അമ്മ എടുത്ത കാരുണ്യ ടിക്കറ്റിന് 500 രൂപയുടെ സമ്മാനം അടിച്ചു. തുക കൈപ്പറ്റാൻ ടിക്കറ്റുമായി കടയിലെത്തിയപ്പോൾ നൽകാൻ പണമില്ലാത്തതിനാൽ പകരം നൽകിയത് വിൻവിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ. നറുക്കെടുപ്പിൽ ആ ടിക്കറ്റുകളിലൊന്നിന് ലഭിച്ചത് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. ചേർത്തല നഗരസഭയിൽ മൂന്നാം വാർഡിൽ താമസിക്കുന്ന കൊച്ചുചിറയിൽ ബിജുവിനാണ് അമ്മയുടെ കൈകളിലൂടെ വലിയ ഭാഗ്യമെത്തിയത്.
ബിജുവിന്‍റെ അമ്മ പത്മവല്ലി എടുത്ത ടിക്കറ്റിന് 500 രൂപ സമ്മാനം ലഭിച്ചിരുന്നു. ഈ ടിക്കറ്റുമായി ബിജു വടക്കേ അങ്ങാടിയിലെ ഭാഗ്യക്കുറി കടയിലെത്തി. എന്നാൽ അപ്പോൾ കടയുടമയുടെ പക്കൽ 500 രൂപ ഇല്ലായിരുന്നു. ഇതോടെ പകരം ലോട്ടറി ടിക്കറ്റ് മതിയെന്ന് ബിജു ആവശ്യപ്പെടുകയായിരുന്നു. മൂന്നു വിൻവിൻ ടിക്കറ്റുകളാണ് ബിജുവിന് കടക്കാരൻ നൽകിയത്. ബാക്കി തുകയ്ക്കുള്ള ടിക്കറ്റ് വൈകിട്ട് വാങ്ങാമെന്ന് പറഞ്ഞു ബിജു മടങ്ങുകയും ചെയ്തു.