ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബുധനാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി അഹമ്മദാബാദിലെ മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. 1,10,000 പേർക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറിയ പുതിയ സ്റ്റേഡിയം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തു. ഗുജറാത്ത് സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ചൊവ്വാഴ്ച ഗാന്ധിനഗറിലെ സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്തിലെ മൂന്നാമത്തെ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പുതിയ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.
1982 ലാണ് ഈ സ്റ്റേഡിയം നിർമ്മിച്ചത്. തുടക്കത്തിൽ 49,000 പേർക്ക് ഇരിക്കാനാവുന്ന സ്റ്റേഡിയമായിരുന്നു. 63 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റേഡിയത്തിൽ ഇൻഡോർ ക്രിക്കറ്റ് അക്കാദമിയുണ്ട്. 40 അത്‌ലറ്റുകൾക്ക് ഡോർമിറ്ററി സൌകര്യം, അത്യാധുനിക ജിംനേഷ്യവും ആറ് ഇൻഡോർ പ്രാക്ടീസ് പിച്ചുകളും മൂന്ന് ഔട്ട്‌ഡോർ പ്രാക്ടീസ് ഫീൽഡുകളുമുണ്ട്. ഒരേസമയം നാല് ടീമുകളെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഡ്രസ്സിംഗ് റൂമുകളും പുതുക്കി നിർമ്മിച്ച മൊട്ടേര സ്റ്റേഡിയത്തിലുണ്ട്.
983-84 സീസണിൽ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് മത്സരമാണ് ആദ്യമായി മൊട്ടേരയിൽ നടന്ന അന്താരാഷ്ട്ര ടെസ്റ്റ് മത്സരം. 1984-85 ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം മൊട്ടേരയിൽ നടന്നു. 2012ലാണ് ഇവിടെ അവസാനമായി ടെസ്റ്റ് മത്സരം നടന്നത്. അവസാന ഏകദിനം 2014 ൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരമായിരുന്നു. ഈ സ്റ്റേഡിയം 2015 ൽ ആണ് പുനർനിർമ്മാണത്തിനായി അടച്ചു പൂട്ടിയത്മൊട്ടേര സ്റ്റേഡിയത്തിൽ മൊത്തം 35 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടുണ്ട് - 12 ടെസ്റ്റുകൾ, 23 ഏകദിന- ടി20 മത്സരങ്ങൾ.
അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടി. ഇരുവരും തമ്മിലുള്ള 2001 ലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു, അതേസമയം ഒരു ദശാബ്ദത്തിനുശേഷം 2012 ൽ നടന്ന രണ്ടാം മത്സരത്തിൽ ആതിഥേയർ വിജയിച്ചു. എന്നിരുന്നാലും, ഇരു ടീമുകളും തമ്മിലുള്ള വരാനിരിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിന് ഒട്ടനവധി സവിശേഷതകളുണ്ട്. പുതുക്കി പണിതതിനു ശേഷം നരേന്ദ്ര മോദി സ്റ്റേഡിയം എന്നു പുനർനാമകരണം നടത്തിയ വേദിയിലാണ് ഈ മത്സരം. പകൽ-രാത്രി മത്സരമായാണ് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഇന്നു മുതൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരംഭിക്കുന്നത്. 2019 ൽ ഈഡൻ ഗാർഡനിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഡേ നൈറ്റ് മത്സരം കളിച്ചതിനുശേഷം പിങ്ക് ബോൾ ടെസ്റ്റിനു രാജ്യം സാക്ഷ്യം വഹിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം മത്സരത്തിലാണ്.