എടുത്താൽ പൊങ്ങാത്ത പുരസ്കാര നേട്ടത്തിന്റെ നിറവിലാണ് ദ്യുതിത് അരുൺ വാര്യർ എന്ന രണ്ട് വയസുകാരൻ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് ദ്യുതിത്തിന്റെ പേര് ഇടം പിടിച്ചിരിക്കുന്നത്. തൃശൂർ സ്വദേശിയായ അരുൺ മുരളീധരന്റേയും അഞ്ജലി കൃഷ്ണയുടേയും മകനാണ് കേശു എന്ന് വീട്ടുകാർ വിളിക്കുന്ന ദ്യുതിത്. 40 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയുക മാത്രമല്ല ഓരോ രാജ്യത്തിന്റെ സവിശേഷതകളും മനപ്പാഠമാണ് കേശുവിന്.
പ്രധാനമന്ത്രി നരന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ തിരിച്ചറിയാനും കേശുവിന് സാധിക്കും. തീർന്നില്ല... പക്ഷികൾ, വന്യമൃഗങ്ങൾ, വളർത്ത് മൃഗങ്ങൾ, പഴം, പച്ചക്കറി, വീട്ടുപകരണങ്ങൾ എല്ലാം ഈ കുഞ്ഞു മനസിലെ ഓർമ്മത്താളിൽ ഭദ്രമാണ്. ദ്യുതിത്തിന്റെ അമ്മയുടെ സഹോദരി അഞ്ജന കൃഷ്ണയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വീട്ടുകാർ പറയുന്നു. ഐടി ഉദ്യോഗസ്ഥനായ അരുണും എയിംസ് ആശുപത്രിയിൽ നഴ്സായ അഞ്ജലിയും 6 വർഷത്തോളമായി ഡൽഹിയിലാണ് താമസം.
ദ്യുതിത് ജനിച്ചപ്പോൾ മുതൽ അഞ്ജലിയുടെ സഹോദരി അഞ്ജനയാണ് കൂട്ട്. ഒരു വയസുളളപ്പോൾ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുളള ചെറുകഥകൾ കേശുവിന് പറഞ്ഞ് കൊടുക്കുമായിരുന്നു. ഇതേ കഥകൾ പിന്നീട് പറയുമ്പോൾ ചിത്രങ്ങൾ വേർതിരിച്ചറിയാൻ കേശുവിന് സാധിക്കുന്നത് അഞ്ജനയാണ് ആദ്യം ശ്രദ്ധിച്ചത്. എൻജിനീയറിംഗ് ബിരുദധാരിയായ അഞ്ജന മത്സര പരീക്ഷകൾക്ക് പഠിക്കുന്നതിനിടെ കേശുവിനും ചെറിയ പാഠങ്ങൾ പകർന്നു നൽകി. അതിവേഗം കേശു എല്ലാം മനപ്പാഠമാക്കുന്നു എന്ന് മനസിലാക്കിയപ്പോൾ ഓൺലൈൻ വഴി ചിത്രങ്ങളും ബുക്ക്ലെറ്റുകളും വാങ്ങി പരിശീലിപ്പിച്ചു.
ലോക്ഡൗൺ കാലത്തായിരുന്നു കേശു ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിച്ചത്. രണ്ട് വയസും പത്ത് ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരം കേശുവിന് ലഭിക്കുന്നക്ക്. 2022 ൽ പുറത്തിറങ്ങുന്ന അടുത്ത പതിപ്പിൽ ദ്യുതിത് അരുൺ വാര്യർ എന്ന പേരും ഉണ്ടാകും. അനുമോദന സർട്ടിഫിക്കറ്റും മെഡലും ഐഡന്റിറ്റി കാർഡും അധികൃതർ അയച്ചു നൽകിയിട്ടുണ്ട്. കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി അഛൻ അരുൺ ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനെ സമീപിച്ചത്. കോവിഡ് കാലമായതിനാൽ ഓൺലൈൻ വഴി അധികൃതരമായി ബന്ധപ്പെട്ടു. ചിത്രങ്ങളും വസ്തുക്കളും കുട്ടി തിരിച്ചറിയുന്നതിന്റെ വീഡിയോകൾ തയ്യാറാക്കി നൽകി.
രണ്ട് വയസ് മാത്രം പ്രായമായ കുട്ടിയുടെ വീഡിയോകൾ തയ്യറാക്കിയത് ഏറെ പണിപ്പെട്ടാണ് എന്ന് അരുൺ പറഞ്ഞു. കുറച്ച് കഷ്ടപ്പെട്ടുവെങ്കിലും ഒടുവിൽ ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് കുടുംബം. ഓർമ്മ ശക്തി മെച്ചപ്പെടുത്താൻ ശാസ്ത്രീയ പരിശീലനങ്ങളൊന്നും കുട്ടിക്ക് നൽകുന്നില്ല. എല്ലാ ദിവസവും പുതിയ എന്തെങ്കിലും കാര്യങ്ങൾ പഠിപ്പിക്കും. കഴിയുന്നത്ര ചിത്രങ്ങളും മുറ്റും ഉപയോഗിച്ചാണ് പരിശിലിപ്പിക്കുന്നത്. എന്നാൽ മൊബൈൽ ഫോൺ ഒരിക്കലും കളിക്കാനോ പഠിക്കാനോ നൽകാറില്ലെന്നും ഐ ടി ഉദ്യോഗസ്ഥനായ അരുൺ പറഞ്ഞു.
ജോലിത്തിരക്കുകൾ ഏറെയുണ്ടെങ്കിലും കുട്ടികൾക്ക് വീട്ടുകാരുടെ പരിചരണം തന്നെ ലഭിക്കണമെന്നാണ് അരുണിന്റേയും അഞ്ജലിയുടേയും അഭിപ്രായം. ഇരുവരുടേയും കുടുംബാഗങ്ങൾ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട് എന്നതാണ് കുഞ്ഞു കേശുവിന്റെ വിജയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Award winner, World Record