'കേരളം മറ്റുള്ളവർക്ക് പാഠമാകണമെന്നാണ് ഉദ്ദേശിച്ചത്'; കേന്ദ്ര മന്ത്രിയുടെ വിമർശനത്തിൽ മന്ത്രി കെ.കെ ശൈലജ
'കേരളം മറ്റുള്ളവർക്ക് പാഠമാകണമെന്നാണ് ഉദ്ദേശിച്ചത്'; കേന്ദ്ര മന്ത്രിയുടെ വിമർശനത്തിൽ മന്ത്രി കെ.കെ ശൈലജ
മറ്റുസംസ്ഥാനങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്നതിനാൽ ആളുകളുടെ കൂട്ടായ്മയും മറ്റും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്ന അർഥത്തിലാണ് മന്ത്രി അങ്ങനെ സൂചിപ്പിച്ചതെന്ന് കെകെ ശൈലജ
തിരുവനന്തപുരം: ഓണാഘോഷത്തിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനന്റെ പരാമർശത്തിൽ പ്രതികരണവുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഏറ്റവും മോശമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം തന്നോട് വ്യക്തമാക്കിയെന്നും ശൈലജ പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി ചില കൂടിച്ചേരലുകൾ ഉണ്ടായി. അതിനുശേഷം കേരളത്തിൽ കേസുകളുടെ എണ്ണം വർധിച്ചു.മറ്റുസംസ്ഥാനങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്നതിനാൽ ആളുകളുടെ കൂട്ടായ്മയും മറ്റും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്ന അർഥത്തിലാണ് അത് സൂചിപ്പിച്ചതെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞതെന്നും കെ.കെ ശൈലജ വ്യക്തമാക്കി. ''കോവിഡ് ബാധ ഉണ്ടായ നാൾ മുതൽ കേരളത്തിലെ പ്രവർത്തനങ്ങൾ ഏറ്റവും ശാസ്ത്രീയമാണെന്നും ശരിയായ രീതിയിൽ കാര്യങ്ങൾ നടത്തുന്നുണ്ടെന്നും പറഞ്ഞ് കേന്ദ്രമന്ത്രി പതിവായി അഭിനന്ദിച്ചിരുന്നു. നല്ല പിന്തുണയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. രാഷ്ട്രീയം നോക്കാതെയാണ് കേരളത്തെ അദ്ദേഹം അഭിനന്ദിച്ചിരുന്നത്. ഏറ്റവും മോശമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു എന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞാൻ ഇക്കാര്യം മന്ത്രിയോട് നേരിട്ട് ചോദിച്ചു. എന്നാൽ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത് ''- മന്ത്രി വ്യക്തമാക്കി.
Also Read ' ഓണം ആഘോഷിച്ചു; കേരളം അതിനു കനത്ത വില നൽകുന്നു' കോവിഡ് വ്യാപനത്തിൽ മന്ത്രി ഹർഷവർധൻ ''കോവിഡ് നിയന്ത്രണത്തിൽ ശ്രദ്ധിക്കേണ്ടത് ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനാണ്. എന്നാൽ ഓണാഘോഷത്തിന്റെ ഭാഗമായി നിർദേശിച്ചതിൽ നിന്നും വ്യത്യസ്തമായി ചില കൂടിച്ചേരലുകൾ ഉണ്ടായി. അതിനുശേഷം കേരളത്തിൽ കേസുകളുടെ എണ്ണം വർധിച്ചു. മറ്റുസംസ്ഥാനങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്നതിനാൽ ആളുകളുടെ കൂട്ടായ്മയും മറ്റും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്ന അർഥത്തിലാണ് അത് സൂചിപ്പിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത് '' - കെ.കെ.ശൈലജ പറഞ്ഞു. കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ട്വീറ്റിലുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.