വീട്ടിൽ നിന്നും മാറി ഹോസ്റ്റലുകളിലും മറ്റും നിൽക്കുമ്പോൾ പലർക്കും ഏറ്റവുമധികം മിസ് ചെയ്യുന്ന ഒന്നാണ് വീട്ടിലെ ഭക്ഷണം (Home Food). ചിലപ്പോൾ സ്കൂളിനോ കോളേജിനോ ഒക്കെ അടുത്ത് വീടുള്ള സുഹൃത്തുക്കൾ ഈ വിഷമം ഒരു പരിധി വരെ പരിഹരിക്കാറുമുണ്ട്. തങ്ങളുടെ കൂട്ടുകാർക്കുള്ള ഭക്ഷണം കൂടി അവർ കരുതിയിട്ടുണ്ടാകും. അത്തരമൊരു സംഭവമാണ് ട്വിറ്ററിൽ (Twitter) ഒരു പെൺകുട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂട്ടുകാരന്റെ അമ്മയെക്കുറിച്ചാണ് പോസ്റ്റ്.
''മെസിൽ നിന്നും കിട്ടുന്ന ഭക്ഷണത്തെക്കുറിച്ച് സുഹൃത്തിനോട് എപ്പോഴും പരാതി പറയുമായിരുന്നു. അവൻ അക്കാര്യം അവന്റെ അമ്മയോട് പറഞ്ഞു. അതിനു ശേഷം മിക്കവാറും എല്ലാ ദിവസവും അവന്റെ അമ്മ എനിക്കുള്ള ഭക്ഷണം ഇങ്ങനെ കൊടുത്തു വിടുകയാണ്'', ടിഫിൻ ബോക്സിന്റെ ചിത്രം സഹിതം പെൺകുട്ടി ട്വീറ്റ് ചെയ്തു.
പക്ഷേ എന്നും ഇങ്ങനെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും ലഭിക്കുന്ന ഭക്ഷണം സ്വീകരിക്കുന്നതിൽ തനിക്കൽപം മടിയുണ്ടായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. തിരികെ ഒന്നും നൽകാതെ, കാലിയായ ടിഫിൻ ബോക്സ് ദിവസവും തിരിച്ചു കൊടുത്തു വിടുന്നതിലും അവൾക്ക് വിഷമുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം, അവൾക്ക് ടിഫിനൊപ്പം സുഹൃത്തിന്റെ അമ്മയിൽ നിന്ന് ഹൃദയസ്പർശിയായ ഒരു കുറിപ്പും ലഭിച്ചു. ''ഭക്ഷണം ആസ്വദിച്ചു കഴിക്കൂ. അമ്മയ്ക്ക് കാലിപ്പാത്രങ്ങൾ തിരികെ നൽകുന്നതിൽ കുട്ടികൾ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ സ്നേഹം നൽകിയാൽ മതി. ദൈവം അനുഗ്രഹിക്കട്ടെ'', എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.
ട്വീറ്റിനു താഴെ ഈ സ്നേഹനിധിയായ അമ്മയെ പ്രശംസിച്ചും അഭിനന്ദിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് മറ്റൊരാൾ കുറിച്ചു. സ്കൂൾ കാലഘട്ടത്തിൽ കൂട്ടുകാരെ തമ്മിൽ ഒന്നിപ്പിച്ചിരുന്ന ഘടകമാണ് ഭക്ഷണം എന്നും ചിലർ കമന്റ് ബോക്സിൽ ട്വീറ്റ് ചെയ്തു.
Been complaining about mess food to friend and he told his mom, so his mom’s been sending me food almost everyday. I said I couldn’t accept it anymore because I don’t have time to make anything and return the tiffins and now she sends these little notes. Humans are top tier >> pic.twitter.com/qBcM8EfmQi
— shruberry (blue tick) (@psychedamygdala) July 7, 2022
സുഹൃത്തുക്കളുടെ ഇടയിൽ മാത്രമല്ല, പല ബന്ധങ്ങളും ആരംഭിക്കാനും ചിലരോട് സ്നേഹം തോന്നാനുമൊക്കെയുള്ള ഒരു കണ്ണിയായി ഭക്ഷണം ചിലപ്പോൾ മാറാറുണ്ട്. ഡെലിവറി ബോയി അറസ്റ്റിലായതിനെ തുടർന്ന് പോലീസുകാരൻ ആ ജോലി ഏറ്റെടുത്ത് ഉപഭോക്താവിന് ഭക്ഷണമെത്തിച്ച വാർത്ത മുൻപ് വൈറലായിരുന്നു. ഒരു ട്രാഫിക് പോയിന്റിൽ വച്ച് ഡെലിവറി ബോയി അറസ്റ്റിലായതിനെ തുടർന്നാണ് പോലീസുകാരൻ ഡെലിവറി ബോയിയുടെ ജോലി ഏറ്റെടുത്തത്. അറസ്റ്റിലായതോടെ ഡെലിവറി ബോയ്ക്ക് തന്റെ ജോലി പൂർത്തിയാക്കാൻ കഴിയാതെ വന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആശയക്കുഴപ്പത്തിലായി. കാരണം ഭക്ഷണം പാഴാക്കുന്നത് ഇയാൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യമായിരുന്നു. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് ഓർഡർ ചെയ്തയാൾക്ക് ഭക്ഷണം എത്തിക്കാൻ തീരുമാനിച്ചത്. ചൈനയിലായിരുന്നു സംഭവം. ഓർഡർ നൽകിയ സ്ത്രീ ആദ്യം പോലീസിനെ കണ്ട് അമ്പരന്നെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അവർ ആശ്വസിക്കുകയും തനിക്ക് ഭക്ഷണം കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥന് നന്ദി പറയുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.