ഇന്ത്യയുടെ കോവിഡ് 19 വാക്സിനേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ ധാരണകൾ പ്രചരിക്കപ്പെടുന്നുണ്ട്. കെട്ടുകഥകളും അർധസത്യങ്ങളും നഗ്നമായ നുണകളും ഉൾപ്പെടുന്നതാണ് ഈ വ്യാജപ്രചരണങ്ങൾ. കോവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള ചില പ്രചാരണങ്ങൾ പരിശോധിക്കുകയും അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയുമാണ് നീതി ആയോഗ് അംഗവും കോവിഡ് വാക്സിനേഷന് നേതൃത്വം നൽകുന്ന ദേശീയ വിദഗ്ധ സംഘത്തിന്റെ മേധാവിയുമായ ഡോ. വിനോദ് പോൾ. പ്രെസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഡോ. വിനോദ് കോവിഡ് വാക്സിനേഷനെക്കുറിച്ച് പ്രചരിക്കുന്ന മിത്തുകളുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്.
വാക്സിനുകളുടെ ഇറക്കുമതിയും ആഭ്യന്തര ഉത്പാദനവുംവിദേശത്തു നിന്ന് വാക്സിൻ വാങ്ങാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല എന്നതാണ് പ്രചരിക്കപ്പെടുന്ന വ്യാജവാർത്തകളിൽ ഒന്ന്. എന്നാൽ, അന്താരാഷ്ട്ര തലത്തിലുള്ള പ്രധാനപ്പെട്ട എല്ലാ വാക്സിൻ നിർമാതാക്കളുമായി 2020-ന്റെ പകുതി മുതൽതന്നെ കേന്ദ്രസർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഡോ. വിനോദ് വ്യക്തമാക്കുന്നു. ഫൈസർ, ജെ ആൻഡ് ജെ, മോഡേണ തുടങ്ങിയ കമ്പനികളുമായി പല തവണ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇന്ത്യയിൽ അവർക്ക് വാക്സിൻ ഉത്പാദനം നടത്താനും വിതരണം ചെയ്യാനും ആവശ്യമായ എല്ലാ സഹകരണവും ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എന്നാൽ ആഗോളതലത്തിൽ തന്നെ വാക്സിൻ വിതരണത്തിൽ പരിമിതികൾ ഉണ്ട് എന്നുള്ളതും ഈ വാക്സിൻ നിർമാണ കമ്പനികൾക്ക് തങ്ങളുടേതായ മുൻഗണനകളും സമ്മർദ്ദവും ഉണ്ട് എന്നതും കണക്കിലെടുക്കണം. സ്വന്തം രാജ്യങ്ങൾക്ക് അവർ പ്രഥമ പരിഗണന നൽകുക എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. വാക്സിൻ ലഭ്യമാണെന്ന സൂചന ഫൈസർ നൽകിയാൽ ഉടൻ തന്നെ കേന്ദ്ര ഗവണ്മെന്റ് എത്രയും പെട്ടെന്ന് അവ ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങൾ നടത്തും. ഇന്ത്യൻ സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകൾ മൂലമാണ് ഇതിനകം റഷ്യ രണ്ട് തവണയായി അവരുടെ വാക്സിൻ അയച്ചിട്ടുള്ളതെന്ന് നമ്മൾ മനസിലാക്കണമെന്നും ഡോ. വിനോദ് പറയുന്നു.
ആഗോളതലത്തിൽ ലഭ്യമായ വാക്സിനുകൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ല എന്നൊരു പ്രചാരണവും ഇപ്പോൾ വ്യാപകമാണ്. എന്നാൽ, അമേരിക്കയുടെ എഫ് ഡി എ, ഇ എം എ, യു കെയുടെ എം എച്ച് ആർ എ, ജപ്പാനിലെ പി എം ഡി എ എന്നീ ഏജൻസികളുടെയും ലോകാരോഗ്യ സംഘടനയുടെയും അനുമതി ലഭിച്ചിട്ടുള്ള വാക്സിനുകൾ ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള നീക്കം കേന്ദ്രസർക്കാർ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്ന് ഡോ. വിനോദ് വ്യക്തമാക്കുന്നു. മറ്റു രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന സുപ്രധാന വാക്സിനുകൾ ആഭ്യന്തര പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ഒഴിവാക്കുന്നതിനായി ഈ വ്യവസ്ഥ ഇപ്പോൾ ഭേദഗതി ചെയ്തിട്ടുമുണ്ട്. വിദേശ വാക്സിൻ നിർമാണ കമ്പനികൾ അനുമതിയ്ക്കായി നൽകിയ അപേക്ഷകളെല്ലാം ഡ്രഗ്സ് കൺട്രോളർ തീർപ്പുകൽപ്പിച്ചിട്ടുണ്ട്.
വാക്സിനുകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ല എന്നൊരു ആക്ഷേപവും വ്യാപകമാണ്. എന്നാൽ, 2020-ന്റെ തുടക്കം മുതൽ തന്നെ കൂടുതൽ കമ്പനികളെ വാക്സിൻ ഉത്പാദിപ്പിക്കാൻ പ്രാപ്തരാക്കുന്നതിന് ഫലപ്രദമായ നടപടികളാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് ഡോ. വിനോദ് പറയുന്നു. ബൗദ്ധിക സ്വത്തവകാശം ഇന്ത്യയിൽ ഭാരത് ബയോടെക്ക് എന്ന കമ്പനിയ്ക്ക് മാത്രമേ ഉള്ളൂ. എന്നാൽ, അവരുടെ പ്ലാന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടൊപ്പം മറ്റു മൂന്ന് പ്ലാന്റുകളിലായി കോവാക്സിൻ ഉത്പാദനം ആരംഭിക്കുമെന്ന് സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട്.
കേന്ദ്രം നിർബന്ധിത ലൈസൻസിങ് ഏർപ്പെടുത്തണം എന്നൊരു ആവശ്യം ഉയരുന്നുണ്ട്. എന്നാൽ, ഒരു ഫോർമുല ഉണ്ടാക്കലല്ല പ്രധാനമെന്നും മറിച്ച് സജീവ പങ്കാളിത്തം, മനുഷ്യവിഭവശേഷിയുടെ പരിശീലനം, അസംസ്കൃത വസ്തുക്കളുടെ ശേഖരണം, ഉന്നത നിലവാരമുള്ള ബയോ സേഫ്റ്റി ലാബുകൾ എന്നിവയാണ് അടിയന്തിരമായി വേണ്ടത് എന്നുമുള്ള കാഴ്ചപ്പാടാണ് കേന്ദ്രത്തിന്റേത് എന്ന് ഡോ. വിനോദ് വ്യക്തമാക്കുന്നു. നിർബന്ധിത ലൈസൻസിങും കടന്ന് നമ്മൾ ഒരു പടി കൂടി മുന്നോട്ടു പോയിരിക്കുകയാണെന്നും കോവാക്സിന്റെ ഉത്പാദനം വ്യാപിപ്പിക്കാൻ ഭാരത് ബയോടെക്കും മറ്റു മൂന്ന് സ്ഥാപനങ്ങളും തമ്മിലുള്ള സജീവ പങ്കാളിത്തം ഉറപ്പു വരുത്താൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറയുന്നു. സ്പുട്നിക് വാക്സിന്റെ കാര്യത്തിലും സമാനമായ രീതിയാണ് പിന്തുടരുന്നത്. തങ്ങളുടെ വാക്സിൻ നിർമിക്കുന്ന മറ്റു കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് മോഡേണ 2020 ഒക്റ്റോബറിൽ പറഞ്ഞിട്ടുപോലും ഇതുവരെ ഒരു കമ്പനിയും അത് ചെയ്തിട്ടില്ല എന്നത് ലൈസൻസിങ് അപ്രധാനമായ ഒരു വിഷയമാണ് എന്നാണ് സൂചിപ്പിക്കുന്നത് എന്നും ഡോ. വിനോദ് അഭിപ്രായപ്പെടുന്നു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നതകേന്ദ്രം അതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേൽ കെട്ടിവെയ്ക്കുകയാണ് എന്നൊരു ആരോപണവും ഈ ഘട്ടത്തിൽ രൂക്ഷമായി ഉയരുന്നുണ്ട്. എന്നാൽ, വാക്സിൻ നിർമാതാക്കൾക്ക് ധനസഹായം നൽകുന്നത് മുതൽ വാക്സിൻ ഉത്‌പാദനം വർധിപ്പിക്കാൻ അനുമതി നൽകലും ഇന്ത്യയിലേക്ക് വിദേശ വാക്സിനുകൾ എത്തിക്കുന്നതും ഉൾപ്പെടെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ കേന്ദ്ര സർക്കാർ നിർവഹിക്കുന്നതായി ഡോ. വിനോദ് അഭിപ്രായപ്പെടുന്നു. കേന്ദ്രം വാങ്ങുന്ന വാക്സിനുകൾ ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കാനായി സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്യുന്നുണ്ട്. തങ്ങളുടേതായ നിലയിൽ വാക്സിൻ വാങ്ങാൻ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുക മാത്രമാണ് കേന്ദ്രം ചെയ്തതെന്ന് ഡോക്റ്റർ അവകാശപ്പെടുന്നു.
സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് വാക്സിൻ കേന്ദ്രം നൽകുന്നില്ലെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് ഡോ. വിനോദ് പറയുന്നു. അംഗീകൃത മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് വാക്സിൻ വളരെ സുതാര്യമായിത്തന്നെ കേന്ദ്രസർക്കാർ ലഭ്യമാക്കുന്നുണ്ട്. സമീപഭാവിയിൽതന്നെ വാക്സിൻ ലഭ്യത വർധിക്കുകയും അതിനനുസരിച്ച് വിതരണം കൂട്ടാൻ കഴിയുകയും ചെയ്യും. എന്നാൽ, വാക്സിൻ വിതരണത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടും ചില നേതാക്കൾ ടി വി ചാനലുകളിൽ വന്ന് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും ഡോ. വിനോദ് പറയുന്നു. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നും എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണെന്നും പ്രെസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ ഡോ. വിനോദ് ഓർമിപ്പിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.