അടുത്ത വർഷം മുതൽ രാജ്യത്തുടനീളം ഉദ്യോഗാർത്ഥികൾക്കായി പൊതു യോഗ്യതാ പരീക്ഷ - കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) - രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഇക്കാര്യം നടപ്പാക്കാൻ വൈകുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ എ എസ്) ഉദ്യോഗസ്ഥരുടെ സിവിൽ ലിസ്റ്റ് 2021 ഇ - ബുക്ക് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
റിക്രൂട്മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നത്. യുവാക്കൾക്കും വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും ഇത് ഗുണകരമാകുമെന്നും പേഴ്‌സണൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സി ഇ ടി നടപ്പാക്കുന്നതിന് നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി (എൻ ആർ എ) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ രൂപീകരിച്ചു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി), റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) എന്നിവയിലൂടെ നടത്തുന്ന സർക്കാർ മേഖലയിലെ നിയമനങ്ങൾക്കായി ഇനിമുതൽ എൻ ആർ എ നടത്തുന്ന കോമൺ എലിജിബിലിറ്റി ടെസ്റ്റിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഐഡിയാ....! ഭാര്യയിൽ നിന്ന് അകന്ന് നിൽക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി യുവാവ്
ഗ്രൂപ്പ് ബി, സി (നോൺ ടെക്നിക്കൽ) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് വിവിധ ഏജൻസികളുടെ ബോഡിയാണ് നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി. ഈ പരിഷ്കരണത്തിന്റെ പ്രധാന സവിശേഷത ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പരീക്ഷാകേന്ദ്രമെങ്കിലും ഉണ്ടായിരിക്കുമെന്നതാണ്. ഇത് വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സഹായകരമാവും.
വിവിധ സാമൂഹിക സാമ്പത്തിക പശ്ചാത്തലമുള്ള എല്ലാ ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്ന ചരിത്രപരമായ പരിഷ്‌കരണമാണ് ഇതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്രസർക്കാർ സ്വീകരിച്ച പരിഷ്കാരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി കരസ്ഥമാക്കുന്നതിനുള്ള നൂലാമാലകൾ ലഘൂകരിച്ചതായും മന്ത്രി വ്യക്തമാക്കി.
കോവിഡ് വാക്സിൻ എടുത്ത ശേഷം കാഴ്ചശക്തി തിരിച്ചുകിട്ടി; 70 വയസുകാരിയുടെ അവകാശവാദം
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് സംഭാവന നൽകാനുള്ള പേഴ്സണൽ ആന്റ് ട്രെയിനിങ് മന്ത്രാലയത്തിന്റെ ശ്രമമാണ് ഐ എ എസ് സിവിൽ ലിസ്റ്റ് ഇ-ബുക്ക്. ലഭ്യമായ പ്രൊഫൈലിന്റെ അടിസ്ഥാനത്തിൽ ശരിയായ ഉദ്യോഗസ്ഥനെ കണ്ടെത്തി തിരഞ്ഞെടുക്കുന്നതിന് ലിസ്റ്റ് സഹായിക്കും. പൊതുജനങ്ങൾക്ക് വിവിധ തസ്തികകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇതിലൂടെ ലഭ്യമാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
സിവിൽ ലിസ്റ്റിന്റെ 66-ാമത്തെ പതിപ്പാണിത്. എന്നാൽ, ആദ്യമായാണ് ഇത് പി ഡി എഫ് ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ സെർച്ച് ഓപ്ഷൻ വിവരങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി ഹൈപ്പർലിങ്ക് എന്നിവ നൽകിയിട്ടുണ്ട്. ഐ എ എസ് സിവിൽ ലിസ്റ്റിന്റെ അച്ചടി ഒഴിവാക്കി ഇ-ബുക്ക് മാത്രമാണ് പ്രസിദ്ധീകരിച്ചത്.
ഐ എ എസ് സിവിൽ ലിസ്റ്റിൽ ഓഫീസർമാരുടെ ബാച്ച്, കേഡർ, ഇപ്പോഴത്തെ പോസ്റ്റിംഗ്, ശമ്പള സ്കെയിൽ, യോഗ്യത, നിയമന തീയതി, മൊത്തത്തിലുള്ള കേഡർ തിരിച്ചുള്ള എണ്ണം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിരമിക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥരുടെ എണ്ണം, 1969 മുതൽ സിവിൽ സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ നിയമിച്ച ഐ എ എസ് ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങൾ ലഭ്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ഐഎഎസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും ലിസ്റ്റിൽ നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.