കുടുംബ പ്രശ്നങ്ങള്‍ കാരണം നിരവധി സ്ത്രീകള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍, അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങുകയാണ് ഈ ഗ്രാമത്തിലെ സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ ഗ്രാമത്തിലാണ് ഈ വിചിത്ര സംഭവം നടക്കുന്നത്. മാത്രമല്ല, ഒരു സ്ത്രീകളും ഈ ഗ്രാമത്തിലേക്ക് വിവാഹം കഴിച്ച് വരാനും ആഗ്രഹിക്കുന്നില്ല. ഇതിന്റെ കാരണവും വിചിത്രമാണ്. ഈ ഗ്രാമ മുഴുവന്‍ ഈച്ച ശല്യം കൊണ്ട് വലഞ്ഞിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ഈച്ചകളുടെ ശല്യം കാരണം ഇവിടെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
പ്രദേശത്തെ ഈച്ചകളുടെ ശല്യം കാരണം ഒരു വര്‍ഷത്തിനുള്ളില്‍ ബദായാന്‍ പുര്‍വ്വ ഗ്രാമത്തിലെ 6 സ്ത്രീകളാണ് അവരുടെ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. ബദായാന്‍ പുര്‍വ, കുയാന്‍, പാട്ടി, ദഹീ, സലേംപൂര്‍, ഫത്തേഹ്പൂര്, ജല്‍ പുര്‍വ, നയാ ഗാവുന്‍, ദിയോറിയ, ഏക്ഘര തുടങ്ങിയ ഗ്രാമങ്ങളിലെല്ലാം ഈച്ചകള്‍ നിറഞ്ഞിരിക്കുകയാണ്. ഈ വാര്‍ത്ത മറ്റെല്ലാ ഗ്രാമങ്ങളിലും എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചുവരാന്‍ ഒരു സ്ത്രീകളും താല്‍പ്പര്യം കാണിക്കുന്നുമില്ല. ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥയും പരിതാപകരമാണ്.
2014ല്‍ പ്രദേശത്ത് ഒരു കോഴി ഫാം തുറന്നതോടെയാണ് ഈ പ്രശ്നങ്ങളെല്ലാം ആരംഭിച്ചത്. കുറച്ച് വര്‍ഷങ്ങളായി ആയിരക്കണക്കിന് ഈച്ചകളാണ് ഇവിടേക്ക് എത്തുന്നത്. കോഴി ഫാമിന്റെ ഏറ്റവും അടുത്തുള്ള ഗ്രാമമാണ് ബദായാന്‍ പുര്‍വ ഗ്രാമം. ഈച്ച ശല്യത്തിനെതിരെ ഗ്രാമവാസികള്‍ ഗ്രാമത്തിന് പുറത്ത് ധര്‍ണ നടത്തി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഈച്ച ശല്യം കാരണം വീടുകളില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഗ്രാമത്തലവനായ വികാസ് കുമാര്‍ പറയുന്നു. ഒരു വര്‍ഷമായി പ്രദേശത്ത് ഒരു വിവാഹം പോലും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി ക്യാമ്പുകളും ബോധവത്ക്കരണ ക്യാമ്പെയിനുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് അഹിരോരി സിഎച്ച്സി സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു. എന്നാല്‍, ഈച്ചകള്‍ മൂലം മറ്റ് രോഗങ്ങളൊന്നും ഗ്രാമവാസികളില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ അനുഭവിക്കുന്ന ദുരിതം അറിയിക്കാന്‍ ഒരു കുപ്പിയില്‍ താന്‍ കൊന്ന കൊതുകുകളുമായി ഗുണ്ടാത്തലവന് ഇജാസ് ലക്ക്ഡവാല കോടതിയിലെത്തിയതും വാര്‍ത്തയായിരുന്നു. മുംബൈ കോടതിയിലാണ് കൗതുകകരമായ സംഭവം നടന്നത്. ഒരു കൊതുകുവല ഉപയോഗിക്കാനുള്ള അപേക്ഷ ഇജാസ് നല്‍കിയെങ്കിലും കോടതി തള്ളികളയുകയായിരുന്നു.
Also Read- സ്നേഹമുണ്ട്, എന്നുംകരുതി… പിറന്നാൾ ആശംസയിൽ നമിതയുടെ അനുജത്തിയുടെ രസകരമായ മറുപടി
ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ ഇജാസിനെ 2020 ജനുവരിയിലാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണ് ഇജാസ്. 2020ല്‍ ജുഡീഷ്യല്‍ കേസില്‍ ജയിലിലായപ്പോള്‍ കൊതുകുവല ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിടിച്ചെടുക്കുകയായിരുന്നു. ഇയാള്‍ക്ക് കൊതുകുവലയല്ലാതെ മറ്റു കൊതുക് പ്രതിരോധ മാര്‍ഗങ്ങള്‍ പരീക്ഷിക്കാമെന്ന് കോടതി പറഞ്ഞു. ഇജാസിന് പുറമേ മറ്റു പ്രതികളും ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം കോടതി തള്ളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.