ചൈന: നാലു വയസ്സുകാരിയുടെ വയറില്‍ നിന്ന് 61 മാഗ്നറ്റിക് മുത്തുകള്‍ നീക്കം ചെയ്ത് ഡോക്ടര്‍മാര്‍. കുട്ടിയുടെ വയറിലെ ഒരു ഡസനിലധികം ദ്വാരങ്ങളും ഡോക്ടര്‍മാര്‍ അടച്ചു. മുത്തുകള്‍ കുട്ടിയുടെ കുടലിന്റെ ഭിത്തിയില്‍ ഒട്ടിപ്പിച്ച നിലയിലായിരുന്നു. സോയാബീന്‍സിന് സമാനമായ വലിപ്പം ബീഡുകള്‍ക്കുണ്ടായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൂ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് വേദനയുടെ കാരണം കണ്ടെത്തിയത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മുത്തുകൾ പുറത്തെടുത്തത്.
മറ്റ് ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഷെജിയാങ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഡോ ചെന്‍ ക്വിംഗ്ജിയാങ് പറഞ്ഞു. പെണ്‍കുട്ടി വിഴുങ്ങിയ മാഗ്നറ്റിക് മുത്തുകള്‍ കുട്ടിയുടെ കുടലിന്റെ ഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയും സുഷിരങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ 14 ദ്വാരങ്ങളാണ് പെണ്‍കുട്ടിയുടെ കുടലില്‍ കണ്ടെത്തിയതെന്ന് ഡോ. ക്വിംഗ്ജിയാങ് പറയുന്നു. കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും എന്നാല്‍ ഭാവിയില്‍ കുടലില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Also read- വിവാഹവേദിയിലേക്ക് കാള ഇടിച്ചു കയറിയാൽ; വീഡിയോ തരംഗമാവുന്നു
ഇപ്പോള്‍ ഓണ്‍ലൈനായും കടകളിലും ഇത്തരം മാഗ്നറ്റിക് മുത്തുകള്‍ ലഭ്യമാണ്. കുട്ടികള്‍ ഇത് വിഴുങ്ങിയ സംഭവങ്ങൾ നിരവധിയാണ്. കഴിഞ്ഞ വര്‍ഷം അവസാനം ഇത്തരത്തിലുള്ള 87 കേസുകള്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡോ.ക്വിംഗ്ജിയാങ് പറയുന്നു.
എന്നാല്‍ 58കാരന്റെ വയറിനുള്ളില്‍ നിന്ന് 187 നാണയങ്ങള്‍ നീക്കം ചെയ്തതും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. കർണ്ണാടക കറായ്ച്ചൂര്‍ ജില്ലയിലെ ലിംഗ്സുഗൂര്‍ ടൗണില്‍ താമസിക്കുന്ന ദ്യാമപ്പ ഹരിജന്‍ എന്നയാളുടെ വയറിനുള്ളില്‍ രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഇത്രയും നാണയങ്ങള്‍ പുറത്തെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ദ്യാമപ്പയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. രണ്ടോ മൂന്നോ മാസത്തിനിടെ ഇയാള്‍ ഒന്നര കിലോഗ്രാം നാണയങ്ങളാണ് വിഴുങ്ങിയത്.
വയറുവേദനയെ തുടര്‍ന്നാണ് ബന്ധുക്കള്‍ ദ്യാമപ്പയെ ശ്രീ കുമാരേശ്വര ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി നടത്തിയപ്പോഴാണ് നാണയങ്ങള്‍ വിഴുങ്ങിയ വിവരം അറിയുന്നത്. അഞ്ച് രൂപയുടെ 56 നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും, ഒരു രൂപയുടെ 80 നാണയങ്ങളും വയറ്റില്‍ നിന്ന് പുറത്തെടുത്തു.
മുമ്പ് രാജസ്ഥാനിൽ മറ്റൊരാളുടെ വയറ്റില്‍ കുടുങ്ങിയ 63 നാണയങ്ങള്‍ രണ്ടു ദിവസം നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിലെ ഡോക്ടര്‍മാര്‍ എന്‍ഡോസ്‌കോപ്പിയിലൂടെയാണ് നാണയങ്ങള്‍ പുറത്തെടുത്തത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. ജോധ്പൂരിലെ എംഡിഎം ആശുപത്രിയിലായിരുന്നു രണ്ട് ദിവസം നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വയറ്റില്‍ നിന്ന് ഒന്നര കിലോയിലധികം ആഭരണങ്ങളും 90 നാണയങ്ങളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും വാര്‍ത്തയായിരുന്നു. അഞ്ചിന്റെയും പത്തിന്റെയും നാണയത്തുട്ടുകള്‍, മാലകള്‍, മൂക്കുത്തികള്‍, കമ്മലുകള്‍, വളകള്‍, പാദസരങ്ങള്‍, വാച്ചുകള്‍, റിസ്റ്റ് ബാന്‍ഡുകള്‍ എന്നിവയാണ് 26കാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.