ഉപ്പിന് പകരമായി എഐ പറഞ്ഞ വസ്തു കഴിച്ച യുവാവ്‌ ഗുരുതരാവസ്ഥയിൽ

Last Updated:

എഐ നിര്‍ദ്ദേശിച്ചതനുസരിച്ച് മൂന്ന് മാസത്തോളമാണ് യുവാവ് സോഡിയം ബ്രോമൈഡ് കഴിച്ചത്

News18
News18
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറികൊണ്ടിരിക്കുകയാണ്. മിക്കയാളുകളും എഐയെ പലവിധത്തില്‍ പല കാര്യങ്ങള്‍ക്കായി ആശ്രയിക്കുന്നു. മാനുഷിക അധ്വാനം കുറയ്ക്കാനും ഏറക്കുറേ കൃത്യമായ വിവരങ്ങള്‍ നല്‍കാനും ഇത് സഹായിക്കുന്നുണ്ടെങ്കിലും എപ്പോഴും കൃത്രിമ ബുദ്ധി നമുക്ക് ഗുണം ചെയ്യണമെന്നില്ല. ചിലപ്പോള്‍ ഇത് ദോഷവും ചെയ്യും. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
എഐ ഉപദേശിച്ച ഭക്ഷണ രീതി പിന്തുടര്‍ന്ന ഒരു യുവാവ് കഷ്ടിച്ചാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആരോഗ്യവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി പലപ്പോഴും എഐയെ ആശ്രയിച്ച ഇയാളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു.
ഉപ്പിന് പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന ആരോഗ്യകരമായ വസ്തു ഏതെന്ന് ചാറ്റ്ജിപിടിയോട് ചോദിച്ചതാണ് യുവാവിനെ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്ക് തള്ളിവിട്ടത്. ഉപ്പിന് പകരം ഉപയോഗിക്കാന്‍ ചാറ്റ്ജിപിടി നിര്‍ദ്ദേശിച്ച വസ്തു വിഷ സംയുക്തമായ സോഡിയം ബ്രോമൈഡ് ആയിരുന്നു. ഇത് ഉപയോഗിക്കാന്‍ തുടങ്ങിയത് ജീവന് തന്നെ അപകടകരമായ അവസ്ഥയിലേക്ക് യുവാവിനെ നയിച്ചു.
advertisement
വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ഈ കേസിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എഐ നിര്‍ദ്ദേശങ്ങള്‍ കാരണം സംഭവിച്ചിട്ടുള്ള അപൂര്‍വവും ആശങ്കാജനകവുമായ ഒരു കേസാണിത്.
എഐ നിര്‍ദ്ദേശിച്ചതനുസരിച്ച് മൂന്ന് മാസത്തോളമാണ് ഇയാള്‍ സോഡിയം ബ്രോമൈഡ് കഴിച്ചത്. ഉപ്പിന് പകരമായി കഴിക്കാന്‍ സാധിക്കുന്ന സുരക്ഷിതമായ വസ്തുവായാണ് ഇതിനെ ചാറ്റ്ജിപിടി അവതരിപ്പിച്ചത്. മൂന്ന് മാസം തുടര്‍ച്ചയായി സോഡിയം ബ്രോമൈഡ് ഉപയോഗിച്ച യുവാവ് വിഷബാധയേറ്റ് മൂന്നാഴ്ചയോളം ആശുപത്രിയില്‍ കിടന്നു. സാധാരണ ഉപ്പ് ഉപയോഗിക്കുന്നതിലെ ആശങ്കയാണ് ചാറ്റ്ജിപിടിയോട് നിര്‍ദ്ദേശം തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ എഐ നിര്‍ദ്ദേശിച്ച വസ്തുവിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ അദ്ദേഹം കഴിക്കാന്‍ തുടങ്ങുകയായിരുന്നു.
advertisement
ക്രമേണ അദ്ദേഹത്തിന് ആശയക്കുഴപ്പവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടു. അയല്‍ക്കാരന്‍ തനിക്ക് വിഷം നല്‍കിയതായി പോലും അദ്ദേഹം സംശയിച്ചു. അവസ്ഥ മോശമായതോടെ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാരുടെ മികച്ച പരിപാലനത്തില്‍ അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് യുവാവിന് സംസാരിക്കാന്‍ സാധിച്ചു. തനിക്ക് സംഭവിച്ചതിനെ കുറിച്ച്  അദ്ദേഹം തന്നെ വിശദീകരിക്കുകയും ചെയ്തു. മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.
ചരിത്രപരമായി ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ ചികിത്സിക്കാന്‍ ബ്രോമൈഡ് സംയുക്തങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ നിരവധി പാര്‍ശ്വഫലങ്ങള്‍ കാരണം ഈ ഉപയോഗം നിര്‍ത്തി. ഇന്ന് ബ്രോമൈഡ് പ്രധാനമായും ഉപയോഗിക്കുന്നത് വെറ്റിനറി മരുന്നുകളിലും ചില വ്യാവസായിക ഉത്പ്പന്നങ്ങളിലുമാണ്. ഇതുകാരണം ബ്രോമൈഡ് ഉപയോഗം മൂലമുള്ള വിഷബാധ വളരെ അപൂര്‍വമാണ്.
advertisement
ആരോഗ്യ സംബന്ധിയായ ഉപദേശത്തിനായി എഐ ഉപയോഗിക്കുന്നതിനെതിരെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എഐ പലപ്പോഴും അത് നിര്‍ദ്ദേശിക്കുന്ന വസ്തുവിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഗുരുതരമായ ആരോഗ്യ കാര്യങ്ങളില്‍ പ്രൊഫഷണല്‍ ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം തേടേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന് ശരീരഭാരം കുറയുന്നത് പോലുള്ള ലക്ഷണങ്ങള്‍ കാന്‍സറുമായി മാത്രമല്ല ഒന്നിലധികം രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കാം. അതിനാല്‍ എഐയില്‍ നിന്നുള്ള ദോഷകരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യപരമായ ആശങ്കകള്‍ക്ക് പരിഹാരം തേടാന്‍ ഡോക്ടര്‍മാരെ സമീപിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഉപ്പിന് പകരമായി എഐ പറഞ്ഞ വസ്തു കഴിച്ച യുവാവ്‌ ഗുരുതരാവസ്ഥയിൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement