Covid 19 | രാജ്യത്ത് കോവിഡ് വ്യാപന നിരക്കിൽ പതിമൂന്നാം ദിവസവും കുറവ്; കേരളത്തിൽ വ്യാപനം ദേശീയ ശരാശരിക്ക് മുകളിൽ

Last Updated:

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിച്ചിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുവരുന്നതായാണ് പ്രതിദിന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 63371 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 895 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻകാല കണക്കുകൾ വച്ചു നോക്കിയാൽ തുടർച്ചയായ പതിമൂന്നാം ദിനമാണ് രോഗികളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. അതുപോലെ തന്നെ മരണസംഖ്യയിലും. 1,12,161 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 73,70,469 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64,53,780 പേർ രോഗമുക്തി നേടി. 8,04,528 സജീവ കേസുകൾ ആണ് നിലവിലുള്ളത്. രോഗമുക്തി നിരക്കിലുണ്ടായ വർധനവാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങള്‍ ഇപ്പോൾ രോഗമുക്തി നിരക്കിലാണ് മുന്നില്‍ നിൽക്കുന്നത്.
Also Read- ആദ്യം കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
കോവിഡ് ഏറ്റവും അപകടകരമായി തന്നെ ബാധിച്ച മഹാരാഷ്ട്രയിൽ 85% ആണ് രോഗമുക്തി നിരക്ക്. അതുപോലെ തന്നെ ഇരുപത്തിയാറോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇരുപത്തിഅയ്യായിരത്തിൽ താഴെ സജീവ കോവിഡ് കേസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതിൽ പതിനാല് സംസ്ഥാനങ്ങളിൽ അയ്യായിരത്തിൽ താഴെ മാത്രമാണ് സജീവ കോവിഡ് കേസുകൾ. അൻപതിനായിരത്തിന് മുകളിൽ സജീവ കേസുകളുള്ള മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. അതിലൊന്ന് കേരളമാണ്.
advertisement
കോവിഡ് പ്രതിരോധത്തിൽ ആദ്യഘട്ടത്തിൽ രാജ്യത്തിന് തന്നെ മാത്യകയായ കേരളത്തിൽ നിലവിൽ സ്ഥിതി മറിച്ചാണ്. പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ആദ്യ സ്ഥാനങ്ങളിലാണിപ്പോൾ കേരളം. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിച്ചിരുന്നു. ഇവിടെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാൾ മുകളിലാണെന്നാണ് കണക്കുകൾ നൽകുന്ന സൂചന.
advertisement
കോവിഡ് ബാധിതരുടെ എണ്ണം ദേശീയതലത്തിൽ 10 ലക്ഷത്തിൽ 6974 ആണെങ്കിൽ കേരളത്തിൽ ഇത് 8911 ആണ്. എന്നാൽ മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണെന്നത് ആശ്വാസം നൽകുന്നുണ്ട്.കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഇതുവരെ 3,15,929 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 2,22,231 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 94,517 പേരാണ് ചികിത്സയിൽ തുടരുന്നത്.
അതുപോലെ തന്നെ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണവും കുറഞ്ഞുവരുന്നതായാണ് കണക്കുകൾ. ഇന്നലെ 50,154 സാംപിളുകളുടെ പരിശോധനാഫലമാണു വന്നത്. ബുധനാഴ്ച 50,056 സാംപിളുകളുടേയും. നേരത്തേ പരിശോധന 70,000 വരെ ഉയർന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരത്തിന് അടുത്തെത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് കോവിഡ് വ്യാപന നിരക്കിൽ പതിമൂന്നാം ദിവസവും കുറവ്; കേരളത്തിൽ വ്യാപനം ദേശീയ ശരാശരിക്ക് മുകളിൽ
Next Article
advertisement
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
  • പിഎം ശ്രീ പദ്ധതിയിൽ കേരളം ഔദ്യോഗികമായി പങ്കാളിയായത് വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകും.

  • കേരളം പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാനത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ആധുനികവൽക്കരണം ലക്ഷ്യമിടുന്നു.

  • വിദ്യാർത്ഥികളുടെ ഭാവി പന്താടാനില്ല, പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാന സർക്കാരിന്റെ വിവേകമാണ്.

View All
advertisement