രാജ്യത്തെ 150ഓളം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടമായേക്കും; അടിസ്ഥാന സൗകര്യങ്ങളില്ല, മാനദണ്ഡങ്ങൾ പാലിക്കുന്നില്ല
- Published by:Naseeba TC
- news18-malayalam
Last Updated:
വിഷയത്തിൽ മെഡിക്കൽ കോളേജുകൾക്ക് ആവശ്യമെങ്കിൽ അപ്പീൽ നൽകാവുന്നതാണ്
രാജ്യത്തെ 150ഓളം മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കും. ആവശ്യത്തിന് അധ്യാപകരില്ലാത്തതും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതുമാണ് മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനും ആരോഗ്യപ്രവർത്തകർക്കുമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള റെഗുലേറ്ററി ബോഡിയായ ദേശീയ മെഡിക്കൽ കമ്മീഷന്റെ ഇടപെടൽ മൂലം 40 മെഡിക്കൽ കോളേജുകൾക്ക് ഇതിനോടകം അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട്. അടിസ്ഥാന നിലവാരം പുലർത്താനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് കമ്മീഷനെ ബോധ്യപ്പെടുത്താൻ മെഡിക്കൽ കോളേജുകൾ ബാധ്യസ്ഥരാണ്.
ഗുജറാത്ത്, ആസാം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ് അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുള്ളതായി കരുതപ്പെടുന്ന മെഡിക്കൽ കോളേജുകൾ. കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ബിരുദതല മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് നടത്തിയ പരിശോധനയിലാണ് മെഡിക്കൽ കോളജുകളുടെ ശോചനീയാവസ്ഥ വെളിപ്പെട്ടത്. സിസിടിവി ക്യാമറകളുടെ പ്രവർത്തനക്ഷമത, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബയോമെട്രിക് ഹാജർ വ്യവസ്ഥയിലെ പിശകുകൾ, അധ്യാപകരുടെ എണ്ണം എന്നിങ്ങനെ പല വിഷയങ്ങളും ഒരു മാസക്കാലം നീണ്ടു നിന്ന പരിശോധനയിൽ നിരീക്ഷിക്കപ്പെട്ടിരുന്നു.
advertisement
Also Read- അധ്യാപകരുടെ എതിർപ്പിന് വഴങ്ങി സർക്കാര്‍; 12 ശനിയാഴ്ച ഉൾപ്പെടെ സ്കൂൾ പ്രവൃത്തിദിനങ്ങൾ 204
മെഡിക്കൽ കോളേജുകൾ ഈ നിശ്ചിത മാനദണ്ഡങ്ങൾ പിന്തുടർന്നിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ക്യാമറകൾ ശരിയായി സ്ഥാപിക്കപ്പെട്ടിരുന്നില്ല. നിലവിലുള്ള ക്യാമറകളിൽ പലതും പ്രവർത്തനക്ഷമമല്ല. ബയോമെട്രിക് സൗകര്യങ്ങളും ശരിയായി പ്രവർത്തിക്കുന്നില്ല. അധ്യാപക പോസ്റ്റുകളിൽ പലതും ഒഴിഞ്ഞു കിടക്കുകയാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വിഷയത്തിൽ മെഡിക്കൽ കോളേജുകൾക്ക് ആവശ്യമെങ്കിൽ അപ്പീൽ നൽകാവുന്നതാണ്. 30 ദിവസങ്ങൾക്കകം കമ്മീഷനിൽ ആദ്യ അപ്പീൽ നൽകിയിരിക്കണം. അപ്പീൽ തള്ളുകയാണെങ്കിൽ, ദേശീയ ആരോഗ്യ മന്ത്രാലയത്തെ സമീപിക്കാനും അവസരമുണ്ട്.
advertisement
നിയമങ്ങൾ പാലിക്കുകയും ആവശ്യത്തിന് അധ്യാപകരെ നിയമിക്കുകയും ചെയ്യാത്ത പക്ഷം മെഡിക്കൽ കോളേജുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു. ‘വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കണം. നല്ല ഡോക്ടർമാരെ വാർത്തെടുക്കാൻ കഴിയണം’ അദ്ദേഹം പറഞ്ഞു.
Also Read- സംസ്ഥാനത്ത് 15 IHRD ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം
150 കോളേജുകൾക്ക് അംഗീകാരം നഷ്ടപ്പെട്ടാൽ, രാജ്യത്ത് അത് വലിയൊരു പ്രതിസന്ധിക്ക് വഴിവച്ചേക്കാം എന്നാണ് പൊതുവേയുള്ള നിരീക്ഷണം. പതിറ്റാണ്ടുകളായി ആവശ്യത്തിന് മെഡിക്കൽ കോളേജുകളോ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് സീറ്റുകളോ ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ, 150 കോളജുകൾ ഇല്ലാതെയാകുന്നത് വലിയ തിരിച്ചടിയായേക്കും.
advertisement
കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുള്ള ഔദ്യോഗിക ഡാറ്റ പ്രകാരം, 2014നു ശേഷം രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയോളമായിട്ടുണ്ട്. 2014ൽ 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നതെങ്കിൽ, 2023ൽ അത് 660 ആയി വർദ്ധിച്ചിട്ടുണ്ട്. അവയിൽ 22 എണ്ണം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ്. 2014ൽ ഇവയുടെ എണ്ണം ഏഴായിരുന്നു.
ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള സീറ്റുകളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 2014ൽ 31,185 സീറ്റുകളാണുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ അത് 65,335 ആണ്. എംബിബിഎസ് സീറ്റുകളാകട്ടെ, 51,348ൽ നിന്നും 1,01,043 ആയി വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, 150 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടപ്പെട്ടാൽ, ഈ കണക്കുകളിലെല്ലാം കാര്യമായ ഇടിവുണ്ടാകും.
advertisement
കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 1,900ൽ അധികം അധ്യാപക പോസ്റ്റുകളാണ് ഗുജറാത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ മാത്രം ഒഴിഞ്ഞു കിടക്കുന്നത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 31, 2023 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
രാജ്യത്തെ 150ഓളം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടമായേക്കും; അടിസ്ഥാന സൗകര്യങ്ങളില്ല, മാനദണ്ഡങ്ങൾ പാലിക്കുന്നില്ല