ബ്രിസ്ബേൻ; ക്വറന്‍റീൻ ലംഘന വിവാദങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആർക്കും കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ജനുവരി മൂന്നിന് നടത്തിയ ആർടി പിസിആർ ഫലം പുറത്തുവന്നതോടെയാണിത്. നേരത്തെ ക്വറന്‍റീൻ ലംഘിച്ചതിന് നിരീക്ഷണത്തിലാക്കിയ അഞ്ചു കളിക്കാരുടെ ഫലവും ഇതിൽ ഉൾപ്പെടും. ബിസിസിഐ വക്താവ് അറിയിച്ചതാണ് ഇക്കാര്യം.
ജനുവരി 7 ന് ആരംഭിക്കുന്ന മൂന്നാമത്തെ ടെസ്റ്റിനായി ഓസ്‌ട്രേലിയൻ സംഘത്തോടൊപ്പം ഇന്ത്യൻ ടീം ഇന്ന് ബ്രിസ്ബേനിൽനിന്ന് സിഡ്‌നിയിലേക്ക് പറക്കും. "ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളും സപ്പോർട്ട് സ്റ്റാഫും 2021 ജനുവരി 3 ന് കോവിഡ് -19 ആർടി-പിസിആർ ടെസ്റ്റിന് വിധേയമായി. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്, ”ബിസിസിഐ പറഞ്ഞു.
ആരോപണവിധേയമായ ഇന്ത്യൻ ടീം അംഗങ്ങളുടെ നിയമലംഘനത്തെക്കുറിച്ച് അന്വേഷിക്കാൻ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ആവശ്യപ്പെട്ടിരിക്കെയാണ് ഒരു പ്രോട്ടോക്കോളും ലംഘിച്ചിട്ടില്ലെന്ന പരിശോധന ഫലത്തിലൂടെ ഇന്ത്യൻ ടീം മറുപടി നൽകുന്നത്. "ഇന്ത്യൻ താരങ്ങൾ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. എല്ലാവരും ക്വറന്‍റീനിൽ കഴിഞ്ഞു. ടീമിന് മുന്നിൽ വിവാദങ്ങളില്ല, മൂന്നാം ടെസ്റ്റിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്"- ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.
രോഹിത് ശർമ, റിഷഭ് പന്ത്, ഷുബ്മാൻ ഗിൽ, പൃഥ്വി ഷാ, നവദീപ് സൈനി എന്നിവരെ മെൽബണിലെ ഒരു റെസ്റ്റോറന്റിൽ കണ്ടതായുള്ള ആരാധകൻ നവൽദീപ് സിങ്ങിന്റെ ട്വിറ്റർ വീഡിയോയാണ് വിവാദത്തിന് ഇടയാക്കിയത്. ഇത് പുറത്തുവന്നതോടെ ടീം ക്വറന്‍റീൻ ലംഘിച്ചതായി ആരോപണം ഉയർന്നു. ഓസ്ട്രേലിയൻ മാധ്യമങ്ങളും മറ്റും രൂക്ഷ വിമർശനം ഇന്ത്യയ്ക്കെതിരെ ഉയർത്തുകയും ചെയ്തു.
വിവാദത്തിലായ അഞ്ച് കളിക്കാരെ യാത്രയ്ക്കിടയിലും പരിശീലന വേദിയിലും മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെടുത്തും. എന്നാൽ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി പരിശീലനം തുടരാൻ അവരെ അനുവദിക്കും. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള നാല് ടെസ്റ്റുകളുള്ള പരമ്പര ബയോസെക്യൂരിറ്റി നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് നടക്കുന്നത്, തിങ്കളാഴ്ച ഇരു ടീമുകളും സിഡ്നിയിലേക്ക് പോകും.