ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഒറ്റദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1247 കോവിഡ് മരണങ്ങളാണ്. ഇതോടെ കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 85000 കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 85,619 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 93,337പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 53,08,015 ആയി ഉയർന്നു. ഇതില്‍ സജീവ കോവിഡ് കേസുകൾ 10,13,964 ആണ്. 42,08,432 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ നിരക്കും കൂടുതലാണ്. രോഗമുക്തി കണക്കിൽ യുഎസിനെ മറികടന്നിരിക്കുകയാണ് ഇന്ത്യ.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ കാരണമായത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ ആറുകോടിയിലധികം ആളുകൾക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ദിനംപ്രതിയുള്ള ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം ആഗോളതലത്തിൽ കോവിഡ് കണക്കുകൾ നാലുകോടിയിലേക്ക് അടുക്കുകയാണ്. വേൾഡോമീറ്റർ കണക്ക് പ്രകാരം 30,697,825 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 22,339,958 പേർ രോഗമുക്തി നേടി. 956,446 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.