മൂർഖൻ ആഞ്ഞു കൊത്തിയിട്ടും പിൻമാറാതെ ഗുണ്ടുവും ഓറിയോയും; പാമ്പിനെ കൊന്നെങ്കിലും വളർത്തുനായ്ക്കളുടെ വിയോഗം നൊമ്പരമായി
- Published by:Anuraj GR
- news18-malayalam
Last Updated:
Pet Dogs and Cobra fight | ശത്രു ചത്തുവീഴുന്നതുവരെ പൊരുതിയ റിയൽ ഹീറോസ്- അതാണ് ഗുണ്ടുവും ഓറിയോയും
തിരുവനന്തപുരം: ഗുണ്ടുവും ഓറിയോയും വളർത്തുനായകളാണ്. സഹോദരങ്ങളെപ്പോലെ ഒരുമിച്ച് നടന്നവർ, ഒരുമിച്ച് ഉറങ്ങിയവർ, ഒരുമിച്ച് ഭക്ഷണം കഴിച്ചവർ, ഒടുവിൽ അന്ത്യയാത്രയിലും അവർ ഒരുമിച്ചായി. മരണത്തെ മുഖാമുഖം കണ്ടിട്ടും, ശത്രു ചത്തുവീഴുന്നതുവരെ പൊരുതിയ റിയൽ ഹീറോസ്- അതാണ് ഗുണ്ടുവും ഓറിയോയും. വീട്ടുമുറ്റത്തേക്ക് എത്തിയ മൂർഖൻ പാമ്പിനെ ധീരതയോടെ നേരിട്ട് മരണം വരിച്ച രണ്ടു വളർത്തുനായകളാണ് ഗുണ്ടുവും ഓറിയോയും.
തലസ്ഥാനത്തെ അറിയപ്പെടുന്ന വെറ്റിനറി ഡോക്ടറായ ഡോ. ബി മോഹനചന്ദ്രന്‍റെ കഴക്കൂട്ടത്തുള്ള വീട്ടിലേക്കാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ മൂർഖൻ പാമ്പ് ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ട ഗുണ്ടുവും ഓറിയോയും ചാടി വീണു. പിന്നീട് ഇരു നായകളും ഒരുമിച്ച് ചേർന്ന് പാമ്പിനെ നേരിട്ടു. ഒരാൾ പാമ്പിന്‍റെ വാലിലും മറ്റേയാൾ തലഭാഗത്തും കടിച്ചെടുത്തു. എന്നാൽ അതിനിടെ മൂർഖൻ ഗുണ്ടുവിനെയും ഓറിയോയെയും ആക്രമിച്ചു. ഇരുവരും ഭയന്നില്ല, പിൻമാറിയില്ല.

advertisement
ഗുണ്ടു
ഈ സമയം അവിടേക്ക് എത്തിയ ഡോക്ടറുടെ ഭാര്യ മഞ്ജു ഈ കാഴ്ച കണ്ട് സ്തംബ്ധയായിപ്പോയി. രണ്ടു നായകളും ചേർന്ന് പാമ്പിനെ കടിച്ചുകുടഞ്ഞു. ഒടുവിൽ പാമ്പ് ചത്തു. എന്നാൽ ഇതിനോടകം കടിയേറ്റ ഗുണ്ടുവും ഓറിയോയും അവശതയിലായി. ഡോക്ടറുടെ മൂത്തമകൻ മിഥുനും ഇളയമകൻ വിഷ്ണുമോഹനും ചേർന്ന് രണ്ടു നായകളെയും തിരുവനന്തപുരം കുടപ്പനക്കുന്നിലെ മൾട്ടി സ്പെഷ്യാലിറ്റി വെറ്റിനറി ആശുപത്രിയിലെത്തിച്ചു.
ഗുണ്ടുവിനും ഓറിയോയ്ക്കും ആന്‍റിവെനം ഉൾപ്പടെയുള്ള മരുന്നുകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ഏകദേശം ഒരേസമയം അന്ത്യശ്വാസം വലിച്ചു. വീട്ടിൽ എപ്പോഴും ഗുണ്ടുവും ഓറിയോയും ഒരുമിച്ചായിരുന്നു. കൂട്ടത്തിൽ മൂപ്പൻ ഗുണ്ടുവായിരുന്നു. അതുകൊണ്ടുതന്നെ ഓറിയോയെ വളരെയേറെ കെയർ ചെയ്യുന്ന രീതിയായിരുന്നു ഗുണ്ടുവിന്‍റേത്. ഇരുവരും ഒരുമിച്ചായിരുന്നു ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമൊക്കെ. അതുകൊണ്ടുതന്നെ ഇരുവരെയും ഒരുമിച്ചാണ് മറവ് ചെയ്തതും.
advertisement

ഓറിയോ
ഗുണ്ടുവും ഓറിയോയും ഡോ. മോഹനചന്ദ്രന്‍റെ വീട്ടിലേക്കും വന്നതും വളരെ അപ്രതീക്ഷിതമായിരുന്നു. വീട്ടിൽ നേരത്തെ വളർത്തിയിരുന്ന പഗ് ഇനത്തിൽപ്പെട്ട നായ ചത്തത് വീട്ടുകാർക്ക് തീരാനൊമ്പരമായി. ഇനി ഒരിക്കലും ഒരു നായയെയും വീട്ടിൽ വളർത്തേണ്ടെന്നും അവർ തീരുമാനമെടുത്തു. എന്നാൽ പഗ് വിടവാങ്ങിയ അതേദിവസം ഗുണ്ടു വീട്ടിലേക്ക് സ്വമേധയാ വന്നുകയറുകയായിരുന്നു. ഗുണ്ടുവിനെ കണ്ട വീട്ടുകാരുടെ തീരുമാനം മാറി. അവർ ഗുണ്ടുവിനെ വളർത്താൻ തീരുമാനിച്ചു.
advertisement
കുഞ്ഞനായ ഓറിയോയുടെ വരവും അതുപോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു. ടെക്നോപാർക്കിലെ ജോലി കഴിഞ്ഞു വിഷ്ണുമോഹൻ മടങ്ങുമ്പോഴാണ് വഴിയരികിൽ ഓറിയോയെ കണ്ടെത്തുന്നത്. ഓറിയോയെയും കൂട്ടിയാണ് വിഷ്ണുമോഹൻ വീട്ടിലെത്തുന്നത്. അന്നുമുതൽ തുടങ്ങിയതാണ് ഓറിയോയും ഗുണ്ടുവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം. വിഷ്ണുമോഹന്‍റെ മുറിയിലായിരുന്നു ഇരുവരും കിടക്കുന്നത്. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് വിഷ്ണുമോഹൻ ഗുണ്ടുവിനെയും ഓറിയോയെയും പരിചരിച്ചു. ഒടുവിൽ അവർ മരണത്തിലും ഒരുമിച്ചായി. വിടവാങ്ങി ദിവസങ്ങൾ കഴിഞ്ഞെങ്കിലും വീട്ടുകാരുടെയുള്ളിൽ ഗുണ്ടുവും ഓറിയോയും ഇപ്പോഴും ഒരു നൊമ്പരമായി തുടരുകയാണ്…
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 16, 2023 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൂർഖൻ ആഞ്ഞു കൊത്തിയിട്ടും പിൻമാറാതെ ഗുണ്ടുവും ഓറിയോയും; പാമ്പിനെ കൊന്നെങ്കിലും വളർത്തുനായ്ക്കളുടെ വിയോഗം നൊമ്പരമായി