എംബിഎ പഠനം ഉപേക്ഷിച്ച ചായക്കച്ചവടക്കാരനെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രഫുൽ ബില്ലോർ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ചായക്കച്ചവടനം നടത്തി 90 ലക്ഷം രൂപയുടെ മെഴ്സിഡസ് ബെൻസ് കാർ സ്വന്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം. കാർ ഷോറൂമിൽനിന്ന് വാങ്ങുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ,െയർ ചെയ്തു. 15 ലക്ഷത്തിലേറെ ഫോളോവർമാരുള്ള പ്രഫുലിന്‍റെ പുതിയ വിശേഷവും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
2017ലാണ് പ്രഫുൽ എംബിഎ പഠനം ഉപേക്ഷിച്ച് അഹമ്മാദാബാദിൽ ഒരു ചായക്കട തുടങ്ങിയത്. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ രാജ്യത്തുടനീളം എംബിഎ ചായ് വാല എന്ന പേരിൽ നിരവധി ചായക്കടകൾ അദ്ദേഹം ആരംഭിച്ചുകഴിഞ്ഞു.
‘എംബിഎ ചായ് വാല’ ഒരു മെഴ്‌സിഡസ് ബെൻസ് GLE ലക്ഷ്വറി എസ്‌യുവി വാങ്ങി. ജനപ്രിയ ആഡംബര എസ്‌യുവിയുടെ 300 ഡി വേരിയന്റാണ് പ്രഫുൽ വാങ്ങിയത്. ഒരു ഇൻസ്റ്റാഗ്രാം റീലായാണ്, പ്രഫുൽ ബില്ലോർ കാർ സ്വന്തമാക്കുന്ന ചിത്രം പങ്കിട്ടത്, “ഇത് കഠിനാധ്വാനത്തിന്റെയും പ്രചോദനത്തിന്റെയും ശക്തിയുടെ തെളിവാണ്. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ നേടിയെടുക്കാൻ സജ്ജമാണ്.”- ഇദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
രാജ്യത്ത് നിലവിൽ ലഭ്യമാകുന്ന ഏറ്റവും ജനപ്രിയമായ ആഡംബര എസ്.യു.വിയാണ് മെഴ്‌സിഡസ് ബെൻസ് GLE. 245 പിഎസും 500 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മെഴ്‌സിഡസ് ബെൻസ് GLE 300d. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഗിയർ സംവിധാനം. 7.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും. ഇതിന്‍റെ ഉയർന്ന വേഗത മണിക്കൂറിൽ 220 കിലോമീറ്റർ ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.