പതിമൂന്നുകാരിയെ വിവാഹത്തിനായി 'വിറ്റത്' രണ്ടുതവണ; അമ്മ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഒരു പെൺകുട്ടി ഗ്രാമത്തിലെ ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. അതുകൊണ്ടാണ് മകളെ വിവാഹം കഴിപ്പിച്ച് അയക്കാൻ തീരുമാനിച്ചതെന്നാണ് അമ്മ ശിശുക്ഷേമ സമിതിക്ക് നൽകിയ മൊഴി.
പട്ന: വിവാഹത്തിന്‍റെ പേരിൽ പതിമൂന്നുവയസുകാരിയെ പണം വാങ്ങി വിറ്റ് സ്വന്തം അമ്മ. ബിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം. പതിനേഴ് ദിവസത്തിനിടെ രണ്ട് തവണയാണ് 13കാരിയെ വിൽപ്പന നടത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. മനുഷ്യക്കടത്തിന് കുറ്റം ചുമത്തിയാണ് അറസ്റ്റ്. പെൺകുട്ടിയെ വാങ്ങുന്നതിനായി ഒരുലക്ഷത്തിലധികം രൂപ നൽകിയ രണ്ട് പേർ ഉൾപ്പെടെയുള്ളവരും അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഛിപബറോഡ് സ്റ്റേഷൻ പരിധിയിൽ റോഡ് സൈഡിൽ പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയെ പൊലീസ് ഇടപെട്ട് ശിശുക്ഷേമ സമിതിയിലെത്തിച്ചു. ഇവിടെ നിന്നും ലഭിച്ച റിപ്പോർട്ട് പ്രകാരം ആണ് പൊലീസ് വിവിധ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് എട്ടംഗ സംഘത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു എന്നാണ് എഎസ്പി വിജയ് സ്വരങ്കർ പറയുന്നത്.
advertisement
തന്നെ നിർബന്ധപൂർവ്വം ഛിപബറോഡ് സ്വദേശിയായ 27കാരനായ ബന്‍വാരി എന്നയാൾക്ക് വിവാഹം ചെയ്തു നൽകി എന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഒരുലക്ഷം രൂപ കൈപ്പറ്റിയ ശേഷം കഴിഞ്ഞ ഡിസംബർ 17നായിരുന്നു വിവാഹം. എന്നാൽ ഇയാളുമായി താമസിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ അമ്മയും അമ്മാവനും മറ്റ് മൂന്ന് പേരുടെ സഹായത്തോടെ അതേ പ്രദേശത്തെ തന്നെ മുകേഷ് എന്ന പേരുള്ള മറ്റൊരാളുമായി വിവാഹം നടത്തി. ഡിസംബർ 24 നായിരുന്നു ഈ വിവാഹം. ഇതിനായി മുകേഷിൽ നിന്നും 1.21 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും പെൺകുട്ടി ആരോപിക്കുന്നു. എന്നാൽ എങ്ങനെയോ ഇവരുടെ പിടിയിൽ നിന്നും പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.
advertisement
പണം ഇടപാട് സംബന്ധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചു വരുന്നേയുള്ളു എന്നാണ് എസിപി അറിയിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 'ഭർത്താക്കന്‍'മാരായ ബന്‍വാരി, മുകേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ ഗീതാ സിംഗ്, ത്രിലോക് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി ഗ്രാമത്തിലെ ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. അതുകൊണ്ടാണ് മകളെ വിവാഹം കഴിപ്പിച്ച് അയക്കാൻ തീരുമാനിച്ചതെന്നാണ് അമ്മ ശിശുക്ഷേമ സമിതിക്ക് നൽകിയ മൊഴി. അതേസമയം പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
advertisement
ഇരയായ പെൺകുട്ടിയെ നിലവിൽ ബാരനിലുള്ള ഒരു അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Location :
First Published :
January 19, 2021 6:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിമൂന്നുകാരിയെ വിവാഹത്തിനായി 'വിറ്റത്' രണ്ടുതവണ; അമ്മ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ