും. കോഴിക്കോടിന്റെ സാംസ്‌കാരിക നായകരുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ നിറച്ചാര്‍ത്തുകള്‍കൊണ്ട് സമ്പന്നമാണ് ഇവിടം. കാഴ്ച്ചകളില്‍ കൗതുകം നിറച്ച സായാഹ്നങ്ങള്‍ നിങ്ങള്‍ക്കായി കാത്തരിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാഭരണകൂടവുമാണ് സൗത്ത് ബീച്ച് സൗന്ദര്യവത്കരണം നടത്തിയത്. ടൂറിസം മന്ത്രി മുഹമദ് റിയാസ് നവീകരിച്ച കോഴിക്കോട് ബീച്ച് നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം. മന്ത്രി അഹമദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷമാകും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകുക.
കല്ലുമ്മക്കായയാണ് കോഴിക്കോടിന്റെ തനതു രുചിയൊരുക്കുന്ന കടല്‍ വിഭവം. വെളുപ്പിനെ ഡോള്‍ഫിന്‍സ് പോയിന്റിലേക്കു നടന്നാല്‍ ഡോള്‍ഫിനുകള്‍ കടല്‍ നീലിമയില്‍ കുത്തിമറിയുന്നതു കാണാം. വിളക്കുമാടവും കടലിലേക്കു നീണ്ടുനില്‍ക്കുന്ന രണ്ടു പുലിമുട്ടുകളും മറ്റൊരാകര്‍ഷണമാണ്. നൂറു വര്‍ഷത്തിലേറെ പ്രായമുണ്ട് വിളക്കുമാടത്തിനും പുലിമുട്ടുകള്‍ക്കും. ലയണ്‍സ് പാര്‍ക്കും, അടുത്തുള്ള അക്വേറിയവും കുട്ടികള്‍ക്കു ഇഷ്ടമാകും. രാവിലെ 8.00 മുതല്‍ രാത്രി 8.00 വരെ ഇവ തുറന്നിരിക്കും.അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : കോഴിക്കോട്, 3 കി. മീറ്റര്‍ വിമാനത്താവളം : കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 29 കി. മീ.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്- കോഴിക്കോട് കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും.
സഞ്ചാരികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിലാണ് നവീകരണം നടത്തിയത്. വെളുപ്പും കറുപ്പും നിറങ്ങളില്‍ സിനിമകളിലും പുസ്തകങ്ങളിലും അറിഞ്ഞ കോഴിക്കോടിനെ, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലാണ് ചിത്രകാരന്മാര്‍ വരച്ചുവച്ചിരിക്കുന്നത്.
കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവന്‍ നായര്‍, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്. മിശ്കാല്‍ പള്ളിയും കുറ്റിച്ചിറയും തകര്‍ന്ന കടല്‍പ്പാലവും ഉരു നിര്‍മ്മാണവും ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരില്‍കാണുന്ന പോലെ കാഴ്ചക്കാര്‍ക്ക് ചിത്രങ്ങളിലൂടെ കാണാന്‍ സാധിക്കും. മരത്തടിയിലുള്ള ചവറ്റുകുട്ടകള്‍ ബീച്ചില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍, ഭക്ഷ്യ കൗണ്ടര്‍, ഭിന്നശേഷി റാമ്പുകള്‍, വഴിവിളക്കുകള്‍, ലാന്‍ഡ്സ്കേപ്പിങ്, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങള്‍. ശിലാസാഗരം ബീച്ചിലെ ഭീമന്‍ ചെസ് ബോര്‍ഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു. കോവിഡ് സാഹചര്യത്തിൽ മാറ്റം വന്നതിന് ശേഷമാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക. ഏവരും സഹകരിക്കണം.- ജില്ലാ കളക്ടറുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്...
1934 ല്‍ ഗാന്ധി കാലിക്കട്ട് സന്ദര്‍ശിച്ചതിനുശേഷം 1934 ല്‍ ബീച്ച് റോഡിന് 'ഗാന്ധി റോഡ്' എന്ന് പുനര്‍നാമകരണം ചെയ്തു. പൊതുയോഗങ്ങള്‍ നടത്തുന്നതിനുള്ള പ്രധാന സ്ഥലമാണ് കോഴിക്കോട് ബീച്ച്. ഇതാണിപ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുള്ളത്. മരത്തടിയിലുള്ള ചവറ്റുകുട്ടകള്‍ ബീച്ചില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍, ഭക്ഷ്യ കൗണ്ടര്‍, ഭിന്നശേഷി റാമ്പുകള്‍, വഴിവിളക്കുകള്‍, ലാന്‍ഡ്സ്കേപ്പിങ്, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങള്‍. ശിലാസാഗരം ബീച്ചിലെ ഭീമന്‍ ചെസ് ബോര്‍ഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു. വിനോദസഞ്ചാരികള്‍ എത്തിതുടങ്ങുന്നതോടെ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയുടെ വരുമാനം ഡിടിപിസിക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
മലബാറിന്റ മനോഹരമായ തീരദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് 'കാലിക്കറ്റ് ' എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട് ,ലോകത്തിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ 195 ാം സ്ഥാനത്തുമാണ്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം ,കേരളത്തിന്റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം ''സുഗന്ധദ്രവ്യങ്ങളുടെ നഗരം'' എന്നും വിളിക്കപ്പെട്ടിരുന്നു.
മധ്യകാലഘട്ടത്തില്‍ ,സാമൂതിരി രാജവംശത്തിന്റ ആസ്ഥാനവും ,കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി. ഏഴാം നൂറ്റാണ്ടിന്റ പ്രാരംഭത്തില്‍ അറബികള്‍ ഈ നഗരവുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് 1498 മെയ് 20 ന് പോര്‍ച്ചുഗീസ് നാവികനായ വാസ്‌ക്കോഡഗാമ , കോഴിക്കോട് നങ്കൂരമിട്ടതോടെ യൂറോപ്പിനും മലബാറിനും ഇടയില്‍ പുതിയൊരു വാണിജ്യമാര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു. ഒരു കാലത്ത് പോര്‍ച്ചുഗീസ് കോട്ടയും ,ഫാക്ടറിയും കോഴിക്കോട് നിലനിന്നിരുന്നു. 1615 ല്‍ ഇംഗ്ലീഷുകാരും,1698 ല്‍ ഫ്രഞ്ചുകാരും , 1752 ല്‍ ഡച്ചുകാരും, ഈ മണ്ണിലെത്തി. 1765 ല്‍ മൈസൂര്‍ രാജാവ് , മലബാര്‍ തീരമുള്‍പ്പെട്ട കോഴിക്കോട് അധീനതയിലാക്കി.
ചരിത്രത്തില്‍ ഈ നഗരം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മലയാളം സംസാരിക്കുന്ന ആളുകള്‍ ഈ ദേശത്തെ കോഴിക്കോട് എന്നു വിളിച്ചു.അറബികള്‍ ''ക്വാലിക്കൂത്ത്'' എന്നും തമിഴര്‍ ''കള്ളിക്കോട്ടൈ'' എന്നും വിളിച്ച നഗരം ചൈനക്കാര്‍ക്കിടയില്‍ ''കാലിഫോ ''എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോഴിക്കോട് എന്നാണ് ഈ നഗരത്തിന്റെ ഔദ്യേഗിക നാമമെങ്കിലും ,ചില നേരങ്ങളില്‍ ' കാലിക്കറ്റ് ''എന്നും വിളിക്കപ്പെടുന്നു. കോഴിക്കോട് തുറമുഖത്തുനിന്നും കയറ്റി അയച്ചിരുന്ന ''കാലിക്കോ ' എന്ന ഒരു പ്രത്യേക ഇനം കൈത്തറി കോട്ടണ്‍ വസ്ത്രത്തിന്റെ പേര് ''കാലിക്കറ്റ് ' എന്ന പേരില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. കോഴിക്കോട് പട്ടണത്തിന് വളരെയേറെ ചരിത്രപ്രാധാന്യമുണ്ട്. അനാദികാലം തൊട്ടേ ഈ പട്ടണം സഞ്ചാരികളുടെ പറുദീസയായിരുന്നു. അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ ,കോഴിക്കോട്ടുകാര്‍ ജൂതന്‍മാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍, ചൈനക്കാര്‍ എന്നിവരുമായി സുഗന്ധദ്രവ്യങ്ങളായ കുരുമുളക്,ഏലം എന്നിവയുടെ കച്ചവടം നടത്തിരുന്നു.