Covid 19 | മൂന്ന് ജില്ലകളിൽ രോഗവ്യാപനം കൂടുന്നു; മരണങ്ങളിൽ 95% ഗുരുതര രോഗങ്ങൾ ഉള്ളവരെന്ന് പ്രതിവാര റിപ്പോർട്ട്
- Published by:Asha Sulfiker
- news18-malayalam
Last Updated:
കഴിഞ്ഞ വാരത്തില്‍ വയനാട്ടിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 ലേറെപ്പേരും കോവിഡ് പോസിറ്റീവ്.
തിരുവനന്തപുരം: പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളില്‍ കോവിഡ് വ്യാപനനിരക്ക് വർദ്ധിച്ചതായി ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ട്. നേരത്തെ കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട്, പത്തനംതിട്ട ജില്ലകളിൽ നിലവിൽ സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞ വാരത്തില്‍ വയനാട്ടിലാണ്
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 ലേറെപ്പേരും കോവിഡ് പോസിറ്റീവ്. പത്തനംതിട്ടയില്‍ പോസിറ്റിവിറ്റി രണ്ട് ശതമാനത്തിലധികം വർധിച്ച് 11.6 ആയി. പ്രതിദിന രോഗികൾ കൂടുതലായ എറണാകുളത്തും പോസിറ്റിവിറ്റി നിരക്ക് ഉയർന്നതായി
ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായം അടിസ്ഥാനമാക്കിയുള്ള കണക്കും റിപ്പോർട്ടിലുണ്ട്. മരിച്ചതിൽ 95 ശതമാനവും പ്രായമായവരോ, ഗുരുതര രോഗങ്ങൾ ഉള്ളവരോ ആയിരുന്നു. 10 വയസിനു താഴെയുളള ആറ് കുട്ടികളും പതിനൊന്നിനും ഇരുപതിനുമിടയിൽ പ്രായമുള്ള 9 പേരും മരിച്ചു.
advertisement
21 നും നാല്പതിനും ഇടയിലുളള 112 പേരും 40 നും 60നും മധ്യേയുള്ള 779 പേരും കോവിഡിന് കീഴടങ്ങി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 906 പേർ അറുപതിൽ താഴെ പ്രായമുളളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.60-ന് മുകളില്‍ പ്രായമുളള 2,210 പേരും മരിച്ചു.
റിവേഴ്സ് ക്വാറന്‍റീനിലെ വീഴ്ച്ച കൂടി വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. റിവേഴ്സ് ക്വാറന്‍റീൻ ശക്തമാക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. കോവിഡ് പ്രതിമാസ റിപ്പോർട്ടിലും സമാനമായ നിർദ്ദേശമുണ്ടായിരുന്നു.
advertisement
Also Read- Covid Vaccine | വാക്സിൻ വിതരണം അടുത്ത ആഴ്ച മുതൽ; പൂർണ സജ്ജമെന്ന് കേന്ദ്രം
അതേസമയം 17 നു നടക്കുന്ന പൾസ് പോളിയോ തുളളിമരുന്ന് വിതരണത്തില്‍ കോവിഡ് കണ്ടെയിന്‍മെന്റ് സോണിലുളളവരെ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതിന് പിന്നാലെ മേഖലയിൽ മരുന്ന് വിതരണം ചെയ്യും. ക്വാറന്റീനിലുള്ളവരുടെ വീട്ടിലെ കുട്ടികള്‍ക്ക് നിരീക്ഷണ പരിധി അവസാനിച്ച ശേഷമേ മരുന്ന് നല്‍കു. കോവിഡ് ബാധിതർ വീട്ടിലുണ്ടെങ്കില്‍ രോഗമുക്തരായി രണ്ടാഴ്ച കഴിഞ്ഞും കോവിഡ് ബാധിച്ച കുട്ടിക്ക് രോഗമുക്തനായി നാല് ആഴ്ചക്കു ശേഷവുമാണ് മരുന്ന് നൽകുക.
Location :
First Published :
January 06, 2021 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | മൂന്ന് ജില്ലകളിൽ രോഗവ്യാപനം കൂടുന്നു; മരണങ്ങളിൽ 95% ഗുരുതര രോഗങ്ങൾ ഉള്ളവരെന്ന് പ്രതിവാര റിപ്പോർട്ട്