മുംബൈ: 25 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്സിന് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അതേസമയം 45 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സിനേഷന് നല്കുന്നതിനായുള്ള നിര്‍ദേശം സ്വീകരിച്ചതിന് പ്രധാനമന്ത്രി മോദിയോട് ഉദ്ദവ് താക്കറെ നന്ദി അറിയിച്ചു. കോവിഡ് വാക്സിനേഷന്റെ നടപടികള്‍ വിലയിരുത്തുന്നതിനും കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു.
പൊതുജനാരോഗ്യ വിദഗ്ധര്‍ അടങ്ങുന്ന കേന്ദ്ര സംഘത്തെ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. അതേസമയം കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കോവിഡ് വാക്സിനേഷന് ഡ്രൈവ് അവലോകനം ചെയ്യുന്നതിനുമായി ഏപ്രില്‍ എട്ടിന് എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം നടക്കുക.
അതേസമയം പകര്‍ച്ചവ്യാധി പൊട്ടിപുറപ്പെട്ടതിന് ശേഷം രാജ്യത്ത് ആദ്യമായി കോവിഡ് രോഗികളുടെ ദൈനംദിന കണക്കില്‍ ഒരു ലക്ഷം കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത്. രാജ്യത്ത് കോവിഡ് വാക്സിനേഷന് ഡ്രൈവ് വേഗത്തിലാക്കണമെന്നും എല്ലാവര്ക്കും കോവിഡ് വാക്സിന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പ്രധാനമന്ത്രിക്ക് കത്തയച്ചത്.
പുതിയ വാക്സിന് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവു വരുത്താനും വാക്സിന് സ്വീകരിക്കുന്നതിനുള്ള പ്രായപരിധി നീക്കം ചെയ്യണമെന്നും കത്തില്‍ കെജ്രിവാള് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് കോവിഡ് വാക്സിനേഷന് ലഭിക്കുകയുള്ളൂ.
കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനുള്ള പ്രായപരിധി കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്യുകയും ഡ്രൈവ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലളിതമാക്കുകയും ചെയ്താല്‍ മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാമെന്ന് കെജ്രിവാള് പറഞ്ഞു. രാജ്യത്തുടനീളമുള്ള കോവിഡ് വ്യാപനം സര്‍ക്കാരുകള്‍ക്ക് മുന്നിലെ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള ഓരോ ഘട്ടത്തിലും ഡല്‍ഹി സര്‍ക്കാരിന് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 'കഴിഞ്ഞ ഏതാനും ആഴ്ചകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്നു. ഇത് വലിയ ആശങ്കയും വെല്ലുവിളിയും സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് രോഗ പ്രതിരോധ കുത്തിവയ്പിന്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകണം'' കെജ്രിവാള്.
കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് സംഘടിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് നല്കുന്ന പിന്തുണ തുടരണമെന്നും എന്റെ അഭ്യര്‍ത്ഥനയോട് ശരിയായ രീതിയില്‍ പ്രതിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിയില്‍ കോവിഡ് വാക്സിനേഷന് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ ആസുപത്രികളിലെ മൂന്നിലൊന്ന് വാക്സിനേഷന് കേന്ദ്രങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.