കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ ചെന്നാൽ കാര്യങ്ങളും അറിയാം പൊലീസ് മാമൻമാരുടെ കിടിലൻ മറുപടി കണ്ട് ചിരിക്കുകയുമാവാം. എന്നാൽ, ഇത്തവണ പൊലീസ് മാമന് കനത്ത ക്ഷീണമാണ് വന്നിരിക്കുന്നത്. കമന്റ് ബോക്സിൽ ട്രോൾ മറുപടികൾ കൊടുക്കുന്നതിൽ മാസാണ് കേരള പൊലീസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ. എന്നാൽ, ഇത്തവണ കിട്ടിയ ഒരു മറുപടിക്ക് എന്തു മറുപടി കൊടുക്കണം എന്നറിയാതെ അന്തംവിട്ടു പോയി കേരള പൊലീസ്.
കേരള പൊലീസിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയ യുവാവാണ് പൊലീസിന് വായടപ്പിച്ച് മറുപടി നൽകിയത്. 'മദ്യപിച്ചു വാഹനം ഓടിക്കുന്നവർ ഏറ്റവും കൂടുതൽ പൊലീസുകാരാണെന്ന് പറഞ്ഞാൽ.... മാമനോട് എന്തെങ്കിലും തോന്നുമോ' എന്നായിരുന്നു തമാശ കലർത്തിയുള്ള ചോദ്യം.
പക്ഷേ, യുവാവിന്റെ തമാശ പൊലീസുകാർക്ക് അത്ര പിടിച്ചില്ല. ലാത്തിയൊക്കെ കറക്കി അപ്പോൾ തന്നെ വന്നു മറുചോദ്യം 'വീട്ടിൽ പൊലീസുകാർ ഉണ്ടോ' എന്ന്. ഈ ചോദ്യം കേട്ട് യുവാവ് ജീവനും കൊണ്ട് ഓടുമെന്ന് കരുതിയ പൊലീസ് മാമൻമാർക്ക് തെറ്റി. സർവ്വശക്തിയും സംഭരിച്ചുള്ള ആ ഉത്തരത്തിനു മുന്നിൽ എന്തു മറുപടി കൊടുക്കണമെന്ന് അറിയാതെ പൊലീസ് മാമൻ പകച്ചുനിന്നു.
വീട്ടിൽ പൊലീസുകാരുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല... ബാറിലായിരുന്നു പണി' എന്നായിരുന്നു യുവാവിന്റെ മറുപടി. മുഖത്തടിച്ചതു പോലെയുള്ള മറുപടി കിട്ടിയതോടെ മറുപടി കൊടുക്കാനുള്ള മൂഡ് പൊലീസിന് പോയെന്നാണ് സംസാരം. ഏതായാലും, പൊലീസിനെ കണ്ടം വഴി ഓടിച്ച മറുപടി ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുകയാണ്.
സുകേഷ് പയ്യന്നൂർ എന്ന യുവാവാണ് പൊലീസിന് മുഖത്തടിച്ചതു പോലെയുള്ള മറുപടി നൽകിയത്. 'എന്നും ഇക്കാര്യത്തിൽ വിജയം അവർക്കായിരുന്നു ഇന്ന് അത് തകർത്തു. ട്രോളൻ പോലീസിന് സുകേഷ് പയ്യന്നൂർ വക രണ്ട് വെടിവഴിപ്പാട്' എന്നാണ് ഒരാൾ സുകേഷിന്റെ പേജിൽ കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.