ഭോപ്പാൽ: ബലാത്സംഗ ഇരയായ പെൺകുട്ടിയെ കെട്ടിയിട്ട് പരസ്യമായി പരേഡ് ചെയ്യിച്ച് ഗ്രാമവാസികളുടെ ക്രൂരത. മധ്യപ്രദേശിലെ അലിരാജ്പപുർ മേഖലയിലെ ആദിവാസി ഭൂരിപക്ഷ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബലാത്സംഗത്തിന് ഇരയായ പതിനാറുകാരിയെയും സംഭവത്തിൽ കുറ്റക്കാരനായ 21കാരനെയും കെട്ടിയിട്ട ശേഷം നാട്ടുകാർ ഗ്രാമത്തിലൂടെ പരേഡ് ചെയ്യിക്കുകയായിരുന്നു. അതിക്രമത്തിന് നേതൃത്വം നൽകിയവരിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉണ്ടെന്നാണ് സൂചന. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രതിയായ 21കാരനും ഉൾപ്പെടും.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയെയും പ്രതിയെയും റോപ്പുകൾ ഉപയോഗിച്ച് കെട്ടിയ ശേഷം ഗ്രാമത്തിലൂടെ നിർബന്ധപൂർവം പരേഡ് ചെയ്യിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇരുവരെയും മർദിക്കുകയും ചെയ്യുന്നുണ്ട്. 'ഭാരത് മാതാ കീ ജയ്'വിളികള്‍ മുഴക്കിക്കൊണ്ടാണ് അതിക്രമം അരങ്ങേറുന്നത്. പെൺകുട്ടിയെ പിന്നീട് പൊലീസുകാരെത്തിയാണ് രക്ഷപ്പെടുത്തിയതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
Also Read-വിമാനത്തിൽ സീറ്റ് ഉറപ്പാകാത്തതിനെ തുടർന്ന് വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
ഇരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് സബ് ഡിവിഷണൽ ഓഫീസർ ദിലീപ് സിംഗ് ബിലാവൽ അറിയിച്ചിരിക്കുന്നത്. ' ബലാത്സംഗ കുറ്റത്തിന് 21 കാരനെ പ്രതി ചേർത്താണ് ഒരു കേസ്, മറ്റൊരു കേസ് പെണ്‍കുട്ടിയെ കെട്ടിയിട്ട് ഗ്രാമത്തിലൂടെ പരേഡ് ചെയ്യിച്ച കുടുംബാംഗങ്ങൾക്കും ഗ്രാമവാസികൾക്കും എതിരെയാണ്' എന്നായിരുന്നു വാക്കുകൾ. വിവാഹിതനായി രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് അറസ്റ്റിലായ ബലാത്സംഗ പ്രതിയെന്ന വിവരവും പൊലീസ് ഉദ്യോഗസ്ഥൻ പങ്കുവച്ചിട്ടുണ്ട്.
ബലാത്സംഗക്കുറ്റത്തിന് പുറമെ പോക്സോ വകുപ്പിലെ വിവിധ കുറ്റങ്ങളും ചുമത്തിയാണ് ഇയാൾക്കെതിരെ കേസ്. പൊതുസ്ഥലത്ത് അധിക്ഷേപം, മർദനം, മനപൂർവമായി അപമാനിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് പെൺകുട്ടിയെ പരേഡ് ചെയ്യിച്ച ആളുകൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മറ്റൊരു ഞെട്ടിക്കുന്ന സംഭവത്തിൽ വേശ്യാവൃത്തി ചെയ്യാൻ തയ്യാറാകാത്ത ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവ് പിടിയിലായി. ഒഡീഷയിലെ ഭുവനേശ്വറിൽ കേന്ദ്രപദ ജില്ലയിൽ ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യകുപ്പി കയറ്റിയായിരുന്നു ഭർത്താവിന്‍റെ ക്രൂരത.
ചന്ദൻ ആചാര്യ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടോഡ്രൈവറായ ഇയാൾ പത്ത് വർഷം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മൂന്നാം വർഷം മുതൽ ഇയാൾ തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നു എന്നാണ് യുവതി പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Madhya Pradesh, Rape, Sexual abuse