നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| മൃതദേഹം സംസ്കരിക്കാൻ ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശം കേരളത്തിൽ നടപ്പാക്കണം: വെൽഫെയർ പാർട്ടി

  COVID 19| മൃതദേഹം സംസ്കരിക്കാൻ ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശം കേരളത്തിൽ നടപ്പാക്കണം: വെൽഫെയർ പാർട്ടി

  പുരോഗമന സംസ്ഥാനം എന്നു പറയുന്ന കേരളം ഇക്കാര്യത്തിൽ തുടരുന്ന കടുംപിടുത്തം അവസാനിപ്പിക്കുകയും ലോകാരോഗ്യ സംഘടന അനുവദിച്ച മാനദണ്ഡ പ്രകാരം മൃതദേഹങ്ങളുടെ സംസ്കരണം നടത്താനും പ്രിയപ്പെട്ടവർക്ക് അന്തിമോപചാരം അർപ്പിക്കാനുമുള്ള അവസരമൊരുക്കുകയും വേണം

  welfare party

  welfare party

  • Share this:
   തിരുവനന്തപുരം: കോവിഡ് രോഗ ബാധമൂലം മരണമടഞ്ഞ വ്യക്തികളുടെ മൃതദേഹ സംസ്കരണത്തിന് ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശം കേരളത്തിൽ അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി. ഉറ്റവർക്കു പോലും മൃതദേഹം കാണാനുള്ള അവസരങ്ങൾ നിഷേധിക്കുന്ന രീതിയാണ് നിലവിൽ കേരളം സ്വീകരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീക്ക് പറഞ്ഞു.

   സെപ്തംബർ 4 ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാർഗ നിർദ്ദേശമനുസരിച്ച് മൃതദേഹങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കളെ അനുവദിക്കാവുന്നതാണ്. എൻ 95 മാസ്കും കാൽ മറക്കുന്ന ബൂട്ടും ഉൾപ്പെടെയുള്ള പി.പി.ഇ കിറ്റുകൾ ധരിച്ച വ്യക്തികൾക്ക് മൃതദേഹത്തെ കുളിപ്പിക്കാവുന്നതും വസ്ത്രം മാറ്റാവുന്നതുമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നുണ്ട്.

   മൃതദേഹം ബോഡി ബാഗിലാക്കിയ ശേഷം മാസ്ക്കും ഗ്ലൗസും ധരിച്ച വളണ്ടിയർമാർ വഴി ബന്ധുക്കൾക്ക് മുഖം കാണാൻ അവസരം നൽകണമെന്നും മാർഗ രേഖ പറയുന്നു. മൃതദേഹത്തിൽ നിന്ന് കോവിഡ് പകരില്ല എന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയ ഏതാണ്ടെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് ബന്ധുമിത്രാദികൾക്ക് മൃതദേഹം കാണാനുള്ള അനുമതിയുമുണ്ട്.

   എന്നാൽ ബോഡിബാഗിലാക്കിയ മൃതദേഹം മറവ് ചെയ്യുന്നവർ പി.പി.ഇ ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്ക്കർഷിക്കുന്നില്ല. ഗ്ലൗസും മാസ്ക്കും ധരിക്കുകയും ചടങ്ങിന് ശേഷം കൈകൾ ശുദ്ധീകരിക്കുകയും വേണം എന്നു മാത്രമാണ് നിർദ്ദേശം. ദഹിപ്പിക്കുന്നതിനോ മറവ് ചെയ്യുന്നതിനുള്ള കുഴിയുടെ ആഴത്തെപ്പറ്റിയോ പ്രത്യേക നിർദ്ദേശങ്ങളൊന്നും ലോകാരോഗ്യ സംഘടന നൽകുന്നില്ല.

   You may also like:Covid19| തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങി; അഞ്ച് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിൽ കുറവ്

   മതപരമോ അല്ലാതെയോ ഉള്ള ചടങ്ങുകൾ സാമൂഹ്യ അകലം പാലിച്ച് ചെയ്യാനുള്ള അനുമതിയുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ എല്ലാ നിർദ്ദേശങ്ങളിലും ഇന്ത്യാ ഗവർമെന്റിന്റെ 2020 മാർച്ച് 15-ന് നിലവിലുള്ള ഗൈഡ് ലൈൻ പ്രകാരവും കോവിഡ് ഉഛ്വാസ വായുവിലൂടെ മാത്രമേ പകരുകയുള്ളൂ എന്നു വ്യക്തമാക്കിയിട്ടുണ്ട്.

   ലോകാരോഗ്യ സംഘടനയുടെ സെപ്തംബർ 4 ലെ നിർദ്ദേശമനുസരിച്ച് അതാത് സംസ്ഥാനങ്ങൾ മൃതദേഹ സംസ്കരണങ്ങളുടെ പ്രോട്ടോകോളിൽ മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെപ്തംബർ 16 ന് തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജസ്ഥാനടക്കമുള്ള പല സംസ്ഥാനങ്ങളും അതനുസരിച്ച് പ്രോട്ടോകോളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

   പുരോഗമന സംസ്ഥാനം എന്നു പറയുന്ന കേരളം ഇക്കാര്യത്തിൽ തുടരുന്ന കടുംപിടുത്തം അവസാനിപ്പിക്കുകയും ലോകാരോഗ്യ സംഘടന അനുവദിച്ച മാനദണ്ഡ പ്രകാരം മൃതദേഹങ്ങളുടെ സംസ്കരണം നടത്താനും പ്രിയപ്പെട്ടവർക്ക് അന്തിമോപചാരം അർപ്പിക്കാനുമുള്ള അവസരമൊരുക്കുകയും വേണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ.എ. ഷെഫീക്ക് ആവശ്യപ്പെട്ടു.
   Published by:Naseeba TC
   First published:
   )}