'മൃഗയോഗ',ഫിറ്റ്നസിനായി യോഗ ചെയ്ത് ഹൂസ്റ്റണ്‍ മൃഗശാലയിലെ ആനകള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
അരിക്കൊമ്പനോ ചക്കകൊമ്പനോ അല്ല, ഹൂസ്റ്റണ്‍ മൃഗശാലയിലെ ആനകളാണ് മ്യഗ യോഗ പരിശീലിക്കുന്നത്
മൃഗയോഗ എന്ന് കേട്ടിട്ടുണ്ടോ, അല്ലെങ്കിൽ യോഗ ചെയ്യുന്ന ആനകളെ കണ്ടിട്ടുണ്ടോ ? അരിക്കൊമ്പനോ ചക്കകൊമ്പനോ അല്ല, ഹൂസ്റ്റണ്‍ മൃഗശാലയിലെ ആനകളാണ് മ്യഗ യോഗ പരിശീലിക്കുന്നത്. ഏഷ്യന്‍ വന്‍കരയില്‍ മാത്രം കാണപ്പെടുന്ന ഏഷ്യന്‍ ആനകളില്‍ മൂന്നെണ്ണം ഇന്ന് ഹൂസ്റ്റണ്‍ മൃഗശാലയിലാണ്. ഇവയുടെ ആരോഗ്യ സംരക്ഷണത്തിന് മൃഗശാല കണ്ടെത്തിയ ഒരു ഉപായമാണ് യോഗ. സാധാരണ യോഗയല്ല, മൃഗയോഗ. ആനകള്‍ യോഗ ചെയ്യുന്നത് അവയുടെ പതിവ് ആരോഗ്യ പരിശോധനകളുടെ ഭാഗമായിട്ടാണെന്നും ഇത് മൃഗങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ സംരക്ഷകരെ അനുവദിക്കുന്നുവെന്നും ദ ഹ്യൂസ്റ്റൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.
40 വയസുള്ള ടെസ് എന്ന ആനയാണ് പ്രധാന യോഗ മാസ്റ്റര്‍. ഏതാണ്ട് 6,500 പൗണ്ട് ഭാരമുള്ള തന്‍റെ ശരീരം മുന്‍ കാലുകളില്‍ മാത്രമായി ഉയര്‍ത്തി നിര്‍ത്താന്‍ ടെസ് മിടുക്കനാണ്. “ഞങ്ങളുടെ ഏറ്റവും വഴക്കമുള്ള” ആന എന്നാണ് മൃഗശാലയിലെ ആന മാനേജർ ക്രിസ്റ്റൻ വിൻഡിൽ അഭിപ്രായപ്പെടുന്നത്. 30 സെക്കൻഡ് മുതൽ അഞ്ച് മിനിറ്റ് വരെ നീളുന്ന വിവിധ സെഷനുകളുടെ യോഗാ ക്ലാസുകളാണ് ആനകള്‍ക്കായി രൂപകല്‍പ്പന ചെയ്ത് പരിശീലിപ്പിക്കുന്നത്. മൃഗങ്ങളുടെ വഴക്കം നിലനിര്‍ത്താനും അവയുടെ ചലന വ്യാപ്തി കൂട്ടാനും ഇത്തരം യോഗാ പരിശീലനം വഴി സാധിക്കുന്നുവെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു.
advertisement
ആനയുടെ ജനനം മുതൽ തന്നെ പരിശീലനം ആരംഭിക്കും. പേര് വിളിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതിനും സ്പര്‍ശിക്കുമ്പോള്‍ പ്രതികരിക്കുന്നതിനുമുള്ള പരിശീലനങ്ങള്‍ ആദ്യം നല്‍കുന്നു. ഇത് ആനകളെയും അവയുടെ പരിശീലരെയും തമ്മില്‍ ഒരു അത്മബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആനകള്‍ അവയുടെ ആവാസ വ്യവസ്ഥകളില്‍ കാണിക്കുന്ന സ്വാഭാവിക ചലനങ്ങള്‍ അനുകരിക്കുന്നതാണ് യോഗയിലൂടെ സാധ്യമാക്കുന്നത്. മുന്നിലും പിന്നിലുമുള്ള കാലുകള്‍ ഉയര്‍ത്തുന്നത് മുതല്‍ ഇരുകാലുകളില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതിന് വരെ അവയെ പ്രാപ്തമാക്കുന്നു.
advertisement
ഇത്തരം പരിശീലനത്തിലേക്ക് ആനകളെ ആകര്‍ഷിക്കാനായി വാഴപ്പഴം, റൊട്ടി കഷ്ണങ്ങൾ തുടങ്ങിയ പ്രത്യേക വിഭവങ്ങള്‍ നല്‍കുന്നു. എന്നാല്‍, ഇവ ചെയ്യാന്‍ ആനകളെ നിര്‍ബന്ധിക്കില്ല. പകരം അവയ്ക്ക് താത്പര്യമില്ലെങ്കില്‍ മാറി നില്‍ക്കാനും അനുവാദമുണ്ട്. ഓരോ ആനയ്ക്കും വ്യക്തഗതമായ ദിനചര്യകളാണ് ഉള്ളത്. മൃഗശാലയിലെ 54 വയസ്സുള്ള മെത്തായി എന്ന ആന സന്ധിവാതം കാരണം പതുക്കെയാണ് നടക്കുന്നത്. അതിന് പ്രത്യേക പരിശീലനമാണ്. ശാരീരിക ക്ഷമതയ്‌ക്കപ്പുറം, ഈ യോഗ സെഷനുകൾ ആനകളുടെ മാനസിക ആരേഗ്യത്തിനും ഗുണകരമെന്ന് മൃഗശാല അവകാശപ്പെടുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 05, 2023 7:11 PM IST