കൊളംബോ: രാഷ്ട്രീയ നേതാക്കളുടെ സമരരീതികളിൽ രസകരമായ പല വ്യത്യസ്ത കാഴ്ചകൾ നമ്മളെല്ലാം കണ്ടിട്ടുണ്ട്. ശവപ്പെട്ടിയിൽ കിടന്നുസമരം, ഉരുളൽ സമരം, വെള്ളത്തിൽ കിടന്ന് സമരം അങ്ങനെ കേരളത്തിൽ തന്നെ എത്രയെത്ര രസകരമായ സമര രീതികൾ കണ്ടിട്ടുണ്ട്. എന്നാൽ അയൽരാജ്യമായ ശ്രീലങ്കയിൽ ഒരു മന്ത്രി വാർത്താസമ്മേളനം നടത്തിയത് നിലവിലെ എല്ലാ രീതികളെയും പൊളിച്ചെഴുതികൊണ്ടാണ്.
ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെർണാണ്ടോ ഇന്നലെ വാർത്താസമ്മേളനം നടത്തിയത് തെങ്ങിന്റെ മുകളിലിരുന്നുകൊണ്ടാണ്. പന, റബർ എന്നിവയുടെ ചുമതലയും മന്ത്രിക്കാണ്. ദൻകോട്ടുവയിലെ തന്റെ തെങ്ങിൻതോട്ടത്തിലേക്കാണ് മന്ത്രിമാധ്യമപ്രവർത്തകരെ മന്ത്രി വാർത്താസമ്മേളനത്തിന് ക്ഷണിച്ചത്. മാധ്യമപ്രവർത്തകർ എത്തിയതോടെ തെങ്ങിൽ വലിഞ്ഞുകയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടർന്നായിരുന്നു തെങ്ങിൻ മുകളിലിരുന്നുള്ള വാർത്താസമ്മേളനം.
ലോകത്താകമാനം നാളികേര ഉൽപന്നങ്ങൾക്ക് ആവശ്യകത കൂടിയതോടെ നാളികേരത്തിന്റെ വില ഉയർന്നുവെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളികൾക്ക് തെങ്ങ് ഒന്നിന് 100 രൂപ വെച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തേങ്ങയിടുന്നതിനും കള്ള് ചെത്തുന്നതിനും ആളെ കിട്ടാത്ത സ്ഥിതിയാണെന്നും തേങ്ങയുടെ വില വർധിച്ചതുകൊണ്ട് അവ ഇറക്കുമതി ചെയ്യുന്നത് പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാർത്താസമ്മേളനത്തിനിടെ പുതിയ തെങ്ങുകയറ്റ യന്ത്രവും മന്ത്രി പരീക്ഷിച്ചു. അടുത്ത കുറച്ചുമാസങ്ങൾക്കുള്ളിൽ തെങ്ങുകയറ്റ യന്ത്രം വിപണിയിൽ ഇറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.