'സ്ത്രീകൾ അപരിചിതരായ പുരുഷന്മാരോട് സംസാരിക്കരുത്'; ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി നൂറു വയസ്സുകാരി
- Published by:Vishnupriya S
- news18-malayalam
Last Updated:
ദീർഘായുസ്സിന്റെ രഹസ്യം ഭക്ഷണക്രമത്തിലോ ആരോഗ്യകരമായ ജീവിതശൈലിയിലോ അല്ല എന്നും പതിവ് രീതിയിൽ തന്നെ ജീവിച്ചാലും അപരിചിതരായ പുരുഷന്മാരോട് സംസാരിക്കാതിരുന്നാൽ ദീർഘായുസ്സ് ലഭിക്കുമെന്നുമാണ് അവർ പറയുന്നത്
തന്റെ ആയുസ്സിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ബ്രിട്ടീഷ് സ്വദേശിയായ 100 വയസ്സുകാരി. അപരിചിതരായ പുരുഷന്മാരുമായുള്ള സംസാരം പൂർണ്ണമായി ഒഴിവാക്കിയാൽ നൂറു വയസ്സു വരെ ജീവിക്കാമെന്നാണ് വെസ്റ്റ് യോർക്ക്ഷെയറിലെ സൗത്ത് കിർബിയിൽ നിന്നുള്ള ഒലിവ് വെസ്റ്റർമാൻ എന്ന ബ്രിട്ടീഷ് വനിതയുടെ വാദം. ചിരിയും യാത്രയും നിറഞ്ഞ സന്തോഷകരമായ ഒരു ജീവിതം എങ്ങനെ ജീവിക്കാൻ കഴിയുമെന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒലിവ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്:
“അപരിചിതരായ പുരുഷന്മാരോട് സംസാരിക്കുന്നത് ഒഴിവാക്കുക, നിങ്ങൾക്ക് സുഖമായി ജീവിക്കാൻ കഴിയും”. ഒലിവ് തന്റെ ജന്മദിനം ചെസ്റ്ററിലെ ഡീപ്‌വാട്ടർ ഗ്രേഞ്ച് റെസിഡൻഷ്യൽ ഹോമിൽ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കുന്നതിനിടെയാണ് ഇക്കാര്യം പങ്കുവച്ചത്. ദീർഘായുസ്സിന്റെ രഹസ്യം ഭക്ഷണക്രമത്തിലോ ആരോഗ്യകരമായ ജീവിതശൈലിയിലോ അല്ല എന്നും പതിവ് രീതിയിൽ തന്നെ ജീവിച്ചാലും അപരിചിതരായ പുരുഷന്മാരോട് സംസാരിക്കാതിരുന്നാൽ നിങ്ങൾക്ക് ദീർഘായുസ്സ് ലഭിക്കുമെന്നുമാണ് അവർ പറയുന്നത്.
advertisement
ഒരു നഴ്‌സ് എന്ന നിലയിൽ ജോലിയുടെ ഭാഗമായി കുട്ടികളുമായി അടുത്തിടപഴകാൻ സാധിച്ചത് ഒലിവിനെ മനസ്സ് കൊണ്ട് ചെറുപ്പമാക്കിയിരിക്കാൻ സഹായിച്ചു. അതോടൊപ്പം എഴുത്തുകാരനും ട്രാവൽ മാനേജരുമായ ഭർത്താവിനൊപ്പം ലോകം മുഴുവൻ നടത്തിയ എണ്ണമറ്റ യാത്രകൾ അവരെ ആരോഗ്യവതിയായി ജീവിക്കാൻ സഹായിച്ചതിലെ ഒരു ഘടകമാണ്. മൂന്ന് വർഷത്തോളം അവർ ജീവിച്ചത് സിംഗപൂരിലാണ്. ആ കാലത്തെ സന്തോഷത്തെക്കുറിച്ച് ഒലിവിന് നിരവധി ഓർമ്മകളുമുണ്ട്. പ്രത്യേകിച്ച് അവരുടെ ഭർത്താവിനെ അവർ കണ്ടുമുട്ടിയതും സിംഗപൂരിൽ വച്ചാണ്.
“ഞാൻ വിദേശത്ത് കുറച്ച് കാലം ചെലവഴിച്ചു, എനിക്ക് താമസിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം സിംഗപ്പൂരാണ് – എനിക്ക് അവിടെ വളരെയധികം ഇഷ്ടപ്പെട്ടു. സിംഗപ്പൂർ വളരെ മനോഹരമാണ്, ഇംഗ്ലണ്ടിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അവിടത്തെ രീതികൾ. “ഞാനും എന്റെ ഭർത്താവും എല്ലാ ഞായറാഴ്ചയും പ്രാർത്ഥയിൽ പങ്കെടുത്തിരുന്ന പള്ളിയിൽ വച്ചാണ് കണ്ടുമുട്ടിയത്. കുർബാന കഴിഞ്ഞ് ഒരു ദിവസം ഞങ്ങൾ പരസ്പരം സംസാരിച്ചു. അന്ന് മുതൽ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ദയയും സൗമ്യവുമായ സ്വഭാവമാണ്, മറ്റുള്ളവരെ സഹായിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്” ഒലിവ് പറഞ്ഞു.
advertisement
“സന്തോഷത്തോടെയും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന സംതൃപ്തിയോടെയും, നിങ്ങൾക്ക് ഉള്ളത് പരമാവധി പ്രയോജനപ്പെടുത്തി ജീവിക്കുക. എനിക്ക് ഇപ്പോൾ 100 വയസ്സുണ്ടെന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. പക്ഷേ ഇത് അതിശയകരമാണ്“ അപരിചിതരായ പുരുഷന്മാരോട് സംസാരിക്കരുതെന്ന തന്റെ ഉപദേശത്തോടൊപ്പം ഒലിവിന്റെ വാക്കുകൾ ഇങ്ങനെ നീളുന്നു. ഒലിവിന്റെ നൂറാം ജന്മദിനത്തിന് ചാൾസ് രാജാവിൽ നിന്നും കാമിലയിൽ നിന്നും ബർത്ത് ഡേ കാർഡ് കിട്ടിയതിലെ സന്തോഷവും അവർ മറച്ച് വച്ചില്ല. വളരെ വിപുലമായ ഒരു ചായ സൽക്കാരവും ഉണ്ടായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 02, 2023 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സ്ത്രീകൾ അപരിചിതരായ പുരുഷന്മാരോട് സംസാരിക്കരുത്'; ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി നൂറു വയസ്സുകാരി