മകന് കളിപ്പാട്ടമായി മഹീന്ദ്ര ജീപ്പ് നിർമ്മിച്ച് പിതാവ്, ഒറിജനലിനെ വെല്ലുന്ന നിർമ്മിതി ഇന്റർനെറ്റിൽ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
മലപ്പുറം ജില്ലയിൽ നിന്നുള്ള ഷാക്കിർ മകനായി നിർമ്മിച്ച ഒന്നരലക്ഷം രൂപയുടെ ജീപ്പ് വൈറൽ
കുട്ടികളെ രസിപ്പിക്കുന്നതിനായി പല രക്ഷിതാക്കളും അവർക്ക് ഇഷ്‌ടപ്പെട്ട കളിപ്പാട്ടങ്ങൾ വാങ്ങി നൽകാറുണ്ട്. എന്നാൽ ചിലർ തങ്ങളുടെ കഴിവും ബുദ്ധിയും ഉപയോഗിച്ച് സ്വയം കളിപ്പാട്ടങ്ങൾ നിർമ്മിക്കാറുണ്ട്. അത്തരം ഒരാളാണ് മലപ്പുറം ജില്ലയിലെ ആരീക്കോടുള്ള ഷാക്കിർ. സ്വന്തം മക്കൾക്ക് കളിക്കാനായി മഹീന്ദ്ര ജീപ്പിന്റെ ചെറിയ രൂപം ഉണ്ടാക്കിയാണ് ഷാക്കിർ വാർത്തകളിൽ നിറയുന്നത്.
കാഴ്ച്ചയിൽ മഹീന്ദ്ര ജീപ്പ് തന്നെയെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് നിർമ്മാണം. ജീപ്പിന്റെ സവിശേഷതകളും മറ്റും പരിചയപ്പെടുത്തുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈദ്യുതി ഉപയോഗിച്ച് ഓടിക്കാവുന്നതാണ് ഷാക്കിർ നിർമ്മിച്ച ജീപ്പ്. മികച്ച രീതിയിൽ ഡിസൈൻ ചെയ്ത വാഹനത്തിന് യോജിച്ച കളറും നൽകിയിട്ടുണ്ട്.
1000 വാട്ടിന്റെ മോട്ടോറാണ് ജീപ്പ് നിർമ്മിക്കാൻ ഷാക്കിർ ഉപയോഗിച്ചിരിക്കുന്നത്. പവർ സ്റ്റിയറിംഗ്, മാറ്റാൻ സാധിക്കുന്ന സോഫ്റ്റ് ടോപ്പ്, മാനുവൽ ഗിയർ ബോക്സ്, ഹെഡ് ലൈറ്റ് എന്നിങ്ങനെ ഒരു മഹീന്ദ്ര ജീപ്പിനുള്ള എല്ലാ സവിശേഷതകളും ഈ കളിപ്പാട്ടത്തിൽ കൊണ്ടു വരാൻ ഷാക്കിറിന് സാധിച്ചിട്ടുണ്ട്. മുൻ ഭാഗത്തും പിൻ ഭാഗത്തുമായി ഇരിക്കാനുള്ള സീറ്റുകളും ജീപ്പിനുണ്ട്.
advertisement
പവർ വിൻഡോ, അഡ്ജസ്റ്റബിൾ സീറ്റ്, എൽ.ഇ.ഡി. ലൈറ്റ്, സംഗീതം ആസ്വദിക്കാനുള്ള സൗണ്ട് സിസ്റ്റം എന്നിവയും ജീപ്പിനുള്ളിൽ ഷാക്കിർ ഒരുക്കിയിട്ടുണ്ട്. ജീപ്പിന്റെ സവിശേഷതകൾ വിവരിച്ചുള്ള വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ലക്ഷകണക്കിന് ആളുകൾ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. ധാരാളം ഷെയറുകളും കമന്റുകളും വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.
ആറ് മുതൽ ഏഴുവരെ കുട്ടികൾ ജീപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്നാൽ മുതിർന്ന ഒരാൾക്ക് ജീപ്പിനുള്ളിൽ കയറി ഇരിക്കുക എന്നത് പ്രയാസമാണെന്നും വീഡിയോ കണ്ടാൽ മനസ്സിലാവും.
advertisement
ഏതാണ്ട് ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് മഹീന്ദ്ര ജീപ്പിന്റെ ചെറിയ രൂപം ഷാക്കിറിന് നിർമ്മിക്കാനായത്. ജീപ്പ് നിർമ്മാണത്തിനായുള്ള എല്ലാ ജോലികളും അദ്ദേഹം സ്വന്തമായി തന്നെയാണ് ചെയ്തത്. വെൽഡിംഗ് വർക്കുകൾ, പെയിൻ്റിംഗ്, ഡിസൈനിംഗ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഏതാണ്ട് 5-6 വർഷങ്ങൾക്ക് മുമ്പാണ് താൻ ജീപ്പ് നിർമ്മിച്ചതെന്നും ഷാക്കിർ വീഡിയോയിൽ പറയുന്നു. ഒന്നര ലക്ഷം രൂപയാണ് ജീപ്പിന്റെ നിർമ്മാണം പൂർത്തിയാക്കാൻ അദ്ദേഹം ചെലവിട്ടത്.
“ഖത്തറിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഒരു അറബിയുടെ വീട്ടിൽ കുട്ടികൾക്കായുള്ള ജീപ്പ് കണ്ടിരുന്നു. പതിനായിരം റിയാൽ ആയിരുന്നു അതിന്റെ വില. അന്ന് മനസിൽ കുറിച്ചതാണ് നാട്ടിൽ എത്തിയ ശേഷം മകന് വേണ്ടി അത്തരമൊന്ന് നിർമ്മിക്കണം എന്ന്,” ഷാക്കിർ വീഡിയോയിൽ പറയുന്നു. കുട്ടികൾക്ക് കളിക്കുന്നതിനൊപ്പം വെള്ളം കൊണ്ടു വരുന്നതിനും, മറ്റ് ചില വീട്ടാവശ്യങ്ങൾക്കും കുഞ്ഞ് ജീപ്പ് ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒരു പ്രൊജക്ടാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഷാക്കിർ പറഞ്ഞു.
advertisement
Tag: Jeep, Mahindra, Jeep Miniature, ജീപ്പ്, മഹീന്ദ്ര, കളിപ്പാട്ടം, മലപ്പുറം, Toy
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 22, 2021 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മകന് കളിപ്പാട്ടമായി മഹീന്ദ്ര ജീപ്പ് നിർമ്മിച്ച് പിതാവ്, ഒറിജനലിനെ വെല്ലുന്ന നിർമ്മിതി ഇന്റർനെറ്റിൽ വൈറൽ









