ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്.ജി ക്ലബ് വിടുമെന്ന് അഭ്യൂഹം കുറച്ചുനാളുകളായി ശക്തമാണ്. അമേരിക്കയിലെ മിയാമിയിലേക്കാകും അദ്ദേഹം മാറുകയെന്നും വാർത്തകളുണ്ടായിരുന്നു. അവിടെ ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്‍റെ സഹഉടമസ്ഥതയിലുള്ള ഇന്‍റർ മിയാമി ക്ലബിലേക്കാകും മെസി ചേക്കേറുകയെന്നും റിപ്പോർട്ടുകളുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഒരു വർഷം മുമ്പ് മെസി മിയാമിയിൽ അത്യാഡംബര അപ്പാർട്ട്മെന്‍റ് സ്വന്തമാക്കിയത്.
3,130 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഡ്യൂപ്ലക്സ് യൂണിറ്റിൽ രണ്ട് കിടപ്പുമുറികളുണ്ട്. ഷെയർഡ് ലിവിംഗ് ഏരിയയിൽ ബിസ്‌കെയ്‌നിനു മുകളിലൂടെ പുറത്തേക്ക് നോക്കാനാകുന്ന ഒരു വലിയ ഗ്ലാസ് നൽകിയിട്ടുണ്ട്. ഈ ഭാഗത്തെ മേൽക്കൂര രണ്ടു നിലകളോളം ഉയരത്തിലാണ്. കൂടാതെ ബാൽക്കണിയിലേക്ക് തുറക്കുന്ന സ്ലൈഡിംഗ് ഗ്ലാസ് ഏറെ മനോഹരമാണ്.
ഇന്റർ മിയാമി ക്ലബിലേക്ക് മെസിയെ എത്തിക്കാൻ ഡേവിഡ് ബെക്കാം തന്നെയാണ് ചുക്കാൻ പിടിക്കുന്നത്. കാരണം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പൊന്നുംവില നൽകി തന്‍റെ ടീമിൽ കളിപ്പിച്ചാൽ, അത് ക്ലബിന്‍റെ മൂല്യം വർദ്ധിപ്പിക്കുമെന്നാണ് ബെക്കാമിന്‍റെ കണക്കുകൂട്ടൽ. അമേരിക്കൻ ലീഗിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാകും മെസിയെ മിയാമിയിലേക്ക് എത്തിക്കുക.