കേന്ദ്ര സഹായത്തിന് കാത്തു നില്‍ക്കില്ല; സംസ്ഥാനം കോവിഡ് വാക്സിന്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മേയ് ഒന്ന് മുതല്‍ 18-45 വയസിന് ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. ഈ ഗണത്തില്‍ 1.65 കോടി പേർ സംസ്ഥാനത്തുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം: കേന്ദ്ര സഹായത്തിന് കാത്തു നിൽക്കാതെ സംസ്ഥാനം സ്വന്തം നിലയിൽ കോവിഡ് വാക്സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ല. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാക്‌സിനേഷനില്‍ അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും. മേയ് ഒന്ന് മുതല്‍ 18-45 വയസിന് ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. ഈ ഗണത്തില്‍ 1.65 കോടി പേർ സംസ്ഥാനത്തുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യങ്ങള്‍ പഠിച്ച് വ്യക്തമായ മാനദണ്ഡമുണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഓരോ ദിവസം സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം വലിയ തോതിലാണ് വര്‍ധിക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ചില ഇടത്ത് ആള്‍ക്കൂട്ടം ഉണ്ടാകുന്നുണ്ട്. വാക്‌നിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്റെ സാഹചര്യമില്ല. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാന്‍ സാധിക്കു. നിലവില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ടവര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്‌സിന്‍ ലഭ്യത അടിസ്ഥാനമാക്കി വാക്‌സിനേഷന്‍ സെക്ഷനുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
advertisement
കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
advertisement
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4321, കോഴിക്കോട് 3253, തൃശൂര്‍ 2760, മലപ്പുറം 2675, കോട്ടയം 2306, തിരുവനന്തപുരം 1916, കണ്ണൂര്‍ 1556, പാലക്കാട് 653, പത്തനംതിട്ട 1203, ആലപ്പുഴ 1147, കൊല്ലം 976, ഇടുക്കി 888, കാസര്‍ഗോഡ് 668, വയനാട് 599 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 14, കണ്ണൂര്‍ 12, തിരുവനന്തപുരം 11, തൃശൂര്‍, വയനാട് 7 വീതം, കൊല്ലം 5, കാസര്‍ഗോഡ് 4, പാലക്കാട്, കോഴിക്കോട് 3 വീതം, എറണാകുളം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 490, കൊല്ലം 416, പത്തനംതിട്ട 182, ആലപ്പുഴ 494, കോട്ടയം 540, ഇടുക്കി 129, എറണാകുളം 541, തൃശൂര്‍ 579, പാലക്കാട് 266, മലപ്പുറം 378, കോഴിക്കോട് 1298, വയനാട് 83, കണ്ണൂര്‍ 390, കാസര്‍ഗോഡ് 584 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,56,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,60,472 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,209 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,39,418 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3161 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 520 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Location :
First Published :
Apr 22, 2021 8:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കേന്ദ്ര സഹായത്തിന് കാത്തു നില്‍ക്കില്ല; സംസ്ഥാനം കോവിഡ് വാക്സിന്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി







