നവാസ് കൂടെയില്ലാത്ത ആദ്യ വിവാഹവാർഷികം; പതിവ് തെറ്റിക്കാതെ രഹ്ന; ഉമ്മിച്ചിയുടെ മനോവേദനയെക്കുറിച്ച് മക്കൾ
- Published by:meera_57
- news18-malayalam
Last Updated:
നവാസ് കൂടെയില്ലാതെ രഹ്നയുടെ ആദ്യ വിവാഹവാർഷികത്തെക്കുറിച്ച് മക്കൾ എഴുതിയ കുറിപ്പ്
രഹ്‌നയേയും മൂന്ന് പൊന്നോമന മക്കളേയും വിട്ട് നവാസ് (Kalabhavan Navas) മറ്റൊരുലോകത്തെത്തിയ ശേഷമുള്ള ആദ്യ വിവാഹവാർഷിക ദിനത്തിന്റെ നോവുമായി കുടുംബത്തിന്റെ പോസ്റ്റ്. രഹ്നയും നവാസും പങ്കിട്ടിരുന്ന സ്നേഹം മക്കൾക്കും നന്നായി അറിയാമായിരുന്നു. അവരുടെ പ്രിയപ്പെട്ട വാപ്പിച്ചിയായിരുന്നു അക്ഷരാർത്ഥത്തിൽ ഉമ്മിച്ചിയുടെ ലോകം. നവാസ് കൂടെയുണ്ടെങ്കിൽ, അവർ എവിടെയും പോകാൻ ആഗ്രഹിച്ചിരുന്നില്ല. എത്രനേരം ഒന്നിച്ചു ചിലവിട്ടാലും പരസ്പരം മടുക്കാത്ത ദമ്പതികൾ. ഓരോ വിവാഹവാർഷികദിനത്തിലും നവാസും രഹ്നയും ഒന്നിച്ചു നട്ട മരത്തൈകൾ നിറഞ്ഞ ഉദ്യാനമാണ് അവരുടെ വീടിനു ചുറ്റും. നവാസ് കൂടെയില്ലാതെ രഹ്നയുടെ ആദ്യ വിവാഹവാർഷികത്തെക്കുറിച്ച് മക്കൾ എഴുതിയ കുറിപ്പ്.
ഉമ്മിച്ചിക്ക് ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചി പാടി കൊടുത്തതാണ്, വാപ്പിച്ചി തന്നെ എഡിറ്റ് ചെയ്ത വീഡിയോ ആണ് ഇത്. ഇന്ന് ഒക്ടോബർ 27, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാർഷികമാണ്. ഈ ദിവസം രാവിലെ രണ്ടു പേരും ഒരുമിച്ച് ഫ്രൂട്ട്സിന്റെ തൈകൾ നടാറുണ്ട്. അങ്ങിനെ നട്ട തൈകളാണ് ഇവിടെ കായ്ച്ചു നിൽക്കുന്ന ഓരോ മരങ്ങളും, ഒന്നിനും പറ്റാത്ത ഈ അവസ്ഥയിൽ ഉമ്മച്ചിയുടെ ചെടികളെപ്പോലും ഉമ്മിച്ചി ശ്രദ്ധിച്ചില്ല. പക്ഷെ വാപ്പിച്ചിയെ ചേർത്തുപിടിച്ച് ഈ വാർഷികത്തിനും ഉമ്മിച്ചി ഫ്രൂട്ട്സിന്റെ തൈകൾ നട്ടു.
advertisement
ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. അവരുടെ പ്രണയം എപ്പോഴും കൗതുകത്തോടെയാണ് ഞങ്ങൾ നോക്കി നിൽക്കുന്നത്, വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, ടി.വി. കാണില്ല, ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല, ഫാമിലി ഗ്രൂപ്പിലോ, ഫ്രണ്ട്‌സ് ഗ്രൂപ്പിലോ ഇല്ല. വാപ്പിച്ചിയില്ലാതെ ഒരു കല്ല്യാണത്തിനുപോലും പോവാറില്ല.. വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്. വാപ്പിച്ചി വർക്ക് കഴിഞ്ഞു തിരിച്ചെത്തും വരെ വാപ്പിച്ചിക്കു വേണ്ടി ഉമ്മിച്ചി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും, വാപ്പിച്ചി തിരിച്ചെത്തിയാലാണ് ആ മുഖമൊന്നു തെളിയുന്നത്. വാപ്പിച്ചി വന്നാൽ ഔട്ടിങ്ങിനു പോവാൻപോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടിൽത്തന്നെ ചിലവഴിക്കാനാണ് ഉമ്മിച്ചിക്കിഷ്ടം. രണ്ടു പേർക്കും ഒരുമിച്ചെത്രനാൾ വീട്ടിലിരുന്നാലും ബോറടിക്കില്ല.
advertisement
advertisement
ഉമ്മിച്ചി ഒരാഗ്രഹവുമില്ലാത്ത ആളാണെന്ന് വാപ്പിച്ചി എപ്പോഴും പറയും. വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം. ഈ ഭൂമിയിൽ വേറെന്തു നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ചു നിൽക്കുമായിരുന്നു, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു. ഇപ്പോൾ പടച്ചവൻ വാപ്പിച്ചിക്ക് എന്താണോ അവിടെ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാൽ മതി എന്നാണ് ഉമ്മച്ചിയുടെ പ്രാർത്ഥന. ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല രണ്ടു പേരും, ഒരുപാടു സ്നേഹിച്ചതിനാവും പടച്ചവൻ രണ്ടു പേരെയും രണ്ടിടത്താക്കിയത്, മരണംകൊണ്ടും അവരെ വേർപിരിക്കാനാവില്ല. അവർ രണ്ടു പേരും ഇപ്പോഴും കാത്തിരിപ്പിലാണ്, പരീക്ഷണത്തിനൊടുവിൽ, സുബർക്കത്തിൽ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ."
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 28, 2025 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നവാസ് കൂടെയില്ലാത്ത ആദ്യ വിവാഹവാർഷികം; പതിവ് തെറ്റിക്കാതെ രഹ്ന; ഉമ്മിച്ചിയുടെ മനോവേദനയെക്കുറിച്ച് മക്കൾ


