എളുപ്പം വിവാഹമോചനം നേടാമെന്നു കരുതി വിവാഹം കഴിച്ചു; ഇപ്പോൾ പിരിയാനാകുന്നില്ലെന്ന് ദമ്പതികൾ
- Published by:Rajesh V
- trending desk
Last Updated:
സിനിമയേക്കാൾ സിനിമാറ്റിക്കായ ജീവിതം നയിക്കുന്ന ദമ്പതികളുടെ കഥ
വെറുതെ ഒരു തമാശക്ക് വിവാഹം കഴിക്കുക, പിന്നീട് വിവാഹമോചനം തേടാമെന്ന് കരുതുക, ശേഷം രണ്ടുപേരും അത്രമേൽ പ്രണയിച്ച് പിരിയാനാകാത്ത വിധം അടുക്കുക.. ഇതെല്ലാം ഒരു സിനിമാക്കഥയാണെന്ന് ചിന്തിക്കുന്നുണ്ടോ? എന്നാൽ സിനിമയേക്കാൾ സിനിമാറ്റിക്കായ ജീവിതം നയിക്കുന്ന ദമ്പതികളുടെ കഥയാണ് ഇത്.
ഗുനാർ മിഷേൽസും ഡാനിയേല ഗ്രോസുമാണ് ഈ കഥയിലെ നായികാനായകൻമാർ. വിവാഹത്തെക്കുറിച്ച് അത്ര ഗൗരവമായൊന്നും കാണാത്തയാളായിരുന്നു ഡാനിയേല. അങ്ങനെയിരിക്കുമ്പോഴാണ് 2021 ൽ ടിക്‌ടോക്കിൽ സമാന ചിന്താഗതിക്കാരനായ ഒരു യുവാവിന്റെ പോസ്റ്റ് കണ്ടത്. ഗുനാർ മിഷേൽസ് ആയിരുന്നു ആ യുവാവ്. ജീവിതം അത്ര സങ്കീർണമൊന്നും അല്ലെന്നു തെളിയിക്കാനുള്ള ഒരു ഉദ്യമത്തിലായിരുന്നു ഗുനാർ. വെറുതേ ഒന്നു വിവാഹം കഴിക്കാം എന്നായിരുന്നു അയാൾ ചിന്തിച്ചത്. ഇതിനായി ഒരു മൽസരം നടത്തി അതിൽ വിജയിക്കുന്നയാളെ വിവാഹം ചെയ്യാനായിരുന്നു പ്ലാൻ. വിവാഹത്തിന്റെ ചെലവു മുഴുവൻ ഗുനാർ വഹിക്കുമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു.
advertisement
അങ്ങനെ ഡാനിയേല ഗ്രോസ് ഗുനാർ നടത്തിയ മൽസരത്തിൽ പങ്കെടുത്ത് വിജയിച്ചു. രണ്ടാഴ്‌ചയ്‌ക്കു ശേഷം ഗുനാറും ഡാനിയേലെയും ലാസ് വെഗാസിലേക്ക് ഒരു റോഡ് ട്രിപ്പ് പോയി. അന്ന്, മുട്ടുകുത്തി ചുവന്ന റോസാപ്പൂക്കൾ ഡാനിയേലക്കു നേരെ നീട്ടി ഗുനാർ അവളെ പ്രപ്പോസ് ചെയ്തു. ഇരുവരും വാലന്റൈൻസ് ദിനത്തിൽ ലാസ് വെഗാസിൽ വെച്ച് വിവാഹിതരാകുകയും ചെയ്തു.
എന്നാൽ, പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞെന്ന് ഇരുവരും പറയുന്നു. ഔദ്യോഗികമായി വിവാഹിതരാകുകയും വിവാഹപ്രതിജ്ഞ ചൊല്ലുകയും ചെയ്തതിനു ശേഷം, ഡാനിയേലയും ഗുനാറും പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങി. അവർക്കിടയിലെ പ്രണയം സ്വാഭാവികമായി വളരുകയായിരുന്നു. ഇന്ന്, മൂന്ന് വർഷങ്ങൾക്കിപ്പുറവും, ഇരുവരും ഒരുമിച്ച് സന്തോഷത്തോടെ വിവാഹ ജീവിതം നയിക്കുകയാണ്.
advertisement
" ഞങ്ങളുടെ ബന്ധം എല്ലാം തികഞ്ഞതൊന്നുമല്ല. ഞങ്ങൾ തീർത്തും അപരിചിതരായി വിവാഹം കഴിച്ചു. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാൽ ഈ ബന്ധം ഇവിടെ വരെയെത്തി. യാതൊരു പ്രതീക്ഷയുമില്ലാതെയാണ് തങ്ങൾ ഈ ബന്ധം ആരംഭിച്ചത്'', ഡാനിയേല പറയുന്നു. തങ്ങൾ അന്യോന്യം സമ്മർദം ചെലുത്താറില്ലെന്നും അതാണ് ഇതുവരെയുള്ള ദാമ്പത്യ വിജയത്തിന് ഒരു പ്രധാന കാരണമെന്നും ഡാനിയേല കൂട്ടിച്ചേർത്തു.
" സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഒന്നും ഞങ്ങൾക്ക് ഒരു സ്വാധീനമോ സമ്മർദമോ ഉണ്ടായിരുന്നില്ല, അതായത് മറ്റേ വ്യക്തിയെക്കുറിച്ച് സംശയത്തിന്റെ വിത്തുകൾ പാകാൻ ഞങ്ങൾക്കിടയിൽ ആരും ഉണ്ടായിരുന്നില്ല'', ഡാനിയേല പറഞ്ഞു.
advertisement
സന്തുഷ്ട വിവാഹ ജീവിതം നയിക്കുന്ന ഡാനിയേലയും ഗുനാറും, ഇപ്പോൾ ഒരുമിച്ച് കണ്ടന്റുകൾ സൃഷ്ടിക്കുന്ന തിരക്കിലാണ്. ഇരുവരുടെയും ഇതുവരെയുള്ള യാത്രയും അനുഭവങ്ങളുമെല്ലാം ടിക് ടോക്കിലൂടെ ഇവർ പങ്കുവെയ്ക്കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 18, 2024 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എളുപ്പം വിവാഹമോചനം നേടാമെന്നു കരുതി വിവാഹം കഴിച്ചു; ഇപ്പോൾ പിരിയാനാകുന്നില്ലെന്ന് ദമ്പതികൾ