HOME » NEWS » Corona »

Covid 19 | കോവിഡ് വ്യാപനം; രാജസ്ഥാനില്‍ നഗരപ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി

വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും

News18 Malayalam | news18-malayalam
Updated: April 14, 2021, 10:16 PM IST
Covid 19 | കോവിഡ് വ്യാപനം; രാജസ്ഥാനില്‍ നഗരപ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി
(പ്രതീകാത്മക ചിത്രം)
  • Share this:
ജയ്പുര്‍: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജസ്ഥാനിലും നിയന്ത്രണങ്ങളും. നഗരപ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകിട്ട് അഞ്ചു മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്നതല്ല.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണ്ണമായി അടച്ചിടും. വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേര്‍ മാത്രം പങ്കെടുക്കാവു എന്ന് നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ക്കും കായിക പരിപാടികളും നടത്തുന്നതിന് അനുമതി നല്‍കില്ല. നേരത്തെ ചില പ്രദേശങ്ങളില്‍ രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

രാജസ്ഥാനില്‍ കഴിഞ്ഞ മാസം വരെ രണ്ടു ശതമാനം പോസിറ്റിവിറ്റി നിരക്കായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്നാല്‍ ഇപ്പോള്‍ എട്ടു ശതമാനമായി ഉയര്‍ന്നു. അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 1,84,372 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി വ്യാപിച്ച ശേഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Also Read- രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ല; കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്; ഹര്‍ഷവര്‍ധന്‍

രാജ്യത്ത് ഇതുവരെ 1,38,73,825 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,23,36,036 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 13,65,704 സജീവ കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നതാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു ഘടകം. കോവിഡ് നിയന്ത്രണവിധേയമായ ഒരുഘട്ടത്തില്‍ രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഒറ്റദിവസത്തിനിടെ 1027 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്ക് കൂടിയാണിത്. ഇതുവരെ ആകെ 1,72,085 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ ദൗത്യമാണ് രാജ്യത്ത് പുരോഗമിക്കുന്നത്. കണക്കുകള്‍ പ്രകാരം 1.1കോടിയില്‍ അധികം ആളുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Also Read- Covid 19 | കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ മെയ് അവസാനം വരെ നീണ്ടു നില്‍ക്കും; വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയില്‍ സെക്ഷന്‍ 144 ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 14ന് രാത്രി 8 മുതല്‍ മെയ് 1ന് രാവിലെ ഏഴുവരെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മെഡിക്കല്‍ സൗകര്യങ്ങള്‍ സമ്മര്‍ദ്ദത്തിലാണെന്നും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരും ഓക്‌സിജനും ആവശ്യമാണെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ ആരാധാവാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ, സലൂണുകള്‍ എന്നിവ ഏപ്രില്‍ 14 മുതല്‍ മെയ് ഒന്നുവരെ അടച്ചിരിക്കും എന്ന് സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് നിയന്ത്രണം പ്രാബല്യത്തില്‍ വരുമ്പോള്‍ ദരിദ്രരായ വ്യക്തികള്‍ക്കായി ഒരു മാസത്തേക്ക് മൂന്ന് കിലോ ഗോതമ്പും രണ്ടു കിലോ അരിയും സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സിനിമഹാളുകള്‍, തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ജിമ്മുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവ അടച്ചിരിക്കും. അവശ്യ സേവനങ്ങള്‍ ചെയ്യാത്ത എല്ലാ മാളുകളും ഷോപ്പുകളും നാളെ രാത്രി എട്ടു മണി വരെ അടച്ചിരിക്കും.
Published by: Jayesh Krishnan
First published: April 14, 2021, 10:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories