• HOME
 • »
 • NEWS
 • »
 • career
 • »
 • പരീക്ഷയെ എങ്ങനെ സമീപിക്കണം? പരീക്ഷാ മുന്നൊരുക്കം എളുപ്പമാക്കാൻ ചില വഴികൾ

പരീക്ഷയെ എങ്ങനെ സമീപിക്കണം? പരീക്ഷാ മുന്നൊരുക്കം എളുപ്പമാക്കാൻ ചില വഴികൾ

എങ്ങനെ പഠിക്കണം? പഠിച്ചത് മറന്നു പോകുമോ? പരീക്ഷയെ എങ്ങനെ സമീപിക്കണം? അങ്ങനെ ഒരുപാട് ആശങ്കകൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:

  ദിവ്യ പി എച്
  (സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ. ജി എച് എസ് വെസ്റ്റ്, കടുങ്ങല്ലൂർ)

  പരീക്ഷ അടുത്തു വരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപാട് ആശങ്കകൾ ഉണ്ട്. എങ്ങനെ പഠിക്കണം? പഠിച്ചത് മറന്നു പോകുമോ? പരീക്ഷയെ എങ്ങനെ സമീപിക്കണം? അങ്ങനെ ഒരുപാട് ആശങ്കകൾ. പരീക്ഷയുടെ മാർക്കിനുമപ്പുറം വിദ്യാർത്ഥി എന്തു മനസിലാക്കി എന്നതിനാണ് പ്രാധാന്യം എങ്കിലും മുന്നോട്ടുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ പരീക്ഷാവിജയം സഹായിക്കും. പരീക്ഷ എന്ന ലക്ഷ്യത്തോടെ പഠിക്കുമ്പോൾ കാര്യങ്ങളെ ഗ്രഹിക്കുക, കൃത്യമായി ഓർക്കുക, പരീക്ഷയിൽ അത് എഴുതാൻ സാധിക്കുക ഇതിനു മൂന്നിനും ഒരുപോലെ പ്രാധാന്യം ഉണ്ട്.

  പരീക്ഷാ മുന്നൊരുക്കത്തിന് സഹായിക്കുന്ന കുറച്ചു വഴികൾ

  എങ്ങനെ പഠിക്കണം?

  ജീവിതത്തിൽ നമ്മൾ ഒരുപാട് പേരെ പരിചയപ്പെടാറുണ്ട്. പക്ഷെ അതിൽ ആരോടെങ്കിലും നമുക്ക് താല്പര്യം തോന്നുന്നത് ആ വ്യക്തിയിൽ ഇഷ്ടമുള്ള എന്തെങ്കിലും കണ്ടെത്താൻ സാധിക്കുമ്പോൾ മാത്രമാണ്. അതുപോലെ തന്നെയാണ് പഠനവും. പഠനത്തെ നമ്മൾ ഇഷ്ടപെടുമ്പോൾ മാത്രമാണ് അത് രസകരവും സന്തോഷം തരുന്ന ഒന്നുമായി മാറുകയുള്ളൂ. നമ്മുടെ താല്പര്യമാണ് ശ്രദ്ധയോടെ പഠിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം. പഠിക്കണം എന്ന് കുട്ടി സ്വയം ആഗ്രഹിക്കുമ്പോൾ ആണ് മനസും ശരീരവും അതിനു തയ്യാറാകുന്നതായത്.

  പഠന ശൈലിക്ക് വലിയ പ്രാധാന്യം ഉണ്ട്. ഓരോ വ്യക്തികളുടെയും പഠനരീതികൾ വ്യത്യസ്തമായിരിക്കും. ചിലർ എഴുതി പഠിക്കും , ചിലർ വായിച്ചു പഠിക്കും ചിലർ കേട്ട് പഠിക്കും. എന്നാൽ യോജിക്കുന്ന ശൈലി കണ്ടെത്തി ആ രീതിയിൽ പഠിക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും. പ്രഗൽഭനായ എഡ്യൂക്കേഷൻ സൈക്കോളജിസ്റ്റ് വാൾട്ടർ ബുർക്കെ ബാർബെയും അദ്ദേഹത്തിന്റെ സഹപ്രവത്തകരും പഠനരീതികളെ 3 ശൈലികളായി തിരിച്ചിട്ടുണ്ട് (വി എ കെ തിയറി ).

  Also Read- സൗദിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും നഴ്‌സുമാർക്കും അവസരം; നോർക്ക-സൗദി ആരോഗ്യമന്ത്രാലയം റിക്രൂട്ട്മെന്റ് ബെംഗളൂരുവിൽ

  1. വിഷ്വൽ ലേണേഴ്സ് ( ഇവർക്ക് കാഴ്ചയിലൂടെ ആയിരിക്കും കാര്യങ്ങൾ കൂടുതൽ വ്യക്തത കിട്ടുന്നത്. ചിത്രങ്ങളുടെയും ചാർട്ടുകളുടെയും ഗ്രാഫുകളുടേയും സഹായത്തോടെ പഠിച്ചാൽ പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കും. പഠിക്കുന്ന കാര്യങ്ങളെ ഭാവനയിൽ കണ്ടു പഠിക്കുന്ന രീതി, പല നിറങ്ങളിലുള്ള ഹൈലൈറ്റർ, പെൻസിൽ എന്നിവ ഉപയോഗിച്ചു അടയാളപ്പെടുത്തി പഠിക്കുന്നത് എന്നിവ ഇവരുടെ പഠനം എളുപ്പമാക്കും.

  2. ഓഡിറ്ററി ലേണേഴ്സ് : കേട്ട് പഠിക്കുന്ന രീതിയാണ് ഇവർക്ക് ഉള്ളത്. ഓഡിയോ, വീഡിയോ എന്നിവ കേട്ട് പഠിക്കുന്ന രീതി. കൂട്ടുകാരോടൊപ്പം ഇരുന്നു പരസ്പരം പറഞ്ഞു പഠിക്കുന്ന രീതി. പഠിക്കാൻ ഉള്ളവ ഒരു പാട്ടിന്റെ രൂപത്തിൽ ആക്കുന്ന രീതി എന്നിവ ഇവരുടെ പഠനം എളുപ്പമാക്കും. ‌

  3 . കൈനസ്തെറ്റിക് ലേണേഴ്സ് : ചെയ്തു പഠിക്കുന്ന രീതിയാണിത്. നടന്നു പഠിക്കുക, ഇടവേളകൾ എടുത്ത് പഠിക്കുക എന്നിവയായിരിക്കും ഇവരെ കൂടുതൽ സഹായിക്കുന്നത്. എഴുതി പഠിക്കുന്ന രീതിയും കുട്ടികളിൽ കാണാറുണ്ട്. നിങ്ങൾക്ക് ഏതു രീതിയിൽ പഠിച്ചാൽ മനസിലാകും എന്ന് മനസിലാക്കി ആ രീതി ഉപയോഗിച്ചു പഠിക്കാൻ ശ്രമിക്കുക.

  പഠന അന്തരീക്ഷത്തിനും വളരെ പ്രാധാന്യമുണ്ട്. സ്വസ്ഥമായി ഇരുന്നു പഠിക്കാൻ കഴിയുന്ന അന്തരീക്ഷം കുട്ടിയുടെ ശ്രദ്ധ വർധിപ്പിക്കും. ഫോൺ,TV തുടങ്ങി ശ്രദ്ധയെ ബാധിക്കുന്ന ഉപകരണങ്ങൾ പഠിക്കുന്ന സ്ഥലത്തു നിന്ന് മാറ്റി വച്ച് പഠിക്കാൻ ശ്രമിക്കുക. ശ്രദ്ധ മാറുന്നു എന്ന് തോന്നുമ്പോൾ കൃത്യമായ ഇടവേളകൾ എടുത്തും പഠിച്ച ഭാഗത്തെ കുറിച്ച് സ്വയം ചോദ്യങ്ങൾ ചോദിച്ചും ശ്രദ്ധ തിരിച്ചു കൊണ്ട് വരാൻ മന:പൂർവം തന്നെ ശ്രമം നടത്തുക.

  കെഡബ്ലിയുഎൽ (KWL) ടെക്നിക് പഠനനിലവാരം വിലയിരുത്താൻ സഹായിക്കും. Know, Want & Learn എന്ന 3 തലക്കെട്ട് ഉള്ള ചാർട്ടിൽ ‘What I Know’ എന്ന കോളത്തിൽ ഈ പാഠഭാഗങ്ങളിൽ എന്തെല്ലാം അറിയാം, പഠിച്ചിട്ടുണ്ട് എന്ന് എഴുതുക.

  Also Read- നിർമാണ മേഖലയിലെ നൂതന കോഴ്സുകൾ പഠിക്കണോ? കൊല്ലം ചവറയിലെ IIIC പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം

  രണ്ടാമത്തെ What I Want to Learn എന്ന കോളത്തിൽ എന്തൊക്കെയാണ് പഠിക്കാൻ ഉള്ളത് എന്ന് എഴുതുക. What I Learned എന്നാൽ ഞാൻ ഘട്ടം ഘട്ടമായി പഠിച്ച ടോപിക് എന്തൊക്കെയാണ് എഴുതി വയ്ക്കുക. ഇങ്ങനെ പഠിക്കുന്നത് ഓരോ വിഷയത്തിലും നമ്മുടെ അറിവ് എത്രത്തോളം ഉണ്ടെന്നുള്ളതും ഏതൊക്കെ വിഷയത്തിൽ നാം മെച്ചപ്പെടുത്തണം എന്നുള്ളതിനെക്കുറിച്ചും പൂർണ്ണമായ ഒരു ബോധ്യം നമുക്കുണ്ടാകും.

  പഠിച്ചതൊക്കെ ഓർത്തെടുക്കാൻ ചില വഴികൾ

  കൃത്യമായ ഉറക്കം ഓർമ്മ നിലനിർത്താൻ വളരെ അത്യാവശ്യമാണ്. പഠിക്കുന്ന കാര്യങ്ങളെ ഒരു കഥ പോലെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കുന്ന രീതി അല്ലെങ്കിൽ നിങ്ങൾ അറിയാവുന്ന ഏതെങ്കിലും ഒരു കാര്യത്തോട് ബന്ധത്തപ്പെടുത്തി ഓർക്കുന്ന രീതി വളരെ നല്ലത് ആണ്.

  കഥകളിലൂടെയും കവിതകളിലൂടെയും പഠിക്കുക, ഈണത്തിലും താളത്തിലും പഠിക്കുന്നത് ഓർത്തുവയ്ക്കാൻ സഹായിക്കും. ചിലർ പഠിക്കുമ്പോൾ ചില ആംഗ്യങ്ങൾ അല്ലെങ്കിൽ കയ്യോ മറ്റോ അനക്കി ഒക്കെ പഠിക്കുന്നത് കാണാം. അത് അവർക്ക് ഓർമ്മ കിട്ടാൻ സഹായിക്കുന്നതായി കണ്ടിട്ടുണ്ട്.

  പഠിക്കുന്ന കാര്യങ്ങൾ പലതവണ റിവൈസ് ചെയ്യാൻ ശ്രമിക്കുക, എത്രത്തോളം റിവിഷൻ കൂടുതലായി ചെയ്യുന്നുവോ അത്രത്തോളം നമ്മുടെ long term മെമ്മറിയിലേക്ക് വിവരങ്ങൾ ശേഖരിക്കപ്പെടുന്നു അത് പരീക്ഷയിൽ മികച്ച രീതിയിൽ എഴുതാൻ സഹായിക്കുന്നു. പല നിറത്തിൽ ഉള്ള ഫ്ലാഷ് കാർഡുകളിൽ ഓർക്കാൻ പ്രയാസമുള്ള ഫോർമുല എഴുതി ചുമരിൽ ഒട്ടിച്ചു വച്ച് പഠിക്കുന്ന രീതി ഓർക്കാൻ സഹായിക്കുന്നു.

  അർത്ഥം മനസ്സിലാക്കി തന്നെ പഠിക്കുന്ന രീതിയാണ് കൂടുതൽ ഓർമ്മ നിലനിർത്താൻ സഹായിക്കുന്നത്.

  മൈൻഡ് മാപ്പ് ഉണ്ടാക്കി പഠിക്കുക.

  ഗ്രാഫും ചാർട്ടും ഉപയോഗപ്പെടുത്തുക,അത് ഓർമ്മയിൽ കൂടുതൽ നിലനിൽക്കുന്നതിനും വ്യക്തതയോടെ കൂടി എഴുതാനും സഹായിക്കും.

  വലിയ ഉത്തരങ്ങൾ ചെറുവാക്കുകളായി ക്രോഡീകരിക്കുക തുടങ്ങിയ നിമോണിക്സ്(Mnemonics) രീതികൾ ഓർമ്മ നില നിർത്താൻ സഹായിക്കും

  അക്രോസ്റ്റിക്സ് രീതികൾ (ഓർക്കേണ്ട വലിയ ഒരു ഉത്തരത്തിന്റെ ആദ്യ വാക്കുകൾ വച്ചു പുതിയ ചെറിയ വാക്ക് ഉണ്ടാകുന്ന രീതി ഉദാഹരണം (VIBGYOR (Violet-Indigo-Blue-Green-Yellow-Orange-Red) ഓർക്കാൻ സഹായിക്കും

  ഷോർട് നോട്ട് (വലിയ പഠന ഭാഗത്തിൽ പ്രധാന പെട്ട പോയിന്റുകൾ മാത്രം എഴുതി തയ്യാറാക്കുന്ന നോട്ട് ) തയ്യാറാക്കി പഠിക്കുന്ന രീതിയും ഓർമ്മ കൂട്ടുന്നു

  പരീക്ഷ യെ എങ്ങനെ സമീപിക്കാം?

  പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ രാത്രി ആവശ്യത്തിന് ഉറങ്ങുക. ആവശ്യത്തിനുള്ള ഉറക്കം പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ സഹായിക്കും.

  പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ സ്ക്രീൻ ടൈം കുറക്കുക. ഇത് ഓർമ്മയെ മെച്ചപ്പെടുത്തും.

  പരിക്ഷയുടെ മുൻപുള്ള ദിവസം പരീക്ഷയെ കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കി നല്ല രിതിയിൽ എഴുതുവാൻ സാധിക്കും എന്ന പോസിറ്റീവ് ചിന്തകളോടെ ഉറങ്ങുക.

  ധാരാളം വെള്ളം കുടിക്കുക. നിങ്ങളുടെ ശരീരത്തിനും മനസിനും അത് സ്വസ്ഥത നൽകും.

  പരീക്ഷയ്ക്ക് പുറപ്പെടുമ്പോൾ ആവശ്യത്തിന് പോഷക ആഹാരം കഴിച്ചിട്ട് ഇറങ്ങുക. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നത് മറ്റു ബുദ്ധിമുട്ടുകൾ ഒഴിവാക്കും.

  നിർദേശിക്കുന്ന സമയത്തിൽ സ്കൂളിൽ എത്താവുന്ന രീതിയിൽ വീട്ടിൽ നിന്ന്ഇറങ്ങുക. വൈകി സ്കൂളിൽ എത്തുന്നത് നമുക്ക് സമ്മർദം നല്കിയേക്കാം.

  നിങ്ങൾക്ക് ആവശ്യമുള്ള പേന, ബോക്സ്, വെള്ളം, ഹാൾ ടിക്കറ്റ് എന്നിവ കൈയ്യിൽ കരുതി എന്ന് ഉറപ്പു വരുത്തുക.

  പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പുതുതായി ഒന്നും പഠിക്കാൻ ശ്രമിക്കാതിരിക്കുക. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.

  പരിക്ഷ ചോദ്യങ്ങൾ വായിക്കാൻ ലഭിക്കുന്ന സമയം കൃത്യമായി ഉപയോഗിക്കുക.

  ഒരുനിമിഷം കണ്ണടച്ചു നന്നായി ശ്വസോച്ഛ്വാസം ചെയ്ത് റിലാക്സ് ആയി എക്സാം എഴുതാൻ തുടങ്ങുക. ഏതെങ്കിലും സമയത്ത് സമ്മർദം അനുഭവപ്പെടുമ്പോൾ റിലാക്സേഷൻ ടെക്നിക്ക് (ശ്വസോച്ഛ്വാസം) ഉപയോഗിക്കുക. വെള്ളം കുടിക്കുക. മുൻപ് പരീക്ഷ നല്ല രീതിയിൽ എഴുതിയ ഒരു ദൃശ്യം മനസ്സിൽ ഓർക്കുക എന്നിവയും സമ്മർദ്ദം കുറക്കാൻ സഹായിക്കും.

  ശലഭങ്ങളുടെ കഥ കേട്ടിട്ടില്ലേ

  സ്വയം പരിശ്രമിച്ചു കൊക്കൂണിൽ നിന്ന് പുറത്തു വരുന്ന ശലഭങ്ങൾ ആണ് ഏറ്റവും ഭംഗിയുള്ള ചിറകുമായി ആയുസ്സോടെ എല്ലാത്തിനെയും അതിജീവിച്ചു പറന്നുയരുന്നത്. എല്ലാ തടസങ്ങളെയും അതിജീവിച്ചു സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ ശേഷിയുള്ള ശലഭങ്ങൾ ആയി മാറാൻ സാധിക്കും എന്ന് വിശ്വസിക്കുക. നമ്മുടെ മനസ്സ് ആണ് എല്ലാം. വിജയത്തിനും പരാജയത്തിനും അപ്പുറം, ശ്രമിക്കുക എന്നതിനാണ് പ്രാധാന്യം എന്ന ബോധ്യത്തോടെ പരീക്ഷയെ സമീപിക്കുക.

  മാതാപിതാക്കളോട്

  കുട്ടികൾക്കു പഠിക്കാൻ ഉള്ള അന്തരീക്ഷം ഉണ്ടാക്കുന്നതോടൊപ്പം അവരുടെ ആത്മവിശ്വാസം നിലനിർത്തേണ്ടതും മാതാപിതാക്കളാണ്. എല്ലാ കുട്ടികളും അവരുടെ പഠനനിലവാരവും ഒരുപോലെയല്ല. അമിത പ്രതീക്ഷ നൽകി അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കാതെ നോക്കേണ്ടത് മാതാപിതാക്കളാണ്. മാർക്കിന് അപ്പുറം കുട്ടികൾ ആണ് നിങ്ങൾക്ക് പ്രാധാന്യം എന്ന് അവരെ ഓർമ്മപ്പെടുത്താൻ മറക്കരുത്.

  Published by:Naseeba TC
  First published: