വാലന്റൈന്‍സ് ഡേ എന്നത് എല്ലാവരും ആഘോഷിക്കുന്ന ഒരു ദിനമല്ല. പ്രണയിതാക്കൾ പരസ്പരം സ്‌നേഹവും സമ്മാനങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍, സിംഗിള്‍സിന് ഇത് ഏകാന്തതയുടെ ദിവസങ്ങളാണ്. എന്നാല്‍ സിംഗിള്‍സിന്റെ ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗുരുഗ്രാമില്‍ നിന്നുള്ള ഒരു ടെക്കി. സിംഗിള്‍ആയിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് തന്നെ വാടകക്ക് എടുക്കാമെന്നാണ് യുവാവിന്റെ ഓഫർ.
31കാരനായ ശകുല്‍ ഗുപ്ത, ഇന്‍സ്റ്റഗ്രാമിലാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടത്. അതേസമയം, തന്റെ ഉദ്ദേശ്യം പണമോ, ലൈംഗികതയോ അല്ലെന്ന് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്. ഏകാന്തത ഒഴിവാക്കുക എന്ന ഒറ്റക്കാരണമാണ് ഈ ആശയത്തിന് പിന്നിലെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറഞ്ഞു.
‘നിങ്ങള്‍ ഒറ്റയ്ക്കാണോ? കൂട്ടിന് ഒരാളെ ആവശ്യമുണ്ടോ? എങ്കിൽ മടിക്കേണ്ട, എന്നെ വാടകയ്ക്കെടുക്കാം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായി ഞാന്‍ അതിനെ മാറ്റും’ ഗുപ്ത കുറിച്ചു.
Also Read- ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നത് എന്തുകൊണ്ട്?
2018 മുതലാണ് ഇങ്ങനെ ഒരു സേവനം ആരംഭിച്ചതെന്നും ഗുപ്ത പറഞ്ഞു. ‘കൂട്ടുകാരും പ്രണയവും’ ആഗ്രഹിച്ചപ്പോഴാണ് ഇങ്ങനെ ഒരു ആശയം തോന്നിയത് -അദ്ദേഹം എഴുതി, ‘വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിനികള്‍ പരസ്പരം ‘ഐ ലവ് യു’ പറയുന്നത് കാണുമ്പോള്‍ എനിക്ക് അസൂയ തോന്നും. കാരണം എനിക്ക് ഇതുവരെ ഒരു കാമുകിയെ കണ്ടെത്താനായില്ലല്ലോയെന്ന് ഓര്‍മ്മിപ്പിക്കുന്ന ദിവസമാണത്. ഇതില്‍ നിന്നാണ് വാടകയ്ക്ക് ഒരു കാമുകന്‍ എന്ന ആശയം ജനിച്ചത്.
View this post on Instagram
തന്റെ സേവനം വാലന്റൈന്‍സ് ദിനത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു. വാടകയ്ക്ക് കാമുകനാകാം എന്ന പരസ്യം നൽകി നിരവധി തവണ ഡേറ്റിംങിന് പോയിട്ടുണ്ടെന്ന് ഗുപ്ത പറഞ്ഞു.
‘ഞാന്‍ സുന്ദരികളായ സ്ത്രീകളുമായി 50-ലധികം തവണ ഡേറ്റിംങിന് പോയിട്ടുണ്ട്, അതേസമയം, തന്നെ ട്രോളുകയും താൻ ഈടാക്കുന്ന ചാർജ് എത്രയാണെന്ന് ചോദിക്കുന്നവരോടുമായി ഒരു പുഞ്ചിരി മാത്രമാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ഗുപ്ത പറഞ്ഞു.
റോസ് ഡേയില്‍ ആരംഭിച്ച്, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, ഒടുവില്‍ വാലന്റൈന്‍സ് ഡേ എന്നിങ്ങനെയാണ് വാലന്റൈന്‍സ് വീക്ക് ആഘോഷിക്കുന്നത്. വാലന്റൈന്‍സ് ദിനമടുത്തതോടെ ലോകമെമ്പാടുമുള്ള സിംഗിളായിട്ടുള്ള ആളുകള്‍ പല തരത്തിലുള്ള മീമുകളും പുറത്തിറക്കിയിട്ടുണ്ട്.
ആഘോഷങ്ങള്‍ക്ക് പുറമെ, നിങ്ങളുടെ മുന്‍ കാമുകനോട് രസകരമായി പ്രതികാരം ചെയ്യാനുള്ള അവസരവും യുഎസ്എയിലെ ഒഹായോയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഇതിനായി നിങ്ങള്‍ ക്യാറ്റ് ലിറ്റര്‍ ബോക്സില്‍ നിങ്ങളുടെ മുന്‍ കാമുകന്റെ പേര് എഴുതിയിടണം. ഇതിനോടൊപ്പം അനിമല്‍ ഫ്രണ്ട് ഹ്യൂമന്‍ സൊസൈറ്റിക്ക് അഞ്ച് ഡോളര്‍ ( 400 രൂപ) സംഭാവനയായും നല്‍കണം. നല്‍കിയ പേരുകള്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള ഒരു വീഡിയോ മൃഗസംരക്ഷണ കേന്ദ്രം ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.