രാജ്യത്തുടനീളം വാലന്റൈൻസ് ദിനത്തിനായുള്ള (Valentine’s Day) ഒരാഴ്ച നീണ്ട ഒരുക്കങ്ങൾക്കിടയിൽ, പശുവിന്റെ ഗുണങ്ങളെക്കുറിച്ചും പശു എങ്ങനെ ഇന്ത്യൻ സംസ്കാരത്തിൻറെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ (Cow hug day) ആയി ആചരിക്കാൻ ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അഭ്യർത്ഥിച്ചു.
“പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും, നമ്മുടെ ജീവൻ നിലനിർത്തുന്നുവെന്നും കന്നുകാലി സമ്പത്തിനെയും ജൈവവൈവിധ്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നും നമുക്കെല്ലാം അറിയാം. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുന്ന അമ്മയെപ്പോലെ പോഷിപ്പിക്കുന്ന സ്വഭാവമുള്ളതിനാലാണ് പശു ‘കാമധേനു’ എന്നും ‘ഗോമാത’ എന്നും അറിയപ്പെടുന്നത്,” മൃഗക്ഷേമ ബോർഡിന്റെ നോട്ടീസിൽ പറയുന്നു.
പശുവിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട്, പശുവിന്റെ പ്രാധാന്യം മനസിലാക്കി പോസിറ്റിവിറ്റി പ്രചരിപ്പിക്കാനും ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനും ബോർഡ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Also read: ഭാര്യയെ കിയാര അദ്വാനിയുമായി താരതമ്യം ചെയ്തു; ഭക്ഷണം നൽകുന്നില്ലെന്ന പരാതിയുമായി ഭർത്താവ്
“മൃഗങ്ങളോട് അനുകമ്പ കാണിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. പശുവിന്റെ ഗുണങ്ങൾ അറിയാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുക. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം കാരണം ആളുകൾ അവരുടെ പാരമ്പര്യത്തിൽ നിന്ന് പതുക്കെ മാറിക്കൊണ്ടിരിക്കുന്നു, അതിനാൽ അവരുടെ സംസ്കാരത്തോടുള്ള നഷ്ടപ്പെട്ട താൽപ്പര്യം പൊതുജനങ്ങൾക്കിടയിൽ വീണ്ടും പ്രചരിപ്പിക്കാനുള്ള ശ്രമമാണിത്. ഞങ്ങൾ യോഗാ ദിനം ആചരിക്കുന്നത് പോലെ, നിരവധി മന്ത്രാലയങ്ങൾ ഇത്തരത്തിലുള്ള വിവിധ സംരംഭങ്ങൾ ഏറ്റെടുത്തു. അതുപോലെ തന്നെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയവും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പശുവിനെ ആലിംഗനം ചെയ്യുന്ന ഈ സംരംഭം ഏറ്റെടുത്തു, “അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ നിയമോപദേഷ്ടാവ് ബിക്രം ചന്ദ്രവൻഷി ഇന്ത്യ ടുഡേയോട് സംസാരിക്കവെ പറഞ്ഞു.
“കാലക്രമേണ പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി കാരണം വൈദിക പാരമ്പര്യങ്ങൾ ഏതാണ്ട് വംശനാശത്തിന്റെ വക്കിലാണ്. പാശ്ചാത്യ നാഗരികതയുടെ വിസ്മയം നമ്മുടെ ഭൗതിക സംസ്‌കാരത്തെയും പൈതൃകത്തെയും ഏറെക്കുറെ വിസ്മരിച്ചു,” പുരാതന വൈദിക സംസ്കാരത്തെ പാശ്ചാത്യ സംസ്കാരം എങ്ങനെ നശിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബോർഡ് അതിന്റെ അറിയിപ്പിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cow, Valentine day, Valentine's Day