ബിസ്ക്കറ്റ് പാക്കറ്റിൽ ഒരെണ്ണം കുറവ്; ഉപഭോക്താവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
- Published by:Anuraj GR
- news18-malayalam
Last Updated:
പാക്കറ്റിനുള്ളിൽ 16 ബിസ്ക്കറ്റുകളുണ്ടാകുമെന്ന് പുറത്ത് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പാക്കറ്റ് പൊട്ടിച്ചുനോക്കിയപ്പോൾ 15 ബിസ്ക്കറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്
ബിസ്ക്കറ്റ് പാക്കറ്റിന് പുറത്ത് നിർദേശിച്ചിരുന്ന എണ്ണത്തിൽ ഒരെണ്ണം കുറഞ്ഞതിന് ഉപഭോക്താവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഐടിസിയുടെ സൺഫീസ്റ്റ് മാരി ഗോൾഡ് ബ്രാൻഡിലുള്ള ബിസ്ക്കറ്റ് വാങ്ങിയ ഉപഭോക്താവിനാണ് കമ്പനി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത്. പാക്കറ്റിനുള്ളിൽ 16 ബിസ്ക്കറ്റുകളുണ്ടാകുമെന്ന് പുറത്ത് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പാക്കറ്റ് പൊട്ടിച്ചുനോക്കിയപ്പോൾ 15 ബിസ്ക്കറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഇതേത്തുടർന്ന് കടക്കാരനോട് ഈ വിവരം പറഞ്ഞെങ്കിലും കൈമലർത്തി. തുടർന്ന് ഐടിസി കമ്പനിയിൽ നേരിട്ട് വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ ചെന്നൈ സ്വദേശിയായ ദില്ലിബാബു എന്ന ഉപഭോക്താവ് ഉപഭോക്തൃകോടതിയിൽ പരാതി നൽകുകയായിരുന്നു.
ദില്ലിബാബു കോടതിയിൽ നൽകിയ ഹർജിയിൽ ഇങ്ങനെയാണ് പരാതി നൽകിയത്, ‘ഒരു ദിവസം ഐ ടി സി കമ്പനി 50 ലക്ഷം ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ബിസ്‌ക്കറ്റിന് 75 പൈസ വച്ച് ആണെങ്കിൽ, പൊതുജനങ്ങളെ കബളിപ്പിച്ച് കമ്പനി 29 ലക്ഷത്തോളം രൂപയാണ് സമ്പാദിക്കുന്നത്’- ദില്ലിബാബു കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
advertisement
ഹർജി പരിഗണിച്ച ഉപഭോക്തൃ കോടതിയിൽ കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകർ ദില്ലിബാബുവിന്‍റെ ആരോപണം പ്രതിരോധിച്ചു. കമ്പനി എണ്ണം കണക്കാക്കിയല്ല, തൂക്കം നോക്കിയാണ് വില്‍പ്പന നടത്തുന്നതെന്ന് അവർ വാദിച്ചു. എന്നാൽ പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയ എണ്ണം, ഉള്ളിൽ ഇല്ലാത്തതെന്തെന്ന ചോദ്യത്തിന് അവർക്ക് കൃത്യമായ വിശദീകരണം നൽകാനായില്ല.
ഇതോടെ കോടതി മുൻകൈയെടുത്ത് ബിസ്ക്കറ്റ് പാക്കറ്റിന്‍റെ തൂക്കം പരിശോധിച്ചു. പായ്ക്കറ്റില്‍ രേഖപ്പെടുത്തിയത് 76 ഗ്രാമാണ്. എന്നാല്‍ 15 ബിസ്‌ക്കറ്റുള്ള പായ്ക്കറ്റ് പരിശോധിച്ചപ്പോള്‍ 74 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്ന് കോടതിക്ക് വ്യക്തമായി. തുടര്‍ന്ന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിടുകയായിരുന്നു. കമ്പനി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
September 06, 2023 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബിസ്ക്കറ്റ് പാക്കറ്റിൽ ഒരെണ്ണം കുറവ്; ഉപഭോക്താവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്