വാഷിങ്ടണ്‍: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന് യുഎസില്‍ അടിയന്തര വിതരണത്തിന് അനുമതിയില്ല. കോവാക്‌സിന്റെ വിതരണപങ്കാളിയായ ഓക്യുജന്നിനോട് വാക്‌സിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചു. വാക്‌സിന്‍ വിതരണത്തിനായി ബയോളജിക്‌സ് ലൈസന്‍സ് ആപ്ലിക്കേഷന്‍(ബിഎല്‍എ) നേടാനുള്ള നടപടികള്‍ ആരംഭിക്കുമുന്ന് ഓക്യുജന്‍ അറിയിച്ചു.
അടിയന്തര വിതരണത്തിനായുള്ള അപേക്ഷയാണ് സമര്‍പ്പിച്ചതെന്നും പൂര്‍ണ ഉപയോഗാനുമതിക്കുള്ള അപേക്ഷ നല്‍കാനാണ് എഫ്ഡിഎ നിര്‍ദേശിച്ചതെന്ന് ഓക്യുജന്‍ അറിയിച്ചു. വാക്‌സിന്റെ കൂടുതല്‍ വിവരങ്ങള്‍ സംബന്ധിച്ച് ഓക്യൂജന്‍ എഫിഡിഎയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവരവം പുതിയ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് സൂചന. അതേസമയം കോവിഡ് വകഭേദമായ ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്നതാണ് കോവാക്‌സിനെന്ന് ഓക്യുജന്‍ വ്യക്തമാക്കി. കാനഡയില്‍ വിതരണാവകാശം നേടിയതായി ഓക്യുജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം രാജ്യത്ത് ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ വാക്സിന്‍ നിര്‍മ്മാതക്കള്‍ക്ക് നിയമപരമായ ബാധ്യതകളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിന്‍ ക്ഷാമം നേരിടുന്നതിനാല്‍ രാജ്യത്ത് കൂടുതല്‍ വാകിസിന്‍ ലഭ്യമാക്കുന്നതിനായാണ് വിദേശ വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കാന്‍ ഇന്ത്യ തയ്യാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
Also Read- കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബുവിനെതിരെ ഗവർണർക്ക് പരാതി
കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഏപ്രിലില്‍ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിന്‍ നിര്‍മ്മാതക്കളെ ഇന്ത്യയിലേക്ക് വാക്സിന്‍ വില്‍ക്കുന്നതിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി കമ്പനികള്‍ ഇതുവരെ കരാറില്‍ എത്തിയിട്ടില്ല.
വാക്സിന്‍ ഉപയോഗത്തെ തുടര്‍ന്നു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നേരിടേണ്ടിവരുന്ന നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കാമെന്ന വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യങ്ങളിലും ഫൈസര്‍ വാക്സിന്‍ വിതരണം നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ഒരു കമ്പനിക്കും നിയമസംരക്ഷണം നല്‍കുമെന്നത് സംബന്ധിച്ച് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടില്ല.
ഫൈസറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിദേശ വാക്സിനുകള്‍ പ്രാദേശികമായി പരീക്ഷണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഓഗസ്റ്റോടെ ഫൈസര്‍ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമായേക്കുമെന്നാണ് സൂചന. വിദേശ വാക്സിനുകള്‍ ഒരു ഡോസിന് 730-880 രൂപയ്ക്കുള്ളില്‍ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയമോ ആരോഗ്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covaxin, Covid 19, Covid vaccine